"തൻ്റെ റെക്കോർഡ് നേട്ടങ്ങൾക്കും വേഗത്തിനും പിന്നിലെ യഥാർഥ പ്രചോദനം അമ്മ" : ബെൻ ജോൺസൺ

 "തൻ്റെ റെക്കോർഡ് നേട്ടങ്ങൾക്കും വേഗത്തിനും പിന്നിലെ യഥാർഥ പ്രചോദനം അമ്മ" :  ബെൻ ജോൺസൺ

കോഴിക്കോട് : സ്നേഹമുണ്ടങ്കിൽ എന്തും എളുപ്പമാകുമെന്നും തൻ്റെ റെക്കോർഡ് നേട്ടങ്ങൾക്കും വേഗത്തിനും പിന്നിലെ യഥാർഥ പ്രചോദനം അമ്മ ഗ്ലോറിയ ആയിരുന്നുവെന്നും വെളിപ്പെടുത്തി ഒളിംപിക്‌സ് മെഡൽ ജേതാവും കനേഡിയൻ അതിവേഗ ഓട്ടക്കാരനുമായ ബെൻ ജോൺസൺ.കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1988ലെ എൻഹാൻസിങ് ഡ്രഗ് വിവാദത്തിന് ശേഷം ലോകം മുഴുവൻ തന്നെ ഒറ്റപ്പെടുത്തിയപ്പോഴും അമ്മ തനിക്കൊപ്പം ഉറച്ചുനിന്നു. ഉത്തേജക മരുന്നുകൾക്ക് യുവ കായിക താരത്തിൻ്റെ കരിയർ മാത്രമല്ല, ജീവിതം മുഴുവൻ നശിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. "സ്പ്രിൻ്റർമാർ ജനിക്കുകയാണ് സൃഷ്‌ടിക്കപ്പെടുകയല്ല" എന്ന് ജോൺസൺ പറഞ്ഞു. ദൃഢനിശ്ചയം, ഉത്സാഹം, അഭിനിവേശം എന്നിവയില്ലാതെ ഒരു കായികതാരം ഒരിക്കലും വിജയിക്കില്ലെന്നും ജോൺസൺ പറഞ്ഞു.കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം ഒരു കായികതാരത്തെയും ഒരു മികച്ച കായികതാരമാക്കുന്നില്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. ''ഉത്തേജക മരുന്നുകള്‍ കരുത്ത് വീണ്ടെടുക്കലിന് തൽക്കാലം സഹായിച്ചേക്കാം, അതുവഴി നിങ്ങൾക്ക് മെച്ചപ്പെടാനും കഴിഞ്ഞേക്കാം എന്നാൽ ശാശ്വതമല്ല" - താരം പറഞ്ഞു.1980 കളിൽ അമേരിക്കൻ സ്പ്രിൻ്റ് ഇതിഹാസം കാൾ ലൂയിസുമായുള്ള തീവ്രമായ മത്സരത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു, ഞങ്ങൾ തമ്മിലുള്ള മത്സരം പതിറ്റാണ്ടുകളോളം നിലനിന്നിരുന്നുവെന്നും താരം പറഞ്ഞു. "80കളുടെ തുടക്കത്തിൽ ലൂയിസ് ശരിക്കും മികച്ചവനായിരുന്നു, 1984 വരെ അദ്ദേഹം അത് നിലനിർത്തി.

അദ്ദേഹം വേഗതയുള്ളവനായിരുന്നു. പക്ഷേ വേണ്ടത്ര വേഗതയുള്ളവനുമായിരുന്നില്ല. 1985ൽ എല്ലാം മാറി, എല്ലാ മത്സരങ്ങളിലും ഞാൻ അദ്ദേഹത്തെ തോൽപ്പിച്ചു. അദ്ദേഹം ഒരു നല്ല സ്പ്രിൻ്ററും, വേഗതയേറിയ ഓട്ടക്കാരനും, മികച്ച ഫിനിഷറുമാണ്. പക്ഷേ എൻ്റെ രഹസ്യം മികച്ച തുടക്കവും കുത്തനെയുള്ള ആക്‌സിലറേഷനുമായിരുന്നു," - ജോൺസൺ പറഞ്ഞു.കൗമാരപ്രായത്തിൽ ജമൈക്കയിൽ നിന്ന് കാനഡയിലേക്കുള്ള തൻ്റെ യാത്രയെക്കുറിച്ച് വിവരിച്ച അദ്ദേഹം, 1988ലെ ഒളിമ്പിക് സ്വർണം ഉൾപ്പെടെയുള്ള നേട്ടങ്ങൾ തൻ്റെ അമ്മയ്ക്ക് സ്നേഹമായി തിരികെ നൽകാനുള്ള ആഗ്രഹമായിരുന്നുവെന്ന് ജോൺസൺ പറഞ്ഞു. ഒരു ദിവസം എനിക്ക് എൻ്റെ ലക്ഷ്യം നേടാൻ കഴിയുമെന്ന് വിശ്വസിക്കാനുള്ള പ്രചോദനവും അഭിനിവേശവും വിനയവും അമ്മ എനിക്ക് നൽകി. 20 വയസുള്ളപ്പോൾ കുടുംബത്തെ പോറ്റാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. വർഷങ്ങളുടെ പരിശീലനത്തിനും ത്യാഗത്തിനും ശേഷമുള്ള പരാജയമായിരുന്നു തൻ്റെ ഏറ്റവും വലിയ ഭയമെന്ന് കൂട്ടിച്ചേർത്തു.

1988 ലെ സിയോൾ ഒളിമ്പിക്‌സിൽ 100 ​​മീറ്റർ വിഭാഗത്തിൽ 9.79 സെക്കൻഡിൽ ഓടി ലോകത്തെ അത്ഭുതപ്പെടുത്തിയ കനേഡിയൻ സ്പ്രിൻ്റ് ഇതിഹാസമാണ് ബെൻ ജോൺസൺ. അനാബോളിക് സ്റ്റിറോയിഡുകൾ ഉപയോഗിച്ചെന്ന കേസിൽ മൂന്ന് ദിവസത്തിന് ശേഷം സ്വർണ മെഡൽ  അദ്ദേഹത്തിന് തിരികെ കൊടുക്കേണ്ടതായും വന്നു എന്നതും ചരിത്രം