ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. 10 തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്ന് ലേബര്‍ കോഡിന്റെ കോപ്പികള്‍ കത്തിച്ചാണ് പ്രതിഷേധിക്കുക. ജില്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകസമരം ഒത്തുതീര്‍പ്പായ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നുമാണ് കേന്ദ്ര ട്രേഡ് യൂണിയനുകളും കര്‍ഷകത്തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തിന്റെ അഞ്ചാം വാര്‍ഷികംകൂടി മുന്‍നിര്‍ത്തിയാണ് രാജ്യവ്യാപക പ്രക്ഷോഭം.തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുംവരെ സമരപരിപാടികള്‍ തുടരാനാണ് സിഐടിയു ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ തീരുമാനം. ബിഎംഎസ് ഒഴികെ മറ്റെല്ലാ ട്രേഡ് യൂണിയനുകളും പ്രക്ഷോഭരംഗത്തുണ്ട്. കര്‍ഷക സംഘടനകള്‍ ട്രേഡ് യൂണിയനുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തു വന്നിട്ടുണ്ട്.
നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ച് നാല് ലേബർ കോഡുകളാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. വേതന കോഡ്, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സോഷ്യൽ സെക്യൂരിറ്റി കോഡ്, ഒക്കുപേഷണൽ സേഫ്റ്റി ഹെൽത്ത് ആൻഡ് വർക്കിങ് കണ്ടിഷൻസ് കോഡ് എന്നിവയാണ് ഈ നാല് കോഡുകൾ.
എന്നാൽ ഇതിനെതിരെ രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തൊഴിൽ എന്നത് ഭരണഘടനയുടെ കൺകറൻ്റ് ലിസ്‌റ്റിൽ ഉൾപ്പെടുന്ന വിഷയമാണ്. അതിനാൽ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ നിയമനിർമാണത്തിനും അഭിപ്രായം പറയുന്നതിനും അവകാശമുണ്ട്. എന്നാൽ സംസ്ഥാനങ്ങളുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്രം ഏകപക്ഷീയമായി ലേബർ കോഡുകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നതാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പ്രധാന പരാതി.
ദേശീയ ലേബർ കോൺക്ലേവ് സംഘടിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി
അതേസമയം ലേബർ കോഡുമായി ബന്ധപ്പെട്ട് ഡിസംബർ 19ന് തിരുവനന്തപുരത്ത് ദേശീയ ലേബർ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്‌റ്റ് വഴി അറിയിച്ചിരുന്നു.ബിജെപി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പ് മന്ത്രിമാരെയും തൊഴിൽ നിയമ വിദഗ്‌ധരെയും പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയിലൂടെ കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് സംസ്ഥാനം ഇതിലൂടെ ലക്ഷ്യമിടുന്നത്.തമിഴ്‌നാട്, തെലങ്കാന, കർണാടക, പശ്ചിമ ബംഗാൾ, ഡൽഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മന്ത്രിമാർ കോൺക്ലേവിൽ പങ്കെടുത്തേക്കും. കൂടാതെ തൊഴിൽ നിയമ വിദഗ്‌ധർ, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ ഭാരവാഹികൾ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും കോൺക്ലേവിൽ പങ്കെടുക്കും. ഓരോ സംസ്ഥാനത്തെയും തൊഴിൽ മേഖലയിലെ പ്രത്യേകതകൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ, മിനിമം വേതനം ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളും കോൺക്ലേവിൽ ചർച്ചയാകും.
https://www.worldm.news/national/new-labour-laws-is-effective--12369