കേന്ദ്ര ബജറ്റ് : കേരളത്തിനോട് കാണിച്ച അവഗണയിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എം വി ഗോവിന്ദന്‍

കേന്ദ്ര ബജറ്റ് : കേരളത്തിനോട് കാണിച്ച അവഗണയിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എം വി ഗോവിന്ദന്‍

കാസര്‍ഗോട്: കേരളത്തെ നിരാശപ്പെടുത്തിയ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം ഉയര്‍ത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിന് അനുകൂലമായി ഒന്നും ബജറ്റിലില്ല. എയിംസ് ഉള്‍പ്പെടെ 29 ഇന കാര്യങ്ങളാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ബജറ്റ് കേരളത്തെ പൂര്‍ണമായും നിരാശപ്പെടുത്തി. സാമ്പത്തിക ഉപരോധത്തിലൂടെ സംസ്ഥാനത്തെ തകര്‍ക്കുന്ന നിലപാട് കേന്ദ്രം തുടരുകയാണെന്നും എം വി ഗോവിന്ദന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.ഏഴിടങ്ങളില്‍ അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചെങ്കിലും കേരളത്തെ ഒഴിവാക്കി. കേരളത്തെ ഉള്‍പ്പെടുത്തി അപൂര്‍വ ധാതു ഇടനാഴി പ്രഖ്യാപിച്ചത് സ്വകാര്യമേഖലയ്ക്ക് വേണ്ടിയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. ആയുര്‍വേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി മൂന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഎ) പ്രഖ്യാപിച്ചപ്പോഴും ആയുര്‍വേദത്തിൻ്റെ പ്രധാനകേന്ദ്രമായ കേരളത്തിന് ഒന്നുപോലും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"കേരളത്തിന് പ്രത്യേകമായി ഒന്നും ഇല്ലാത്തതിനാല്‍ ഇതിനായി പ്രത്യേക പഠനമൊന്നും ആവിഷ്‌കരിക്കേണ്ടതില്ല. മാധ്യമങ്ങള്‍ എല്ലാം വമ്പന്‍ പ്രതീക്ഷയിലായിരുന്നുവെന്ന് അറിയാം. എന്നാല്‍ മുന്‍കാല അനുഭവത്തിൻ്റെ വെളിച്ചത്തില്‍ പ്രതീക്ഷിക്കാതെ ഇരിക്കാം. നരേന്ദ്ര മോദി സര്‍ക്കാരിൻ്റെ വ്യക്തമായ നിലപാടാണ് ഇതില്‍ കാണാന്‍ കഴിയുന്നത്. ഇടതുപക്ഷ ജനാധിപത്യ ഭരിക്കുന്ന സംസ്ഥാനത്തോടുള്ള പൂര്‍ണമായ അവഗണന തുടരുന്നു. ഇത് വ്യക്തമായി ബജറ്റിലും കാണാം" അദ്ദേഹം പറഞ്ഞു.