"തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 10000 രൂപ നല്‍കി സംസ്ഥാനത്തെ സ്‌ത്രീകളുടെ വോട്ട് വാങ്ങാന്‍ നരേന്ദ്രമോദി ശ്രമിച്ചു": പ്രിയങ്ക ഗാന്ധി
പാറ്റ്ന: ബീഹാർ നിയമസഭയിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണം കത്തിപ്പടരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ് നാഥ് സിങ്, ആദിത്യ നാഥ് എന്നിവര്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണപോരാട്ടത്തിനായി കളത്തിലിറങ്ങിയപ്പോൾ മറുഭാഗത്ത് മഹാസഖ്യത്തിൻ്റെ തേരുതെളിക്കുന്നത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയുമാണ് . ഇരുവരും നിരവധി തെരഞ്ഞെടുപ്പ് റാലികളില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. പല റാലികളിലും ശക്തമായ ഭാഷയിൽ നരേന്ദ്രമോദിക്കെതിരെ ഇരുവരും ആഞ്ഞടിക്കുന്നു. സീതാമര്‍ഹിയിലെ റിഗയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പതിനായിരം രൂപ നല്‍കി സംസ്ഥാനത്തെ സ്‌ത്രീകളുടെ വോട്ട് വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചതായി ആരോപിച്ചു. ആളുകള്‍ കുടുംബം പുലര്‍ത്താനായി അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വന്നു. എന്നാല്‍ മോദിയും നിതീഷും ഇത് കാണുന്നില്ല.തെരഞ്ഞെടുപ്പിന് ഒരാഴ്‌ച മുമ്പ് സ്‌ത്രീകള്‍ക്ക് പതിനായിരം രൂപ കൊടുത്താല്‍ സ്‌ത്രീകളുടെ വോട്ടുകള്‍ കൂടെപ്പോരുമെന്നാണ് അവര്‍ കരുതിയത്. എന്‍ഡിഎ ഇരുപത് വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നു. എന്നാല്‍ മോദി ബിഹാറിലെ ഗ്രാമങ്ങളിലെ ജീവിത സാഹചര്യം എന്താണെന്ന് അറിയാന്‍ അവിടേക്ക് പോകുന്നില്ല. അവര്‍ പൊതുജനങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നേയില്ല. പോസ്റ്ററുകളിലും ടെലിവിഷനിലും തങ്ങളുടെ മുഖം തിളങ്ങി നില്‍ക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും പ്രിയങ്കാഗാന്ധി വാദ്ര ആരോപിച്ചു.
തങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരുമാണെന്ന് പ്രിയങ്കാ ഗാന്ധി ബിഹാറിലെ ചമ്പാരനില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. മഹാത്മാഗാന്ധിയാണ് ഈ പാത ഞങ്ങള്‍ക്ക് കാട്ടിത്തന്നത്. ആ പാത മഹാത്മാഗാന്ധിക്ക് കാട്ടിക്കൊടുത്തതാകട്ടെ ചമ്പാരനിലെ നിങ്ങളുടെ പൂര്‍വികരായ കര്‍ഷകരും. നമ്മുടെ രാഷ്‌ട്രത്തെ കെട്ടിപ്പടുക്കുന്നതില്‍ നിങ്ങളുടെ പങ്ക് നിങ്ങള്‍ തിരിച്ചറിയണമെന്നതാണ് സുപ്രധാനമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ലോകത്തെ ഏറ്റവും മികച്ച കോളജുകളും സര്‍വകലാശാലകളും , ഏറ്റവും മികച്ച ആശുപത്രികളും ബീഹാറിൽ വരും: രാഹുൽഗാന്ധി
ബിഹാര്‍ ഒരിക്കല്‍ കൂടി പുരോഗതിയിലേക്ക് പോകുമെന്ന് പൂര്‍ണിയയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച കോളജുകളും സര്‍വകലാശാലകളും ഇവിടെ നിര്‍മ്മിക്കപ്പെടും. ഏറ്റവും മികച്ച ആശുപത്രികള്‍ ഇവിടെ വരും. ലോക വിനോദ സഞ്ചാരത്തിന്‍റെ കേന്ദ്രമായി ബിഹാര്‍ മാറും. ഭക്ഷ്യ സംസ്‌കരണത്തിന്‍റെയും കേന്ദ്രമാകും. വാണിജ്യത്തിന്‍റെ കേന്ദ്രമായും ഇവിടം മാറും. ഇതൊന്നും പക്ഷേ നിതീഷ് കുമാറിനോ നരേന്ദ്രമോദിക്കോ സാധിക്കില്ല. നിതീഷ് കുമാറിന് ഒന്നും ചെയ്യാനാകില്ല. കാരണം അദ്ദേഹത്തെ നിയന്ത്രിക്കുന്നത് മോദിയാണ്.ഇത് ബിഹാര്‍ ജനതയ്ക്ക് തന്‍റെ വാഗ്‌ദാനമാണ്. ഇന്ത്യാ സഖ്യം രാജ്യത്ത് അധികാരത്തിലെത്തിയാല്‍ നളന്ദയ്ക്ക് സമാനമായ ഒരു സര്‍വകലാശാല ബിഹാറില്‍ സൃഷ്‌ടിക്കും. വിനോദ സഞ്ചാര ശൃംഖല ബിഹാറുമായി ബന്ധിപ്പിക്കും. ഇത് ബിഹാറിലെ യുവാക്കള്‍ക്ക് ഏറെ പ്രയോജനമുണ്ടാക്കും. ഭക്ഷ്യ സംസ്‌കരണം, പാക്കേജിങ്, വിതരണശൃംഖല എന്നിവ ബിഹാറില്‍ ഏര്‍പ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു.നിങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്‍റര്‍നെറ്റ് ഡേറ്റ നല്‍കാമെന്നാണ് ബിഹാറിലെ യുവതയ്ക്ക് മോദി നല്‍കുന്നു വാഗ്‌ദാനം. അത് കൊണ്ട് അവര്‍ക്ക് റീലുകള്‍ നിര്‍മ്മിച്ച് പണമുണ്ടാക്കാനാകുമത്രേ. യഥാര്‍ത്ഥത്തില്‍ 21ാം നൂറ്റാണ്ടിന്‍റെ ഏറ്റവും വലിയ വിപത്താണ് ഈ റീലുകള്‍. നിങ്ങള്‍ റീലുകള്‍ കാണുമ്പോള്‍ ശരിക്കും പണമുണ്ടാക്കുന്നത് അദാനിയും അംബാനിയും ജിയോയുമാണ്. മുന്‍കാലങ്ങളില്‍ മദ്യവും മയക്കുമരുന്നും ചെയ്‌തിരുന്ന അതേ പ്രവൃത്തിയാണ് ഇപ്പോള്‍ ഈ ഡേറ്റ ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു.


