"സോണിയ ഗാന്ധിയുമായുള്ള പോറ്റിയുടെ കൂടിക്കാഴ്ചയിൽ ദുരൂഹത" : എംവി ഗോവിന്ദൻ

"സോണിയ ഗാന്ധിയുമായുള്ള പോറ്റിയുടെ കൂടിക്കാഴ്ചയിൽ ദുരൂഹത" : എംവി ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കവേ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. കേസിലെ പ്രതികൾക്ക് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ അവസരമൊരുക്കിയത് യുഡിഎഫ് നേതാക്കളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചപ്പോൾ തനിക്കെതിരായ നീക്കത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്ന് കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് തിരിച്ചടിച്ചു. ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഈ കേസ് അട്ടിമറിക്കപ്പെടുമായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചു.

സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും ദുരൂഹതയും :

അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും ബെല്ലാരിയിലെ സ്വർണ വ്യാപാരിയും പലതവണ സോണിയ ഗാന്ധിയെ സന്ദർശിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇവർ സോണിയ ഗാന്ധിക്ക് പെട്ടി ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കൈമാറുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്.ഈ ചിത്രങ്ങളിൽ ഇപ്പോഴത്തെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും ആൻ്റോ ആൻ്റണി എംപിയെയും കാണാം. സാധാരണക്കാർക്കോ മുതിർന്ന നേതാക്കൾക്കോ പോലും എളുപ്പത്തിൽ കാണാൻ സാധിക്കാത്ത വ്യക്തിത്വമാണ് സോണിയ ഗാന്ധി. മുൻപ് കെ കരുണാകരന് പോലും യഥേഷ്ടം കാണാൻ സാധിച്ചിരുന്നില്ല.

സ്വർണക്കൊള്ളയിലെ പ്രതികൾക്കും സ്വർണ വ്യാപാരിക്കും സോണിയ ഗാന്ധിയെ കാണാൻ ആരാണ് അപ്പോയിൻ്റ്മെൻ്റ് വാങ്ങി നൽകിയത് എന്നത് ഗൗരവകരമായ ചോദ്യമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു . ഇത് എംപി ആണോ അതോ മറ്റ് പാർട്ടി നേതാക്കന്മാരാണോ എന്ന് വ്യക്തമാക്കണം. കള്ളക്കടത്തിൻ്റെയും സ്വർണക്കൊള്ളയുടെയും വക്താക്കളുമായി എന്ത് അടിസ്ഥാനത്തിലാണ് ഇവർ ബന്ധം പുലർത്തിയതെന്ന് യുഡിഎഫ് മറുപടി പറയേണ്ടതുണ്ട്.അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് കണ്ടപ്പോൾ യുഡിഎഫ് നേതാക്കൾ എസ്‌ഐടിയിൽ അവിശ്വാസം രേഖപ്പെടുത്തുകയാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇന്നലെ വരെ എസ്‌ഐടിയെ അംഗീകരിച്ചിരുന്ന വിഡി സതീശനും കെസി വേണുഗോപാലും അടക്കമുള്ളവർ അന്വേഷണം അടൂർ പ്രകാശ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളിലേക്ക് നീങ്ങുന്നു എന്ന് കണ്ടപ്പോൾ നിലപാട് മാറ്റുകയാണ്. ഇത് തികച്ചും അവസരവാദപരമായ സമീപനമാണ്. അന്വേഷണത്തെ തടസപ്പെടുത്താനും പ്രതിരോധിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.ആര് പ്രതിയായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് സിപിഎമ്മിൻ്റെ എക്കാലത്തെയും നിലപാട്. പ്രതികൾ ആര് എന്ന് നോക്കിയല്ല അന്വേഷണത്തെ പിന്തുണയ്ക്കുന്നത്. സ്വർണം പൂർണമായും തിരിച്ചു കിട്ടുകയും കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും വേണം. ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഎം സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സിപിഐയെ വിമർശിച്ചത് അവരുടെ ആഭ്യന്തര കാര്യമാണെന്നും മുന്നണിയിലെ പാർട്ടികൾ തമ്മിലുള്ള ഐക്യത്തിനാണ് സിപിഎം പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം മറുപടി നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഭരണപരമായ കാര്യമാണെന്നും സർക്കാർ അതിന് മറുപടി നൽകുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം ഇപ്പോൾ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ഹൈക്കോടതിയുടെ നിർദേശപ്രകാരം ജുഡീഷ്യറിയുടെ ഭാഗമായിട്ടാണ് രൂപീകരിച്ചതെന്നും അല്ലാതെ സർക്കാർ ഏകപക്ഷീയമായി തീരുമാനിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിജിലൻസ് അന്വേഷണം നടന്നുകൊണ്ടിരുന്ന ആദ്യഘട്ടത്തിൽ തന്നെ ഹൈക്കോടതിയുടെ നിർദേശപ്രകാരം എസ്‌ഐടി അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോടതിയുടെ മുൻകൈയോടെയാണ് അന്വേഷണം നടന്നത്. തെരഞ്ഞെടുപ്പ് കാലത്ത് അയ്യപ്പൻ്റെ പണം തട്ടുന്നവർ എന്ന രീതിയിൽ സിപിഎമ്മിനെതിരെ യുഡിഎഫും ബിജെപിയും വലിയ പ്രചാരണം നടത്തിയിരുന്നു. എന്നാൽ അന്ന് പറഞ്ഞ അതേ നിലപാടിൽ സിപിഎം ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.