ക്രിസ്തുവിന് പകരം നഗ്നവനിത: ശിഷ്യന്മാരായി കന്യാസ്ത്രീകൾ, ബിനാലെയിൽ വൻ വിവാദം

എറണാകുളം: കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തിൽ ക്രിസ്തുവിൻ്റെ അന്ത്യത്താഴത്തെ വികൃതമായി ചിത്രീകരിച്ചെന്ന ആരോപണം പ്രശസ്ത ചിത്രകാരൻ ടോം വട്ടക്കുഴി നിഷേധിച്ചു. ബിനാലെയുടെ ഭാഗമായ 'ഇടം' എക്‌സിബിഷനിലെ ഈ ചിത്രം ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് കത്തോലിക്കാ സഭയും വിവിധ സംഘടനകളും രംഗത്തെത്തിയതിന് പിന്നാലെയാണ് ചിത്രകാരൻ്റെ പ്രതികരണം.'മൃദുവാംഗിയുടെ അപമൃത്യു' എന്ന നാടകത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രമെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന ഒന്നും ഇതിലില്ലെന്നും ടോം വട്ടക്കുഴി വ്യക്തമാക്കി. ഓരോ വ്യക്തിയും തങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് കലയെ സമീപിക്കുന്നത്. തന്നെ സംബന്ധിച്ചിടത്തോളം നീണ്ട താടിയും മുടിയുമുള്ള ഒരു രൂപം മാത്രമല്ല യേശുക്രിസ്തു. വേദനയും കഷ്ടപ്പാടും അനുഭവിക്കുന്ന ഓരോ വ്യക്തിയിലും താൻ ക്രിസ്തുവിനെ കാണുന്നുവെന്നും ആ സ്നേഹവും കരുണയും തൻ്റെ ചിത്രങ്ങളിലും കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതികളും പ്രതിഷേധങ്ങളും
ചിത്രം പ്രദർശിപ്പിച്ചതിനെതിരെ എറണാകുളം സ്വദേശി തോമസ്, ലത്തീൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കൊച്ചി രൂപത സമിതി പ്രസിഡൻ്റ് ഡാൾഫിൻ എന്നിവർ ജില്ലാ കലക്ടർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. ഡാൾഫിൻ മുഖ്യമന്ത്രിക്കും പരാതി കൈമാറിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് ഏറെ പ്രാധാന്യമുള്ള അന്ത്യത്താഴത്തെ വികൃതമായാണ് ചിത്രകാരൻ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. അന്ത്യത്താഴത്തിലെ ക്രിസ്തുവിൻ്റെ സ്ഥാനത്ത് നഗ്നയായ സ്ത്രീയെയും ശിഷ്യന്മാരുടെ സ്ഥാനത്ത് കന്യാസ്ത്രീ വേഷം അണിഞ്ഞവരെയുമാണ് ചിത്രീകരിച്ചതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
2016ൽ 'ഭാഷാപോഷിണി' മാസികയിൽ പ്രസിദ്ധീകരിച്ച് വിവാദമായ ചിത്രമാണ് ബിനാലെയിൽ പ്രദർശിപ്പിച്ചത്. അന്ന് വലിയ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് പത്രാധിപർ മാപ്പ് പറഞ്ഞ് ചിത്രം പിൻവലിച്ചിരുന്നു. ഇതേ ചിത്രം വീണ്ടും പ്രദർശിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയും അജണ്ടയും ഉണ്ടെന്ന് അസോസിയേഷൻ ആരോപിക്കുന്നു. വിവാദത്തിലൂടെ നെഗറ്റീവ് പബ്ലിസിറ്റിയാണ് ബിനാലെ നടത്തിപ്പുകാർ ആഗ്രഹിക്കുന്നതെന്ന് സംശയിക്കുന്നതായും ഇവർ പറഞ്ഞു.
ചിത്രം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബിനാലെ വേദിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തെത്തുടർന്ന് ചിത്രം പ്രദർശിപ്പിച്ചിരുന്ന കൺവെൻഷൻ സെൻ്റർ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ ബിനാലെ അധികൃതർ തീരുമാനിച്ചതായാണ് വിവരം. ചിത്രം സംബന്ധിച്ച് ബിനാലെ ഭാരവാഹികളുമായി നിരന്തരം സംസാരിച്ചിട്ടും പിൻവലിക്കാൻ തയാറായില്ലെന്നും ലത്തീൻ കാത്തലിക് അസോസിയേഷൻ കുറ്റപ്പെടുത്തി.
സഭയുടെ നിലപാട്
കോടിക്കണക്കിന് വിശ്വാസികൾ ആത്മീയ പ്രചോദനമായി കാണുന്ന അന്ത്യത്താഴത്തെ പരിഹസിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നത് മതവിശ്വാസങ്ങളോടുള്ള അനാദരവാണെന്ന് സിറോ മലബാർ സഭ പ്രതികരിച്ചു. ജനാധിപത്യ സമൂഹത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം അനിവാര്യമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിലും മതവിശ്വാസങ്ങളെ അവഹേളിക്കുന്നതും വിശുദ്ധ പ്രതീകങ്ങളെ വികൃതമാക്കുന്നതും വിശ്വാസികളെ വേദനിപ്പിക്കുന്നതും ന്യായീകരിക്കാനാവില്ലെന്ന് സഭ വ്യക്തമാക്കി.
ഈ സംഭവം ക്രിസ്ത്യൻ സമൂഹത്തിന് ഉണ്ടാക്കിയ വലിയ വേദന അധികൃതർ ഗൗരവമായി കാണണമെന്നും സിറോ മലബാർ സഭ ആവശ്യപ്പെട്ടു. കലയുടെ പേരിൽ എന്തും പ്രദർശിപ്പിക്കാനുള്ള ഒരിടമായി ബിനാലെയെ കാണരുതെന്നും സമൂഹങ്ങളുടെ വിശ്വാസത്തെ മാനിക്കാതെയാകരുത് പ്രദർശനങ്ങളെന്നും കെഎൽസിഎയും കൊച്ചി രൂപത സമിതിയും മുന്നറിയിപ്പ് നൽകി. ഡിസംബർ 12ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ബിനാലെ ഉദ്ഘാടനം ചെയ്തത്.