തൃശൂര്‍ കോര്‍പ്പറേഷനെടുക്കാൻ ബിജെപിയുടെ മുസ്‌ലിം സ്ഥാനാര്‍ഥിക്ക് കഴിയുമോ ? ശുഭാപ്‌തിവിശ്വാസത്തോടെ മുംതാസ്

തൃശൂര്‍: കോര്‍പറേഷന്‍ ഭരണം പിടിക്കാനായി ബിജെപി ഇത്തവണ തെരഞ്ഞെടുത്തത് എല്ലാവര്‍ക്കും പരിചിതമായ സംരംഭകയെയാണ്. മുസ്‌ലിം സമുദായത്തിൽപ്പെട്ട വനിതാ സംരംഭക മുംതാസിനെയാണ് പാര്‍ട്ടി ഈവാര്‍ഡില്‍ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.തൃശൂർ കോർപറേഷൻ ഭരണത്തെ നിർണയിക്കാൻ തക്ക ശേഷിയുള്ളവരെ മാത്രമെ നിര്‍ത്തൂവെന്നാണ് ബിജെപിയുടെ അഭിപ്രായം. കൂടാതെ തൃശൂരില്‍ പാർട്ടി നിര്‍ത്തുന്ന ഏക മുസ്‌ലീം സ്ഥാനാര്‍ഥി കൂടിയാണ് മുംതാസ്. ഹിന്ദു വോട്ടുകൾ ഭൂരിപക്ഷമുള്ള കോർപ്പറേഷനിലെ 35ാം ഡിവിഷനിലാണ് മുംതാസ് മത്സരിക്കുന്നത്.കോൺഗ്രസിൻ്റെ സിറ്റിങ് വാർഡ് പിടിക്കാന്‍ ബിജെപി നടത്തുന്ന പരീക്ഷണമാണ് തൻ്റെ സ്ഥാനാർഥിത്വം എങ്കിലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് മുംതാസ് പറയുന്നു. "ഒരു മാറ്റം വേണം. വികസനത്തിലിധിഷ്‌ഠിതമായ ഒരു മാറ്റം അനിവാര്യമാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസനങ്ങള്‍ ഇവിടെ നടക്കണം. അത് തങ്ങള്‍ ഉറപ്പ് നല്‍കുന്നു. ബിജെപി നല്‍കുന്ന ഈ ഗ്യാരൻ്റിയെക്കുറിച്ചാണ് ജനങ്ങള്‍ ആലോചിക്കേണ്ടതും അതാണ് ഞങ്ങള്‍ക്ക് മുന്നോട്ട് വയ്ക്കാനുള്ളതും. മാറ്റത്തിനായി വോട്ട് ചെയ്യുക വിജയിപ്പിക്കുക" മുംതാസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
കഴിഞ്ഞ എട്ട് വർഷമായി ബിജെപി പ്രവർത്തകയും അനുഭാവിയുമാണ് മുംതാസും കുടുംബവും. രണ്ട് വർഷമായി ചെന്നൈ കേന്ദ്രീകരിച്ച ന്യൂനപക്ഷമോർച്ചയുടെ ചുമതലയും വഹിച്ചിരുന്നു. പ്രധാനമന്ത്രി മുന്നോട്ടുവച്ച വികസന കാഴ്‌ചകളാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് മുംതാസ് പറയുന്നു. തൃശൂരില്‍ മുംതാസിന് സ്വന്തമായി വളര്‍ത്തു മൃഗങ്ങളുടെ പരിചരണത്തിനായുള്ള ഗ്രൂമിങ് കടയുണ്ട്.കണ്ണന്‍കുളങ്ങരയില്‍ മത്സര പോരാട്ടമാണ് നടക്കുന്നത്. സിന്ദു ചാക്കോലയാണ് കോണ്‍ഗ്രസിൻ്റെ സ്ഥാനാര്‍ഥി. അതേസമയം സീനയാണ് ഇടതുപക്ഷജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി. തൃശൂരില്‍ ആകെ 28 വനിത സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരിക്കുന്നത്. അതില്‍ മൂന്ന് വനിത സ്വതന്ത സ്ഥാനാര്‍ഥികളാണ് ഉള്ളത്.ജനങ്ങളുമായി ഇഴുകി ചേരാന്‍ പറ്റുന്ന ഒരാളായിരിക്കണം സ്ഥാനാര്‍ഥി ആകേണ്ടതെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് മുംതാസ് പറഞ്ഞു. "കഴിഞ്ഞ എട്ട് വര്‍ഷമായി ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി നില്‍ക്കുന്നയാളാണ്. ജനങ്ങളിലേക്ക് ഇഴകി ചേരാന്‍ ഞാന്‍ യോഗ്യയാണെന്ന് പാര്‍ട്ടിക്ക് തോന്നിയത് കൊണ്ടാണ് അവര്‍ എന്നെ തെരഞ്ഞെടുത്തത്. എൻ്റെ സ്ഥാപനമായാലും ഞാനായാലും സാമൂഹികമായി കൂടുതല്‍ ഇടപഴകുന്ന ആളാണ്" മുംതാസ് കൂട്ടിച്ചേര്‍ത്തു.
ഹിന്ദു വോട്ടര്‍മാര്‍ ഭൂരിപക്ഷമുള്ള കോര്‍പറേഷനിലാണ് താന്‍ മത്സരിക്കുന്നതെന്ന് മുംതാസ് പറഞ്ഞു. കൂടാതെ മുസ്‌ലിം ക്രിസ്‌ത്യന്‍ വോട്ടര്‍മാരും ഇവിടെയുണ്ട്. തൃശൂര്‍ ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന വാര്‍ഡുകളിലൊന്നായിട്ട് പോലും ഇപ്പോഴും ഇവിടെ വികസനങ്ങള്‍ സാധ്യമായിട്ടില്ല. കൂടാതെ കുടിവെള്ളത്തിനായുള്ള പദ്ധതികള്‍ വിജയകരമാകാത്തതിനാല്‍ ഞാന്‍ നില്‍ക്കുന്ന വാര്‍ഡ് അടക്കം കുടിവെള്ളക്ഷാമം നേരിടുന്നുണ്ടെന്ന് മുംതാസ് ചൂണ്ടിക്കാട്ടി.
സ്വന്തമായി ഒരു അംഗനവാടിയോ ഹെല്‍ത്ത് സെൻ്ററോ ഇതുവരെ ഇവിടെ സജ്ജമായിട്ടില്ല. കോര്‍പ്പറേഷന് അടുത്ത് കിടക്കുന്ന സ്ഥലമായത് കൊണ്ട് തന്നെ ഇവിടെ ഇനിയും ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. കൂടാതെ ഇവിടെ പല പദ്ധതികളും പാതി വഴിയില്‍ നിന്ന് പോയിരിക്കുന്നു. മാലിന്യ നിര്‍മാര്‍ജനം ഇവിടെ ശരിയായ രീതിയില്‍ നടക്കുന്നില്ല.മഴ പെയ്യുമ്പോള്‍ റോഡില്‍ കൂടുതല്‍ വെള്ളം കെട്ടിക്കിടന്ന് ജന ജീവിതം ദുസഹമാകുന്നതും പതിവ് കാഴ്‌ചയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി തുടങ്ങി വച്ച പല പദ്ധതികളും ഇപ്പോഴും പാതിവഴിയിലാണ്. അതിനെല്ലാം ബിജെപി അധികാരത്തിലേറുന്നതോടെ പരിഹാരം സാധ്യമാകുമെന്നും മുംതാസ് പറഞ്ഞു.