ഭൂമിയുടെ ഉപരിതലത്തിൻ്റെ ആദ്യ റഡാര്‍ ചിത്രം പുറത്ത് വിട്ട് നാസ

ഹൈദരാബാദ്: ഭൂമിയുടെ ഉപരിതലത്തിൻ്റെ ആദ്യ റഡാര്‍ ചിത്രം പുറത്ത് വിട്ട് നാസയും ഐഎസ്ആര്‍ഒയും. ഭൂമി നിരീക്ഷണത്തിനായി ഇരുവരും സംയുക്തമായി വികസിപ്പിച്ചെടുത്ത റഡാർ ഇമേജിങ് സ്‌റ്റാറ്റലൈറ്റായ നിസാർ ഉപഗ്രഹത്തിൻ്റെ സഹായത്തോടെയാണ് പുതിയ ചിത്രങ്ങൾ പുറത്തുവിട്ടത്. ശാസ്ത്രീയ പഠനത്തിന് അവ വളരെ പ്രധാനമാണെന്നും ഭൂമിയെ കൂടുതൽ നിരീക്ഷിക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.

രണ്ട് റഡാർ സംവിധാനങ്ങളുള്ള ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമാണ് നിസാർ. വിളനിലങ്ങൾ, വനങ്ങൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലെ വ്യത്യസ്‌ത തരം ഭൂപ്രകൃതിയെ വേർതിരിച്ചറിയുന്ന ആദ്യ ചിത്രങ്ങൾ നിസാർ ഉപഗ്രഹം അയച്ചുവെന്ന് നാസ എക്‌സിൽ കുറിച്ചു. വലിയ മരങ്ങൾക്ക് താഴെയുള്ള ഭൂചലനങ്ങൾ കണ്ടെത്താൻ കഴിയുന്ന നാസയുടെ എൽ-ബാൻഡ് ഉൾപ്പെടുന്നു.ഉപഗ്രഹത്തിൻ്റെ എൽ-ബാൻഡ് റഡാർ, 2025 ഓഗസ്‌റ്റ് 21-ന് മെയ്‌നിലെ മൗണ്ട് ഡെസേർട്ട് ദ്വീപിൻ്റെ ചിത്രം പകർത്തി. ചിത്രത്തിലെ പച്ച നിറം കാടുകളെയും മജന്ത കെട്ടിടങ്ങളെയും ഭൂമിയെയും കറുപ്പ് നിറം ജലാശയങ്ങളെയും സൂചിപ്പിക്കുന്നു. ജൂലൈ 30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് നിസാര്‍ (നാസ‑ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍) ഉപഗ്രഹം വിക്ഷേപിച്ചത്.