ടി20:സഞ്ജുവിൻ്റെ വെടിക്കെട്ട് പ്രകടനം , ഇഷാൻ്റെ സിക്സർ ; നമീബിയക്ക് 210 റൺസ് വിജയലക്ഷ്യം

ന്യൂഡൽഹി: ഇന്ന് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെന്ന മികച്ച സ്കോറാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പടുത്തുയർത്തിയത്.
ഇഷാൻ കിഷൻ്റെ തകർപ്പൻ ബാറ്റിങ് പ്രകടനവും അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും നടത്തിയ വെടിക്കെട്ടുമാണ് ഇന്ത്യയെ 200 കടത്തിയത്. എന്നാൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ നമീബിയൻ ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസിൻ്റെ നേതൃത്വത്തിലുള്ള ബൗളിങ് നിര അവസാന ഘട്ടത്തിൽ ഇന്ത്യയെ സമ്മർദത്തിലാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആദ്യ ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റൺസ് നേടി. രണ്ടാം ഓവറിൽ സഞ്ജു സാംസൺ കൂറ്റൻ അടികളുമായി തിളങ്ങി. എന്നാൽ എട്ട് പന്തിൽ 22 റൺസെടുത്ത സഞ്ജുവിനെ ബെൻ ഷികോങ്കോ പുറത്താക്കി. നാല് ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒന്നിന് 43 എന്ന നിലയിലായിരുന്നു. ഇഷാൻ കിഷൻ നേടിയ ബൗണ്ടറികൾ സ്കോറിന് വേഗം കൂട്ടി.പവർപ്ലേയുടെ അവസാന ഓവറിൽ ജെജെ സ്മിത്തിനെതിരെ ഇഷാൻ കിഷൻ തുടർച്ചയായി നാല് സിക്സറുകളും ഒരു ഫോറും അടിച്ചു. വെറും 20 പന്തിൽ താരം അർധസെഞ്ചുറി പൂർത്തിയാക്കി. ആറ് ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ ഒന്നിന് 86 എന്ന ശക്തമായ നിലയിലെത്തി. ടി20യിൽ പവർപ്ലേയിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോറാണിത്. 24 പന്തിൽ ആറ് ഫോറും അഞ്ച് സിക്സുമടക്കം 61 റൺസെടുത്ത ഇഷാൻ കിഷനെ ക്യാപ്റ്റൻ ഇറാസ്മസ് പുറത്താക്കി. 10 ഓവറിൽ ഇന്ത്യ രണ്ടിന് 120 എന്ന നിലയിലെത്തി. 11-ാം ഓവറിലെ ആദ്യ പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ സ്പിന്നർ ബെർണാഡ് ഷോൾട്ട്സ് പുറത്താക്കി. 12 റൺസാണ് സൂര്യകുമാർ നേടിയത്. തൊട്ടുപിന്നാലെ 12-ാം ഓവറിൽ 25 റൺസെടുത്ത തിലക് വർമയെ ഇറാസ്മസ് മടക്കി അയച്ചു.
ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും ചേർന്ന് ബെർണാഡ് ഷോൾട്ട്സിൻ്റെ ഓവറിൽ 24 റൺസ് അടിച്ചുകൂട്ടിയതോടെ ഇന്ത്യ 168ലേക്ക് കുതിച്ചു. 18 ഓവർ പൂർത്തിയാകുമ്പോൾ പാണ്ഡ്യയും ദുബെയും ക്രീസിൽ നിൽക്കെ ഇന്ത്യ നാലിന് 199 എന്ന നിലയിലായിരുന്നു. 19-ാം ഓവറിലെ ആദ്യ പന്തിൽ പാണ്ഡ്യ 27 പന്തിൽ അർധസെഞ്ചുറി തികച്ചു. ഇതോടെ ഇന്ത്യ 200 റൺസ് കടന്നു. എന്നാൽ അടുത്ത പന്തിൽ ബൗണ്ടറി ലൈനിൽ ഡിലൻ ലെയ്‌ച്ചറുടെ മികച്ചൊരു ക്യാച്ചിലൂടെ പാണ്ഡ്യ പുറത്തായി.28 പന്തിൽ എട്ട് ഫോർ അടക്കം 52 റൺസാണ് പാണ്ഡ്യ നേടിയത്. റിങ്കു സിങ്ങുമായുള്ള ധാരണാപിശകിൽ ശിവം ദുബെ റണ്ണൗട്ടായി. 23 റൺസാണ് ദുബെ നേടിയത്. അക്സർ പട്ടേലിനെ ഗോൾഡൻ ഡക്കായി പുറത്താക്കി ഇറാസ്മസ് തൻ്റെ നാലാം വിക്കറ്റ് നേടി. ഇതോടെ ഇന്ത്യ ഏഴിന് 206ലേക്ക് തകർന്നു. അവസാന ഓവറിൽ റിങ്കു സിങ് (1), അർഷ്ദീപ് സിങ് (2) എന്നിവരും പുറത്തായതോടെ ഇന്ത്യയുടെ ഇന്നിങ്സ് ഒമ്പതിന് 209ൽ അവസാനിച്ചു. ബൗളിങ് പ്രകടനത്തിൽ നമീബിയക്കായി ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് 20 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. ബെൻ ഷികോങ്കോ 41 റൺസ് വഴങ്ങി ഒരു വിക്കറ്റും ബെർണാഡ് ഷോൾട്ട്സ് 41 റൺസ് വഴങ്ങി ഒരു വിക്കറ്റും ജെജെ സ്മിത്ത് 50 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.സഞ്ജുവിൻ്റെ വെടിക്കെട്ട് ടി20 ലോകകപ്പിലെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ പുറത്തെടുത്തത്. നമീബിയക്കെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു എട്ട് പന്തിൽ നിന്ന് 22 റൺസെടുത്താണ് മടങ്ങിയത്. മൂന്ന് സിക്സറുകളും ഒരു ഫോറുമടങ്ങിയ സഞ്ജുവിൻ്റെ ഇന്നിങ്സ് ആരാധകരെ ആവേശത്തിലാഴ്ത്തി. വയറിന് അസുഖം ബാധിച്ച അഭിഷേക് ശർമയ്ക്ക് പകരമായാണ് സഞ്ജു ടീമിലിടം പിടിച്ചത്. 2024ൽ ലോകകപ്പ് കിരീടം നേടിയ ടീമിൽ അംഗമായിരുന്നെങ്കിലും അന്ന് സഞ്ജുവിന് ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
വലിയൊരു സ്കോറിലേക്ക് എത്താനായില്ലെങ്കിലും ചുരുങ്ങിയ പന്തുകളിൽ സഞ്ജു നടത്തിയ ആക്രമണ ബാറ്റിങ് ടീമിന് മികച്ച തുടക്കം നൽകി. ന്യൂസീലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇഷാൻ കിഷനായിരുന്നു അവസരം ലഭിച്ചത്. എന്നാൽ ഇന്ന് ലഭിച്ച നിർണായക അവസരം കൃത്യമായി വിനിയോഗിക്കാൻ സഞ്ജുവിന് സാധിച്ചു. സഞ്ജുവിനൊപ്പം ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ മുഹമ്മദ് സിറാജ് പുറത്തിരുന്നു. ഫെബ്രുവരി 15ന് കൊളംബോയിൽ പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന നിർണായക മത്സരത്തിന് മുന്നോടിയായി ടീമിന് ആത്മവിശ്വാസം നൽകുന്നതാണ് ഇന്ത്യയുടെ ബാറ്റിങ് പ്രകടനം.