ചിറ്റൂർ കൊലക്കേസ് ; പത്തുവർഷത്തിനുശേഷം പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി

ചിറ്റൂർ കൊലക്കേസ് ;  പത്തുവർഷത്തിനുശേഷം   പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി

അമരാവതി: ചിറ്റൂർ മേയർ ദമ്പതികളുടെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. ചിറ്റൂർ മേയർ കട്ടാരി അനുരാധയെയും ഭര്‍ത്താവ് മോഹനനെയും കൊലപ്പെടുത്തിയ കേസിലാണ് അഞ്ച് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. കേസിൽ അഞ്ച് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി എൻ. ശ്രീനിവാസ റാവു പറഞ്ഞു. പിന്നാലെയാണ് വധശിക്ഷയ്‌ക്ക് ഉത്തരവ് വന്നത്.2015 നവംബർ 17ന് മുനിസിപ്പൽ കോർപ്പറേഷൻ ഓഫിസിൽ വച്ചാണ് സംഭവം നടന്നത്. ആദ്യം കേസിൽ 23 പേരെ പ്രതികളാക്കി. എന്നാല്‍ കേസിൽ തനിക്ക് പങ്കില്ലെന്ന് കാസാരം രമേശ് ഹർജി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തിന് പിന്നാലെ ഇയാളുടെ പേര് ഒഴിവാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചു.കേസ് അന്വേഷിക്കുന്നതിനിടെ എസ്. ശ്രീനിവാസ്‌ചാരി  മരിച്ചു. ഇതോടെ കേസില്‍ 21 പ്രതികളായി.  ചിന്തു എന്ന ശ്രീറാം ചന്ദ്രശേഖർ, മറ്റ് പ്രതികളായ ഗോവിന്ദ സ്വാമി ശ്രീനിവാസയ്യ വെങ്കിടാചലപതി , ജയറെഡി എന്ന ജയപ്രകാശ് റെഡി, മഞ്ജുനാഥ് എന്ന മഞ്ജു , മുനിരത്നം വെങ്കിടേഷ് എന്നിവരെ കുറ്റക്കാരായി കണ്ടെത്തി. കൊല്ലപ്പെട്ട  ടിഡിപി ജില്ലാ വൈസ് പ്രസിഡൻ്റായ കട്ടാരി മോഹനൻ്റെ അനന്തരവനാണ് ചിന്തു. ഇവര്‍ക്കിടയില്‍ വ്യക്തിപരവും സാമ്പത്തികപരവും രാഷ്‌ട്രീയപരവുമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിൽ മേയറായ അനുരാധയെയുംമോഹനനെയും ഇല്ലാതാക്കാൻ ചിന്തു തീരുമാനിച്ചു. 2015 നവംബർ 17ന് ചിന്തുവും മറ്റ് നാലുപേരും ബുർഖ ധരിച്ച് തോക്കുകളും കത്തികളുമായി ചിറ്റൂർ മുനിസിപ്പൽ കോർപ്പറേഷൻ ഓഫിസിലെത്തി.കട്ടാരി അനുരാധയ്ക്ക് നേരെ ചിന്തുവും സംഘവും വെടിയുതിർത്തു. അടുത്ത മുറിയിലായിരുന്ന കട്ടാരി മോഹനനെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഗുരുതരാവസ്ഥയിലായിരുന്ന മോഹനൻ വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആ ദിവസം തന്നെ  മരിച്ചു. പ്രതികള്‍ക്ക് ആയുധങ്ങൾ, താമസ സൗകര്യം, സാമ്പത്തിക സഹായം എന്നിവ നൽകിയതിന് ബാക്കിയുള്ള 16 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അവർ നിരപരാധികളായി കോടതി ഉത്തരവിട്ടു. പത്ത് വർഷമായി  നടന്നുവരുന്ന  ഈ കേസിൽ 130 സാക്ഷികളെ വിസ്‌തരിച്ചു. പ്രതികളായ ജയപ്രകാശ് റെഡിയും മഞ്ജുനാഥും നിലവില്‍ ജയിലിലാണ്. വധശിക്ഷ അന്തിമമായതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പ്രതികളെ കടപ്പ ജയിലിലേക്ക് അയയ്ക്കും.