വായ്‌പ എടുത്ത പണം തിരിച്ചു നൽകാത്തതിൻ്റെ പേരിൽ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി.

ന്യൂഡൽഹി: വായ്‌പ എടുത്ത പണം തിരിച്ചു നൽകാത്തതിൻ്റെ പേരിൽ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി. ഡൽഹിയിലെ ഷഹദാര മിസ്റ്റർ കിങ് ലോഞ്ച് ആൻ്റ് കഫേയ്ക്ക് സമീപം വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. 24 കാരനായ ഫൈസാനാണ് മരിച്ചത്. ആക്രമണം നടത്തിയത് അച്‌ഛനും മകനുമാണെന്ന് സംശയം.വായ്‌പയെടുത്ത് പണം തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ഫൈസാനും കടം നൽകിയവരും തമ്മിലുണ്ടായ തകർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വെടിവെയ്പ്പുണ്ടായെന്ന വിവരത്തെ തുടർന്ന് സംഭവ സ്ഥലത്തെത്തുകയും ഉടൻ തന്നെ ഫൈസാനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ ഫൈസാന് മരണം സംഭവിക്കുകയായിരുന്നു എന്നും പൊലിസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു."സംഭവ സ്ഥലത്തു നിന്നും ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചുവരികയാണ്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്," അന്വേഷണ സംഘം കൂട്ടിച്ചേർത്തു.
"ഫൈസാന് മൂന്ന് തവണ വെടിയേറ്റിട്ടുണ്ട്. എന്നാൽ രണ്ട് തവണ മാത്രമാണ് വെടിയേറ്റതെന്നാണ് പൊലീസ് ഭാഷ്യം. ഒരു തവണ തലയ്ക്കും രണ്ട് തവണ നെഞ്ചിലും വെടിയേറ്റിട്ടുണ്ട്. കൈകളിൽ മുറിവുകൾ ഉണ്ടായിരുന്നു," ഫൈസാൻറെ സഹോദരൻ പറയുന്നു. ഫൈസാൻ വളരെ പാവമായിരുന്നു. വായ്‌പ തിരിച്ചടയ്ക്കാനാവാതെ വന്നപ്പോൾ പണം നൽകിയവർ വീട്ടിൽ എത്തി ബഹളമുണ്ടാക്കിയിരുന്നു. അന്ന് തന്നെ പരാതിപ്പെട്ടു എങ്കിലും പൊലീസ് യാതൊരു വിധ നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും സഹോദരൻ ആരോപിച്ചു. തങ്ങൾക്ക് നീതി വേണമെന്നും കൊലപാതകികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തണമെന്നും ഫൈസാൻ്റെ സഹോദരൻ ആവശ്യപ്പെട്ടു.