ദേശീയ വിദ്യാഭ്യാസനയം അംഗീകരിക്കും; മുദ്രാവാക്യങ്ങളെല്ലാം നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദന്‍

ദേശീയ വിദ്യാഭ്യാസനയം അംഗീകരിക്കും; മുദ്രാവാക്യങ്ങളെല്ലാം നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടിയില്‍ ഇടഞ്ഞു നില്‍ക്കുന്ന സി പി ഐ യെ അനുനയിപ്പിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അതേസമയം, ഫണ്ട് ലഭിക്കാന്‍ വേണ്ടിയുള്ള തന്ത്രപരമായ നീക്കമാണിതെന്നും ദേശീയ വിദ്യാഭ്യാസ നയത്തെ (എന്‍ഇപി) താന്‍ അംഗീകരിക്കുന്നതായും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പാര്‍ട്ടി സെക്രട്ടറിക്ക് തൊട്ടു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പണവും കിട്ടണം നിലപാട് നടപ്പിലാക്കുകയും വേണമെന്ന അന്തരാള ഘട്ടത്തെ എങ്ങനെ നേരിടുമെന്ന കാര്യം സി പി ഐ ഉള്‍പ്പെടെയുള്ള മുന്നണിയിലെ മറ്റു പാര്‍ട്ടികളുമായി കൂടിയാലോചന നടത്തിയ തീരുമാനിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞപ്പോള്‍ ഫെഡറല്‍ തത്വങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളത് കൂടിയാണ് ഈ തീരുമാനമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം.എന്‍ ഇ പി യില്‍ (ദേശീയ വിദ്യാഭ്യാസ നയം) പറയുന്നതില്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങളെ നടപ്പിലാക്കു. പി എം എന്ന പേര് കണ്ടാലുടന്‍ ഉപേക്ഷ വിചാരിക്കേണ്ട കാര്യമില്ല. എന്‍ ഇ പി യെ എതിര്‍ത്തിട്ടുണ്ട്. പക്ഷെ ലോകാവസാനം വരെ ഇതു തുടരാനാകില്ല. എന്‍ ഇ പി യുടെ പേര് പറഞ്ഞു ഫണ്ട് വേണ്ടെന്ന് വെയ്ക്കാന്‍ സര്‍ക്കാര്‍ തയാറല്ലായെന്നും മന്ത്രി പറഞ്ഞു.പി എം ശ്രീയുടെ ഭാഗമായി കേന്ദ്രം നടപ്പിലാക്കാനൊരുങ്ങുന്ന നയങ്ങള്‍ക്കെതിരെ സിപിഐയെ പോലെ സിപിഎമ്മിനും എതിര്‍പ്പുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടു പോകേണ്ടതുണ്ട്. മുദ്രാവാക്യങ്ങളെല്ലാം നടപ്പാക്കാന്‍ പാര്‍ട്ടിക്കാകില്ല. എല്‍ഡിഎഫിന്‍റെ നയങ്ങളെല്ലാം പ്രാവര്‍ത്തികമാക്കാന്‍ സാര്‍ക്കാരാനാകില്ലെന്നും ഗോവിന്ദന്‍.പി എം ശ്രീയില്‍ മാത്രമല്ല സാമ്പത്തികമായി സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നിലപാടുകള്‍ക്കെതിരെയല്ലാം മുന്നണിയില്‍ സി പി ഐ യെ കൂടി മുഖവിലയ്‌ക്കെടുത്തു കൊണ്ടുള്ള ചര്‍ച്ചകളാണ് നടത്തുന്നത്. ശക്തമായി മുന്നണിയാണ് എല്‍ ഡി എഫ്. സി പി എം കഴിഞ്ഞാല്‍ മുന്നണിയിലെ പ്രധാന പാര്‍ട്ടി സി പി ഐ ആണ്. കടുംപിടുത്തത്തില്‍ നില്‍ക്കേണ്ട കാര്യമില്ല. കേന്ദ്രം ഉയര്‍ത്തുന്ന ഭീഷണികളെ ചെറുക്കാന്‍ കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.