ഘാട്‌കോപ്പറിൽ പണം തട്ടിയെടുക്കാനായി യുവാവിനെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മുംബൈ: യുവാവിനെ തട്ടിക്കൊണ്ടുപോയികൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ പോലീസ് തിരയുന്നു..സാക്കിനാക്കയിലെ തെരുവ് കച്ചവടക്കാരനായ എഹ്‌സാൻ അലി (47) യെ ഒക്ടോബർ 7 മുതൽ കാണാനില്ലാ എന്ന് സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഘാട്കോപ്പർ ചേഡാനഗറിലെ ഒരു കുറ്റിക്കാട്ടിൽ യുവാവിൻ്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ വിവരങ്ങളും പരിശോധിച്ച് പോലീസ് എഹ്സാനെ തിരയുന്നതിനിടയിലാണ് സാകി നാകയിലെ ഖൈറാനി നിവാസികളായ നിസാർ അൻസാരി (25), വാജിദ് അലി ഹുസൈൻ (45), ഹഖീഖത്ത് അലി അൻസാരി (28) എന്നിവരുമായി അയാൾ അവസാനമായി ബന്ധപ്പെട്ടിരുന്നുവെന്ന് മനസ്സിലാക്കുന്നത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദ്ദേഹം കണ്ടെത്തിയത് .എഹ്‌സാൻ അലിയെ ഭക്ഷണം കഴിക്കാൻ എന്ന് പറഞ്ഞു സുഹൃത്തുക്കൾ കൂട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം പോക്കറ്റിലുണ്ടായിരുന്ന മുപ്പതിനായിരം രൂപയുമായി പ്രതികൾ കടന്നുകളയുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
"എന്റെ സഹോദരൻ ഈ വർഷം തന്റെ മകളുടെ വിവാഹം നടത്താൻ പദ്ധതിയിട്ടിരുന്നതിനാൽ രണ്ട് വർഷമായി ഗ്രാമത്തിലേക്ക് പോയിരുന്നില്ല. അതിനായി അവൻ കഠിനാധ്വാനം ചെയ്യുകയും പണം സമ്പാദിക്കുകയും ചെയ്തു. അവനെ കൊന്നവരെല്ലാം അവനോടൊപ്പം ഒരേ മുറിയിലാണ് താമസിച്ചിരുന്നത്, അവന്റെ കൈവശം ഏകദേശം 1.5 ലക്ഷം രൂപയുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു, അതിനാൽ അത് മോഷ്ടിക്കാൻ വേണ്ടി അവർ അവനെ കൊന്നു ." കൊല്ലപ്പെട്ട എഹ്‌സാൻ അലിയുടെ സഹോദരൻ പറഞ്ഞു.
" പ്രതികൾ മൃതദേഹം കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞു, മഴ കാരണം പ്രദേശം ചെളി നിറഞ്ഞിരുന്നു. വഴിയാത്രക്കാർക്ക് ദുർഗന്ധം വമിച്ചിരുന്നെങ്കിലും, അത് ഏതെങ്കിലും മൃഗത്തിന്റെ ശരീരമായിരിക്കുമെന്ന് കരുതി ആരും അവിടെ എത്തിയില്ല. കണ്ടെത്തിയപ്പോൾ മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലായിരുന്നു," പോലീസ് ഓഫീസർ പറഞ്ഞു.പ്രതികളെ ഉടൻ പിടികൂടുമെന്നു പോലീസ് അറിയിച്ചു.