കുടക് വനത്തില്‍ കുടുങ്ങി രക്ഷപ്പെട്ട നാദാപുരം സ്വദേശി ശരണ്യ വീട്ടിലെത്തി

കുടക് വനത്തില്‍ കുടുങ്ങി രക്ഷപ്പെട്ട നാദാപുരം സ്വദേശി ശരണ്യ വീട്ടിലെത്തി

കോഴിക്കോട്: കുടക് വനത്തില്‍ കുടുങ്ങി രക്ഷപ്പെട്ട നാദാപുരം സ്വദേശി ശരണ്യ വീട്ടിലെത്തി.പുലര്‍ച്ചെ ഒരു മണിയോടെയാണ് നാദാപുരത്തെ വീട്ടിലെത്തിയത്. നാല് ദിവസം കാട്ടരുവിയില്‍ വെള്ളം മാത്രം കുടിച്ച് മരണമുഖത്ത് നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ ശരണ്യ ട്രക്കിങ് തുടരുമെന്ന്  മാധ്യമങ്ങളോട് പറഞ്ഞു.

മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ലെന്ന് മാതാപിതാക്കളും പ്രതികരിച്ചു.ശരണ്യയെ കുടക് വനമേഖലയില്‍ കണ്ടെത്തിയത് ഇന്നലെ വൈകിട്ടോടെയായിരുന്നു. വെള്ളം നന്നായി കുടിച്ചതാണ് ശരീരം ഫിറ്റായി നിര്‍ത്തിയതെന്ന് ശരണ്യ പറഞ്ഞു. ആരോടും ഒന്നും പറയാതെയുള്ള ഈ പോക്ക് നിര്‍ത്തണമെന്നാണ് അപേക്ഷയാണ് ശരണ്യയുടെ അച്ഛന്. ഏത് കൊടുങ്കാറ്റിനേയും നേരിടാനുള്ള കരുത്തോടെയാണ് വളര്‍ത്തിയതെന്നാണ് അമ്മയുടെ വാക്കുകള്‍. കര്‍ണാടക വനംവകുപ്പിന്റെ രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ശരണ്യയെ മാതാപിതാക്കളെ ഏല്‍പ്പിക്കാനായി മടിക്കേരിയില്‍ നിന്ന് നാദാപുരത്തെ വീട്ടിലെത്തിയിരുന്നു.

വ്യാഴാഴ്ചയാണ് ശരണ്യ കുടകിലെ തടിയന്റമോള്‍ കൊടുമുടി കയറാന്‍ പോയത്. ട്രക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കു ശേഷംതന്നെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റി എന്ന് ശരണ്യ താമസിച്ച ഹോംസ്റ്റേയിലേക്ക് വിവരം കൈമാറിയിരുന്നു. പിന്നാലെയാണ് തിരച്ചില്‍ ആരംഭിച്ചത്. നാല്‍പ്പത് പേരടങ്ങുന്ന സംഘം നാലായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്.

ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കും.കുറച്ച് വാംഅപ്പും ചെയ്യും

നാലുദിവസം കുടക് വനത്തില്‍ കഴിഞ്ഞ അനുഭവം പങ്കുവെച്ച് നാദാപുരം സ്വദേശി ശരണ്യ. ആവശ്യത്തിന് വെള്ളം കുടിച്ചും വാം അപ്പ് ചെയ്തുമാണ് വനത്തിനുള്ളില്‍ വെച്ച് ആരോഗ്യം നിലനിര്‍ത്തിയതെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. വെറുതെ ഇരിക്കുമ്പോള്‍ കൂവി നോക്കിയപ്പോള്‍ തിരിച്ചു കൂവിയതാണ് രക്ഷാസംഘത്തെ കണ്ടുമുട്ടാന്‍ സഹായകമായതെന്നും അവര്‍ പറഞ്ഞു.'വനത്തില്‍ വെച്ച് വെള്ളം നന്നായി കുടിക്കുന്നുണ്ടായിരുന്നു.അവിടെ അടുത്ത് ഒരു അരുവി ഉണ്ടായിരുന്നു. അവിടെ നിന്ന് വെള്ളം ശേഖരിക്കാന്‍ പറ്റുന്നുണ്ടായിരുന്നു. ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കും.കുറച്ച് വാംഅപ്പും ചെയ്യും. ആനയുള്ള ഏരിയയാണ് എന്ന് അറിയാമായിരുന്നു. എന്നാല്‍ വലിയ കുഴപ്പമുള്ള ഏരിയയല്ല എന്നാണ് കേട്ടിരുന്നത്. എന്നാല്‍ ആനയെ ഒന്നും കണ്ടില്ല. ഗൈഡ് ഇല്ലാതെയാണ് പതിവായി ട്രക്ക് ചെയ്യുക. മിക്കവാറും എത്തിയ ശേഷമാണ് വീട്ടില്‍ പറയുക.അല്ലെങ്കില്‍ ഏതെങ്കിലും പീക്കില്‍ എത്തിയ ശേഷം വീട്ടുകാരെ വിഡിയോ കോള്‍ ചെയ്യും. വീട്ടില്‍ ട്രക്കിങ് അത്ര താത്പര്യമില്ല. കാട് ഒക്കെയായത് കൊണ്ട് ആണ് അവര്‍ക്ക് താത്പര്യമില്ലാത്തത്. അതുകൊണ്ട് യാത്ര പോയി വന്നിട്ട് പറയും.അല്ലെങ്കില്‍ പോയി അവിടെ എത്തിയ ശേഷമാണ് പറയാറ്. മല കയറുമ്പോള്‍ സ്ലോപ്പില്‍ വീഴാതിരിക്കാന്‍ മരത്തില്‍ ചവിട്ടി നില്‍ക്കുകയായിരുന്നു. വെറുതെ ഇരിക്കുമ്പോള്‍ കൂവി നോക്കി. അപ്പോള്‍ തിരിച്ച് ഒരാള്‍ കൂവി. ഒന്നെങ്കില്‍ ട്രക്കിങ്ങിന് വന്നവരായിരിക്കുമെന്ന് വിചാരിച്ചു. പിന്നെ കുറച്ചുനേര്‍ കാത്തുനിന്നു. പിന്നെയും കൂവി നോക്കി. പിന്നീട് അവരുടെ ശബ്ദം കേട്ട്.അപ്പോള്‍ ലോക്കല്‍ ആയിട്ടുള്ള ആരോ ആണ് എന്ന് മനസിലായി. അവിടെ തന്നെ നിന്നു'- ശരണ്യ പറഞ്ഞു.