എൻഡിഎ സീറ്റ് വിഭജനം: നിതീഷ് കുമാറിൻ്റെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് ജെഡിയു എംഎല്‍എ, രാജി ഭീഷണിയുമായി എംപി

പട്‌ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എന്‍ഡി എ സീറ്റ് വിഭജനം പൂര്‍ത്തിയായെങ്കിലും സ്ഥാനാര്‍ത്ഥി മോഹികൾ സകല നിയന്ത്രണങ്ങളും വിട്ട് തെരുവിലിറങ്ങി നടത്തുന്ന നാടകീയതകളാണ് ജെ ഡി യു ക്യാമ്പില്‍ നിലവിൽ കാണാനുള്ളത്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ഔദ്യോഗിക വസതിക്കു പുറത്താണ് ഇന്ന് നാടകീയ രംഗങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുള്ളത് . ജെഡിയുവിന്‍റെ സിറ്റിങ്ങ് എംഎല്‍എ ഗോപാല്‍ മണ്ഡലും അനുയായികളുമാണ് സീറ്റ് കിട്ടാതെ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് പുറത്ത് കുത്തിയിരിപ്പ് ധര്‍ണ നടത്തിയത്.രാവിലെ 8.30നാണ് എം എല്‍എയും സംഘവും മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണാനെത്തിയത്.
"മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അകത്തേക്ക് കയറ്റി വിടാതെ ഞങ്ങളെ ഗേറ്റില്‍ തടയുകയായിരുന്നു. ഞങ്ങളോട് പിരിഞ്ഞു പോകാനാണ് പോലീസ് നിര്‍ദേശിച്ചത്. ഒരിഞ്ചു പോലും പുറകോട്ട് പോകില്ലെന്നും വേണമെങ്കില്‍ ലാത്തിച്ചാര്‍ജ്ജ് ചെയ്‌ത് നീക്കാമെന്നും അവരോട് പറഞ്ഞിട്ടുണ്ട്." ഗോപാല്‍ മണ്ഡല്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാണാതെ താന്‍ തുടര്‍ന്ന് ഗോപാല്‍ മണ്ഡലും കൂട്ടരും പ്രധാന കവാടത്തിന് മുന്നില്‍ കുത്തിയിരിക്കുകയായിരുന്നു. മുഖ്യമന്ത്രി നിതീഷ് തങ്ങളെ കൂടിക്കാഴ്ചയ്ക്ക് വിളിക്കുമെന്നും ടിക്കറ്റ് നല്‍കുമെന്നും ഉറപ്പാണെന്നും ഗോപാല്‍ മണ്ഡല്‍ പറയുന്നു. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ഗോപാല്‍ മണ്ഡല്‍.
ഗോപാല്‍പൂര്‍ നിയമസഭ മണ്ഡലത്തിലെ എംഎല്‍എയായ ഗോപാല്‍ മണ്ഡല്‍ ഏതാനും ദിവസം മുമ്പ് ജെഡിയുവില്‍ നിന്ന് രാജി വച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ രാജി ഇതേ വരെ സ്വീകരിച്ചിരുന്നില്ല. ഇതോടെ ആര്‍ജെഡി വിട്ടെത്തിയ മുന്‍ എംപി ശൈലേഷ് കുമാര്‍ ഗോപാല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു.ഈ പ്രതിഷേധവും കുത്തിയിരിപ്പും തുടരുന്നതിനിടയിലാണ് നബിനഗറില്‍ നിന്നുള്ള നേതാവ് വീരേന്ദ്ര കുമാറിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ആ മണ്ഡലത്തില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ അനുയായികള്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലേക്കെത്തിയത്. നിതീഷ് കുമാറിനെ കാണമമെന്നതായിരുന്നു അവരുടേയും ആവശ്യം. ജെഡിയു നേതാവ് ആനന്ദ് മോഹന്‍റെ മകനെ നബിനഗറില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ രോഷാകുലരായിരുന്നു വീരേന്ദ്ര കുമാര്‍ അനുകൂലികള്‍. മുഖ്യമന്ത്രിയെ കണ്ടേ തീരൂവെന്ന വാശിയിലായിരുന്നു ഇവരും.
രാജി ഭീഷണിമുഴക്കി ഭഗല്‍പൂര്‍ എംപി
ഭാഗല്‍ പൂരില്‍ നിന്നുള്ള ജെഡിയു എം പി അജയ് മണ്ഡല്‍ മുഖ്യമന്ത്രി നിതീഷുമായി പിണങ്ങിയത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നോട് അഭിപ്രായം ആരാഞ്ഞില്ലെന്ന കാരണത്താലാണ്.ഈ അവഗണനയില്‍ മനം നൊന്ത് എം പി സ്ഥാനം രാജിവെക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിതീഷ് കുമാറിന് കത്തെഴുതിയിരിക്കുകയാണ് അജയ് മണ്ഡല്‍."കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഭഗല്‍പൂരിലെ ജനതയ്ക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നു. എംഎല്‍എയായും എംപിയായും പ്രവര്‍ത്തിച്ചു. ദീര്‍ഘമായ ഈ രാഷ്‌ട്രീയ യാത്രയില്‍ ജെഡിയുവിനെ എന്‍റെ കുടുംബമായാണ് കരുതിയിട്ടുള്ളത്. സംഘടനയെയും പ്രവര്‍ത്തകരെയും ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. പാര്‍ട്ടിയെ ജനങ്ങളിലേക്ക് എത്തിച്ചു. ഭഗല്‍പൂരിലെ എല്ലാ പ്രാദേശിക നേതാക്കളുമായും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനസമയത്ത് പക്ഷേ എന്നോട് ഒരു ചര്‍ച്ചയും നടത്തിയില്ല. പാര്‍ട്ടിയില്‍ യാതൊരു പ്രവര്‍ത്തന ചരിത്രവുമില്ലാത്തവര്‍ക്കാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. എന്‍റെ ജില്ലയെ പൂര്‍ണമായും അവഗണിച്ചിരിക്കുന്നു . എന്നോട് കാട്ടുന്ന അവഗണനയുടെ പശ്ചാത്തലത്തില്‍ എംപിയായി തുടരുന്നതില്‍ അര്‍ത്ഥമില്ല." അജയ് മണ്ഡല്‍ എക്‌സില്‍ മുഖ്യമന്ത്രിയ്ക്ക് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.