തദ്ദേശ തെരഞ്ഞെടുപ്പ് : മുനമ്പം സമരസമിതി കൺവീനർ പിന്‍മാറി

എറണാകുളം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുനമ്പം സമരസമിതിയുടെ പിന്തുണ ഉറപ്പിക്കാൻ കോൺഗ്രസ് നടത്തിയ നീക്കത്തിന് തിരിച്ചടി. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചിരുന്ന സമരസമിതി കൺവീനർ ജോസഫ് ബെന്നി മത്സരത്തിൽ നിന്ന് പിന്‍മാറി. സമരസമിതിയിൽ നിന്ന് തന്നെയുണ്ടായ അഭിപ്രായങ്ങളെ തുടർന്നാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജോസഫ് ബെന്നിയെ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് മുനമ്പം ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ ഡിസിസി നേരത്തെ തീരുമാനിച്ചിരുന്നു. മുമ്പ് സിപിഎം പ്രവർത്തകനായിരുന്ന ജോസഫ് ബെന്നി, മുനമ്പത്തെ ഭൂമി പ്രശ്‌നത്തിൽ സർക്കാർ തുടർനടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് സ്ഥാനാർഥിയാകാൻ സന്നദ്ധത അറിയിച്ചിരുന്നത്.ഇന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിച്ച കേസിൽ മുനമ്പം നിവാസികൾക്ക് കരമടക്കുന്നതിന് അനുകൂലമായ നിലപാടാണ് അഡ്വക്കേറ്റ് ജനറൽ (എജി) കോടതിയിൽ സ്വീകരിച്ചത്. ഈ അനുകൂല സാഹചര്യം കണക്കിലെടുത്ത്, തെരഞ്ഞെടുപ്പ് വേളയിൽ സർക്കാരിനെതിരായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് സമരസമിതിയുടെ നിലവിലെ തീരുമാനം.എന്നാൽ, മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്ന സുപ്രധാനമായ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും, സർക്കാർ തുടർനടപടികൾ സ്വീകരിക്കാൻ വൈകുന്നത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. "സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങും. കിടപ്പാടമാണ് എൻ്റെ പ്രധാന പ്രശ്നം," ജോസഫ് ബെന്നി പറഞ്ഞു.