ചെമ്പൈ പുരസ്‌കാരത്തിൽ രാഷ്ട്രീയ ഇടപെടലെന്ന് സംഗീതജ്ഞൻ: ദേവസ്വത്തിനെതിരെ വിമർശനം

ചെമ്പൈ പുരസ്‌കാരത്തിൽ രാഷ്ട്രീയ ഇടപെടലെന്ന് സംഗീതജ്ഞൻ: ദേവസ്വത്തിനെതിരെ വിമർശനം

തൃശൂർ: ചെമ്പൈ പുരസ്‌കാരത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായതായി സംഗീതജ്ഞൻ. ചെമ്പൈ സംഗീതോത്സവത്തോട് അനുബന്ധിച്ചുണ്ടായ വിവാദങ്ങളിൽ ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ വിമർശനവുമായി ഡോ. ചേർത്തല കെ എൻ രംഗനാഥ ശർമ്മയാണ് മാധ്യമങ്ങളെ കണ്ടത്.

ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിൽ നിന്നും അപ്രതീക്ഷിതമായാണ് കർണാടക സംഗീതജ്ഞൻ രംഗനാഥ ശർമ്മയെ ഒഴിവാക്കിയിത്. കഴിഞ്ഞ ദിവസം ദേവസ്വം ബോർഡാണ് ഒഴിവാക്കാൻ മുൻകൈയെടുത്തത്. ഇതിനെതിരെ പ്രതിഷേധിച്ചും സംഗീതഞ്ജന് പിന്തുണ അറിയിച്ചും കേരള ബ്രാഹ്മണ സഭ മുന്നോട്ടു വന്നു.ബ്രാഹ്മണ സഭ സംഘടിപ്പിച്ച പരിപാടിയിലാണ് രംഗനാഥൻ ദേവസ്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്. ചൈമ്പൈ പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള സമിതി അംഗമായിരുന്നതിൻ്റെ പേരിൽ സംഗീതോത്സവത്തിൽ നിന്ന് അവസരം നിഷേദിച്ചു. എന്നാൽ പുരസ്‌കാര നിർണയത്തിലുണ്ടായ രാഷ്ട്രീയ ഇടപെടലുകളെ താൻ എതിർത്തതാണ് ഇതിനുള്ള യഥാർത്ഥ കാരണമെന്ന് രംഗനാഥൻ പറഞ്ഞു." ചെമ്പൈ പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള ജൂറിക്ക് മേൽ രാഷ്ട്രീയ ഇടപെടലുണ്ടായി. ഈ ഇടപെടൽ ചൂണ്ടിക്കാട്ടുകയും ഇതിനെ എതിർത്തതിൻ്റെയും പേരിൽ സംഗീതോത്സവത്തിൽ നിന്നും ഒഴിവാക്കി. തുടർന്ന് ബോർഡ് തന്നെ നീക്കം ചെയ്‌തു " എന്ന് രംഗനാഥ ശർമ്മ മാധ്യമങ്ങളോട് തുറന്നടിച്ചു.

സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും താത്പര്യമുള്ള ആൾക്ക് പുരസ്‌കാരം നൽകാൻ ആദ്യം നിർദേശമുണ്ടായിരുന്നു. നിലവില അവാർഡ് ജേതാവിനെ അപേക്ഷിച്ച് ചെറുപ്പക്കാരനായ ഒരാളെയാണ് ബോർഡ് നിർദേശിച്ചത്. ഇത് എതിർത്തതോടെ തനിക്ക് വിലക്കു കൽപ്പിക്കുക ആയിരുന്നുവെന്നും രംഗനാഥൻ വിമർശിച്ചു.ഗുരുവായൂരിൽ നടക്കേണ്ട സംഗീത പരിപാടി ഉപേക്ഷിച്ചതോടെയാണ് പിന്തുണയറിച്ച് കേരള ബ്രാഹ്മണസഭ തൃശൂരിൽ രംഗനാഥനായി പ്രത്യേക വേദി ഒരുക്കിയത്. ചടങ്ങിൽ പ്രശസ്‌ത വയലിനിസ്റ്റ് നെടുമങ്ങാട് ശിവാനന്ദൻ സംഘടനയുടെ പ്രഥമ സംഗീത ശ്രേഷ്‌ഠ പുരസ്‌കാരം രംഗനാഥന് സമ്മാനിച്ചു.

" ബ്രാഹ്മണസഭ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതിലും കച്ചേരി നടത്താൻ കഴിഞ്ഞതിലും വളരെ സന്തോഷം. പുരസ്‌കാരം ലഭിച്ചതിലും അതിയായ സന്തോഷമുണ്ട്. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു", എന്ന് രംഗനാഥന് മാധ്യമങ്ങളോട് പറഞ്ഞു.പരിപാടിയോട് അനുബന്ധിച്ച് നടന്ന കച്ചേരിയിൽ ബ്രാഹ്മണസഭ പ്രവർത്തകരും പൊതുജനങ്ങളുമടക്കം നിരവധിപ്പേർ പങ്കെടുത്തു. ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡൻ്റ് എച്ച് ഗണേഷ് പൊതുസമ്മേളനത്തിൻ്റെ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ എ അനന്തപത്മനാഭവൻ പരിപാടി ഉദ്ഘാടനം ചെയ്‌തു. ബ്രഹ്മണസഭ നേതാക്കളായ എൻ. ആർ പരമേശ്വരൻ, ടി.ആർ ഹരിഹരൻ, ഡി മൂർത്തി തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.