ഏലത്തൂരിൽ 'ക്ളോക്കി'നായി എൻസിപി പോര് : വരണാധികാരിയുടെ മുന്നില്‍നിന്ന് അജ്ഞാതൻ രസീത് തട്ടിയെടുത്തോടി

ഏലത്തൂരിൽ  'ക്ളോക്കി'നായി എൻസിപി പോര് : വരണാധികാരിയുടെ മുന്നില്‍നിന്ന് അജ്ഞാതൻ രസീത് തട്ടിയെടുത്തോടി

കോഴിക്കോട്: എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെ കോഴിക്കോട് കലക്ടറേറ്റില്‍ നാടകീയ രംഗങ്ങള്‍. എന്‍സിപി (അജിത് പവാര്‍)യുടെ  സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.കെ. ശശീന്ദ്രന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതിനെത്തുടര്‍ന്ന് അനുവദിച്ച രസീതുമായി അജ്ഞാതനായ ഒരാള്‍ കടന്നുകളഞ്ഞതാണ് വിവാദമായത്.

ഇന്ന്  രാവിലെ വരണാധികാരി പി.കെ. ശശീന്ദ്രൻ്റെ  പത്രിക ആദ്യം സ്വീകരിച്ചപ്പോള്‍ എന്‍സിപി( ശരദ് പവാര്‍ വിഭാഗം) നേതാവും സിറ്റിങ് എംഎല്‍എയുമായ എ.കെ. ശശീന്ദ്രന്‍ വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്ന് പി.കെ. ശശീന്ദ്രനെ വീണ്ടും വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് പത്രികയുടെ രസീതുമായി അജ്ഞാതന്‍ കടന്നുകളഞ്ഞത്. സ്വന്തം പാര്‍ട്ടിയിലുള്ള ആളല്ല രസീത് കൈപ്പറ്റിയത് എന്ന് കാട്ടി പി.കെ. ശശീന്ദ്രന്‍ വിഭാഗം പരാതി നല്‍കി.'ക്ലോക്ക് ചിഹ്ന'ത്തില്‍ മറ്റൊരു സ്ഥാനാര്‍ഥി എലത്തൂരില്‍ മത്സരിക്കുന്നത് തടയാനുള്ള നീക്കമാണിതെന്നാണ് പി.കെ. ശശീന്ദ്രന്‍ വിഭാഗത്തിൻ്റെ  ആരോപണം. മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയായ എ.കെ. ശശീന്ദ്രന്‍ മൂന്നു തവണ ക്ലോക്ക് ചിഹ്നത്തിലാണ് എലത്തൂരില്‍ വിജയിച്ചിട്ടുള്ളത്. എന്നാല്‍, എന്‍സിപി പിളര്‍ന്ന് അജിത് പവാര്‍ വിഭാഗം രൂപീകരിച്ചതോടെ, എ.കെ. ശശീന്ദ്രനെതിരെ അജിത് പവാര്‍ വിഭാഗം പി.കെ. ശശീന്ദ്രന്‍ എന്ന അപരനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ക്ലോക്ക് ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചത് പി.കെ. ശശീന്ദ്രനാണ്.

പത്രിക സ്വീകരിച്ചു നല്‍കിയ രസീതാണ് തട്ടിക്കൊണ്ടുപോയതെന്നതിനാല്‍ സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുന്നതായി എന്‍സിപി അജിത് പവാര്‍ പക്ഷത്തിന്റെ അഭിഭാഷകന്‍ റമീസ് പ്രതികരിച്ചു. നടപടിക്രമങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യാത്തതാണ് ഇത്തരത്തില്‍ രസീത് മറ്റൊരാള്‍ കൈപ്പറ്റി കടന്നുകളയാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷകൻ്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. 

രസീത് തട്ടിക്കൊണ്ടുപോയ ആള്‍ക്കെതിരെ ഡെപ്യൂട്ടി കലക്ടര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എസിപി ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. എലത്തൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ചൂട് കടുക്കുമ്പോള്‍, ഈ സംഭവം നിയമ നടപടികളിലേക്കും കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങളിലേക്കും വഴിതുറക്കുമെന്നാണ് സൂചന.