"നരേന്ദ്ര മോദിക്കും പിണറായി വിജയനും ധാർഷ്ട്യം, രണ്ടുപേരും അധികാരം കൊണ്ട് മത്തുപിടിച്ചവർ ": രാഹുല്‍ ഗാന്ധി
ആലപ്പുഴ: കേരള മുഖ്യമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കടന്നാക്രമിച്ച് ആലപ്പുഴയില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. എല്‍ഡിഎഫിനെ ഇപ്പോള്‍ ഇടതുപക്ഷം എന്ന് വിളിക്കാനാകില്ലെന്നും ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളതെന്നും ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.ആർഎസ്എസുമായും ബിജെപിയുമായും കൂട്ടുകൂടാൻ മടിയില്ലാത്ത നേതാക്കളാണ് ഇടതുമുന്നണിയില്‍ ഉള്ളത്. ഹൃദയത്തിൽ പ്രത്യയശാസ്ത്രം കുടിയേറ്റിയ നേതാക്കളുമുണ്ട്. അത്തരം നേതാക്കൾ പാർട്ടിയിൽ ചതിക്കപ്പെട്ടുവെന്നും എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയുന്ന മോദിക്ക് കേരളത്തിലെത്തുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയെപ്പറ്റി പറയുന്നതില്‍ മൗനമാണെന്നും രാഹുല്‍ ഗാന്ധി ആലപ്പുഴയിൽ പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമായ ശബരിമലയിലാണ് കവര്‍ച്ച നടന്നത്. സ്വർണം കവർന്നു പകരം ചെമ്പ് സ്ഥാപിച്ചു. പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ ഇതെല്ലാം മറന്നു പോയി. കേരളത്തിൽ വന്നിട്ട് ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. കേരളത്തിലെ മുഖ്യമന്ത്രിയെയും എൽഡിഎഫിനെയും സഹായിക്കാനാണ് ഇതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നരേന്ദ്രമോദി എല്ലാദിവസവും തന്നെയും കോൺഗ്രസിനെയും അക്രമിക്കുന്നു. 38 കേസുകൾ തൻ്റെ പേരിൽ ഉണ്ട്. തൻ്റെ ലോക്സഭാംഗത്വം കളഞ്ഞു , ഔദ്യോഗിക വസതി ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയനെയോ കുടുംബത്തേയോ മോദി എന്തെങ്കിലും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ.? എന്തുകൊണ്ട് നിങ്ങളുടെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നില്ല.? എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്രമിക്കുന്നില്ല എന്നും രാഹുല്‍ ചോദിച്ചു.
നരേന്ദ്രമോദിയും പിണറായി വിജയനും അധികാരം കൊണ്ട് മത്തുപിടിച്ചവരാണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. പാര്‍ലമെൻ്റില്‍ വനിതകള്‍ എഴുന്നേറ്റാല്‍ മോദിക്ക് ഭയമാണ്. കേരളത്തില്‍ കരിങ്കൊടി കാണിക്കുന്നവരെ പിണറായിയും ഗുണ്ടകളും തല്ലിച്ചതയ്ക്കും. കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കാൻ വരുന്നവരെ തിരിച്ച് അക്രമിക്കണം എന്നാണ് മുഖ്യമന്ത്രി വിചാരിക്കുന്നത്. അധികാരം തന്നിൽ നിന്നു ഉണ്ടായതാണെന്ന ഏകാധിപത്യമാണെന്ന് ഇത്തരക്കാർ കരുതുന്നു എന്നും രാഹുൽ പറഞ്ഞു. നരേന്ദ്ര മോദിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും ധാർഷ്ട്യമാണ്. ജനങ്ങള്‍ക്ക് മുകളിലാണ് തങ്ങളെന്ന് അവര്‍ സ്വയം കരുതുന്നു. എതിർപ്പുള്ളവർ കരിങ്കൊടി കാണിച്ച് പോകട്ടെ. അവർ എതിർപ്പ് പ്രകടിപ്പിച്ചതല്ലേ എന്നു കരുതുന്നതിന് പകരം, അവർ തന്നെ കൊല്ലാൻ വരുന്നു എന്ന് ചിന്തിക്കുന്നു എന്നും രാഹുൽ ഗാന്ധി ആലപ്പുഴയിൽ പറഞ്ഞു.
കേരളത്തിലെ 75% നെല്‍ കർഷകരും ഇന്ന് കടത്തിലാണ്. കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകൾ ആക്രമിക്കപ്പെടുന്നു. ക്രൈസ്തവരേയും ന്യൂനപക്ഷങ്ങളേയും ആക്രമിക്കുന്നവരുമായാണ് നിങ്ങളുടെ മുഖ്യമന്ത്രിയുടെ കൂട്ടെന്നും ലഹരിമരുന്നിൻ്റെ തലസ്ഥാനമായി കേരളം മാറിഎന്നും എന്തുകൊണ്ടാണ് ട്രംപിനെ മോദി ഭയക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. എപ്സ്റ്റീൻ ഫയലിൽ മോദിയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചുമുളള വിവരങ്ങൾ ഉണ്ടെന്നും എണ്ണയും ഗ്യാസും എവിടെ നിന്നൊക്കെ വാങ്ങണമെന്ന് പറയാൻ ഡൊണൾഡ് ട്രംപ് ആരാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.