നാസയുടെ 'ആർട്ടെമിസ് 2' ദൗത്യത്തിന് പച്ചക്കൊടി: വിക്ഷേപണം ഏപ്രിലിൽ

നാസയുടെ 'ആർട്ടെമിസ് 2' ദൗത്യത്തിന് പച്ചക്കൊടി:  വിക്ഷേപണം ഏപ്രിലിൽ

കേപ് കാനവറൽ: വാതക ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് മാറ്റിവെച്ച 'ആർട്ടെമിസ്-2' ദൗത്യം ഏപ്രിലിൽ വിക്ഷേപിക്കാൻ നാസ പദ്ധതിയിടുന്നു. 2026 ഏപ്രിൽ 1ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിക്കുക. സാങ്കേതിക തകരാറുകളെ തുടർന്ന് പലതവണ മാറ്റിവെച്ച ദൗത്യമാണിത്. 54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ ചന്ദ്രനെ ചുറ്റുന്ന ദൗത്യമാണിത്.

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാണ് നാസ ഓറിയോൺ പേടകവുമായി പോകുന്ന സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന് അനുമതി നൽകുന്നത്. നാസയുടെ കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്‌ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ (സിഎസ്എ) ജെറമി ഹാൻസെൻ എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമാവുക.

മുൻപ് 2026 ഫെബ്രുവരി 2-3 തീയതികളിൽ നടന്ന ലോഞ്ചിന് തൊട്ടുമുൻപുള്ള ഇന്ധനപരീക്ഷണത്തിലെ കൗണ്ട്‌ഡൗണിലാണ് വാതക ചോർച്ച വർധിക്കുന്നതായി കണ്ടെത്തിയത്. ഇതോടെ യാത്രികരുടെ സുരക്ഷ കണക്കിലെടുത്ത് പലതവണ നീട്ടിവെയ്‌ക്കുകയായിരുന്നു. ഇപ്പോൾ തകരാറുകൾ പരിഹരിച്ച ശേഷമാണ് ദൗത്യത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. അനുകൂലമായ കാലാവസ്ഥയ്‌ക്കൊപ്പം മറ്റ് സാഹചര്യങ്ങളും കൂടെ അനുകൂലമാണെങ്കിൽ ഏപ്രിൽ 1ന് ദൗത്യം വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്."ഇതൊരു പരീക്ഷണ പറക്കലാണ്, ഇത് അപകടസാധ്യതയില്ലാത്തതല്ല, പക്ഷേ ഞങ്ങളുടെ ടീമും ഹാർഡ്‌വെയറും തയ്യാറാണ്," രണ്ട് ദിവസത്തെ ഫ്ലൈറ്റ് റെഡിനസ് അവലോകനത്തിന് ശേഷം നാസയുടെ ശാസ്‌ത്രജ്ഞയായ ലോറി ഗ്ലേസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം ദൗത്യത്തിന്‍റെ അപകടസാധ്യതകൾ ഗ്ലേസും മറ്റ് നാസ ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയിട്ടില്ല.

ഒരു പുതിയ റോക്കറ്റിന് 50% വിജയസാധ്യതയുണ്ടെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ടെന്ന് മിഷൻ മാനേജ്‌മെന്‍റ് ടീമിന്‍റെ ചെയർമാനായ ജോൺ ഹണികട്ട് പറഞ്ഞു. അവസാനമായി SLS ലോഞ്ച് നടന്നത് 2022ലാണ്. മൂന്ന് വർഷത്തിലേറെയായി നടന്ന ആർട്ടെമിസ് 1 ആളില്ലാ ദൗത്യമായിരുന്നു. അതിനാൽ അപകടസാധ്യത വിലയിരുത്തൽ പ്രയാസമാണെന്ന് ഹണികട്ട് പറഞ്ഞു. മനുഷ്യർ സഞ്ചരിക്കുന്ന ദൗത്യമായതിനാൽ അപകടസാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.