പുതിയ തിരിച്ചറിയല്‍ രേഖയുമായി കേരള സർക്കാർ ; 'നേറ്റിവിറ്റി കാര്‍ഡ്' വിതരണം ചെയ്യാൻ തീരുമാനം

പുതിയ തിരിച്ചറിയല്‍ രേഖയുമായി  കേരള സർക്കാർ ;  'നേറ്റിവിറ്റി കാര്‍ഡ്' വിതരണം ചെയ്യാൻ തീരുമാനം

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് പുതിയ തിരിച്ചറിയൽ കാർഡ് നൽകാനൊരുങ്ങി കേരളസർക്കാർ .   സ്വന്തം നാട്ടിൽ അസ്തിത്വം തെളിയിക്കാൻ നേരിടേണ്ടിവരുന്ന സങ്കീർണ്ണതകൾ  ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ പുതിയ 'നേറ്റിവിറ്റി കാർഡ്' ആവിഷ്കരിക്കുന്നത് .നിലവിലുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ചതും നിയമസാധുതയുള്ളതുമായ സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാനുള്ള തീരുമാനം മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു .തഹസില്‍ദാര്‍മാര്‍ക്കായിരിക്കും കാര്‍ഡിന്റെ വിതരണച്ചുമതല.

ഒരു വ്യക്തി ഈ നാട്ടിൽ ജനിച്ചു വളർന്നയാളാണെന്നോ സ്ഥിരതാമസക്കാരനാണെന്നോ അനായാസം തെളിയിക്കാൻ പ്രാപ്തനാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് നിയമപരമായ കരുത്തില്ല എന്നതും ഓരോ ആവശ്യത്തിനും പുതിയ സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നതും പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു.സർക്കാർ സേവനങ്ങൾക്കും മറ്റ് സാമൂഹിക ആവശ്യങ്ങൾക്കും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാകും പുതിയ കാർഡ് രൂപകൽപ്പന ചെയ്യുക. ഇതിനായി പ്രത്യേക നിയമനിർമ്മാണം നടത്താൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. 

വോട്ടർപട്ടികയിലെ ആശങ്ക; ഹെൽപ്പ് ഡെസ്‌ക്കുകൾ തുടങ്ങും

2025-ലെ അതിതീവ്ര വോട്ടർപട്ടിക പുതുക്കലിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് 24,08,503 പേർ ഒഴിവാക്കപ്പെട്ടത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിന് പുറമെ കരട് പട്ടികയിലുള്ള 19,32,000 പേർ വോട്ടവകാശം ഉറപ്പാക്കാൻ രേഖകളുമായി വീണ്ടും ഹിയറിംഗിന് ഹാജരാകേണ്ട അവസ്ഥയാണുള്ളത്.18 മുതൽ 40 വയസ്സുവരെയുള്ളവർ തങ്ങളുടെ ബന്ധുത്വം 2002-ലെ വോട്ടർപട്ടികയുമായി ബന്ധപ്പെടുത്തണമെന്ന നിബന്ധന ജനങ്ങളെ കഠിനമായ സാഹചര്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ-പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തവർ പോലും ഇപ്പോൾ ലിസ്റ്റിൽ നിന്ന് പുറത്തായിട്ടുണ്ട്. തിരുവനന്തപുരം ശ്രീവരാഹത്തെ 138-ാം നമ്പർ ബൂത്തിൽ 1224 വോട്ടർമാരിൽ 704 പേരുടെ വിവരം ലഭ്യമല്ല എന്നത് ഇതിന് ഉദാഹരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നു.

അർഹതപ്പെട്ട ഒരു വോട്ടർ പോലും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. വില്ലേജ് ഓഫീസുകളിൽ സൗകര്യമില്ലാത്തിടത്ത് തൊട്ടടുത്ത സർക്കാർ ഓഫീസുകളിൽ സംവിധാനമൊരുക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.

തീരദേശ മേഖലകൾ, മലയോര പ്രദേശങ്ങൾ, പിന്നോക്ക കോളനികൾ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി സഹായം നൽകും. ഇതിനായി വില്ലേജ് ഓഫീസർമാർക്കൊപ്പം അംഗൻവാടി വർക്കർമാർ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തും. കൂടാതെ വിദ്യാലയങ്ങളിലും കോളജുകളിലും 18 വയസ്സ് പൂർത്തിയായവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിനുകൾ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് പടിവാതുക്കൽ നിൽക്കെ കമ്മീഷൻ നടത്തുന്ന അതിതീവ്ര പരിശോധന ജനാധിപത്യ താത്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി.

ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കേറ്റ്. എന്നാൽ അത് നിയമപ്രാബല്യമുള്ള രേഖയല്ല. ​ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പലപ്രാവശ്യം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതായും വന്നിരുന്നു . ഇതിനെല്ലാം പരിഹാരമായാണ് നേറ്റിവിറ്റി കാർഡ് കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.