നാവികസേന ദിനാചരണം ഡിസംബർ 4ന് : ശംഖുമുഖം ബീച്ചിൽ അഭ്യാസ പ്രകടനങ്ങൾ

എറണാകുളം: നാവികസേന ദിനാചരണത്തിൻ്റെ ഭാഗമായുള്ള അഭ്യാസ പ്രകടനങ്ങൾ ഇത്തവണ തിരുവനന്തപുരത്ത്. ആദ്യമായാണ് തലസ്ഥാന നഗരി നാവികസേന അഭ്യാസത്തിന് വേദിയാവുന്നത്. ഡിസംബർ 4ന് ശംഖുമുഖം ബീച്ചിലാണ് ഇന്ത്യൻ നാവികസേനയുടെ പോരാട്ട വീര്യവും ശേഷിയും പ്രകടിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങൾ. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ഈ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് കമാൻഡിങ് ഓഫിസർ കമ്മഡോർ വി ഇസെഡ് ജോബ് അറിയിച്ചു.സാധാരണയായി കൊച്ചിയിലെ നാവികസേന ആസ്ഥാനത്തോട് ചേർന്നുള്ള കായലിലാണ് നേവി ദിനത്തിലെ അഭ്യാസപ്രകടനങ്ങൾ സംഘടിപ്പിക്കാറുള്ളത്. മുമ്പ് ഒഡീഷയിലെ പുരിയിലും മഹാരാഷ്ട്രയിലെ സിന്ധുദുർഗിലും പരിപാടികൾ നടന്നിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോൾ തലസ്ഥാനത്ത് ഇത് നടത്തുന്നത്. ഇന്ത്യൻ നാവികസേനയുടെ മൾട്ടി ഡൊമെയ്ൻ പ്രവർത്തനങ്ങളുടെ വിവിധ വശങ്ങൾ പൗരന്മാർക്ക് കാണാൻ ഈ മെഗാ ഇവൻ്റ് ഒരു സവിശേഷ അവസരം നൽകും.
കേരള സർക്കാറിൻ്റെയും സിവിൽ അഡ്മിനിസ്ട്രേഷൻ്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സജീവ പങ്കാളിത്തത്തോടെയാണ് പരിപാടിയുടെ നടത്തിപ്പിനായുള്ള തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നത്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി കേരള സർക്കാറിൻ്റെ എല്ലാ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. 2025ലെ നാവിക ദിനാഘോഷങ്ങളുടെ മുന്നോടിയായി, ജനങ്ങൾക്കിടയിൽ അഭിമാനബോധം വളർത്തുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നതിനുമായി വിവിധ പ്രവർത്തനങ്ങളും പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.സമുദ്രമേഖലയിലുള്ള ഇന്ത്യയുടെ താത്പര്യം ഉയർത്തിപ്പിടിക്കുന്നതിനും കടലിൽ നിന്ന് ഉയർന്നുവന്നേക്കാവുന്ന ഭീഷണികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനുമുള്ള ദൗത്യത്തിനായി നാവികസേന സ്വയം സമർപ്പിക്കുന്നുവെന്നും കമാൻഡിങ് ഓഫിസർ വ്യക്തമാക്കി. കൊച്ചിയിലെ നാവിക താവളം നവംബർ 8നും 25നും ഭിന്നശേഷി കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും സന്ദർശിക്കാൻ അവസരം നൽകും. നവംബർ 10, 11 തീയതികളിൽ ക്ഷണിക്കപ്പെട്ട സ്കൂൾ വിദ്യാർഥികൾക്ക് നാവിക താവളം, ഐഎൻഎസ് ഗരുഡ, നാവിക കപ്പലുകൾ എന്നിവ സന്ദർശിക്കാൻ അവസരമുണ്ടാകും.