നീറ്റ് പുനഃപരീക്ഷ നാളെ; രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രിൽ

നീറ്റ് പുനഃപരീക്ഷ നാളെ; രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രിൽ

ന്യൂഡൽഹി: നാളെ നടക്കുന്ന നീറ്റ് യുജി (NEET-UG 2026) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ) രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. അതേസമയം, പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം കടുപ്പിച്ചു.രാജ്യവ്യാപകമായി ലക്ഷക്കണക്കിന് വിദ്യാർഥികൾ എഴുതുന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ ക്രമക്കേടുകൾ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുതാര്യത ഉറപ്പുവരുത്താൻ എൻടിഎ കർശന നടപടികളിലേക്ക് കടന്നത്. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ വിദ്യാർഥി സംഘടനകൾ വലിയ രീതിയിലുള്ള സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.

ഒഡിഷയിൽ കർശന സുരക്ഷ

ഒഡിഷയിൽ 27 ജില്ലകളിലായി 132 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാ നടത്തിപ്പിൽ യാതൊരുവിധ ക്രമക്കേടുകളോ അട്ടിമറിയോ ഉണ്ടാകരുതെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ഒഡിഷ ക്രമസമാധാന ചുമതലയുള്ള എഡിജിപി സഞ്ജയ് കുമാർ എഎൻഐയോട് വ്യക്തമാക്കി. ചോദ്യപേപ്പറുകൾ സുരക്ഷിതമായി അതത് കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഇവയ്ക്ക് കാവലായി കേന്ദ്ര സായുധ പൊലീസ് സേനയെ (സിഎപിഎഫ്) ഉൾപ്പെടെ വിന്യസിച്ചു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയതായും, മേൽനോട്ടത്തിനായി പ്രത്യേക നോഡൽ ഓഫിസറെ നിയമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിനെതിരെ പ്രതിപക്ഷം

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ അടുത്ത അനുയായികൾക്ക് പങ്കുണ്ടെന്ന് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോട്ടാസ്ര ആരോപിച്ചു. എൻടിഎയിലെ ഉദ്യോഗസ്ഥർ തന്നെയാണ് ഇതിന് പിന്നിലെന്നും, പരീക്ഷാ നടത്തിപ്പ് സംവിധാനം പൂർണമായും തകർന്നുവെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. ടെലിഗ്രാം ആപ്പ് നിരോധിക്കുന്നത് കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വിദ്യാർഥികളുടെ ഭാവി തകർക്കുന്ന സമീപനമാണ് സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് രാജസ്ഥാൻ പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി കുറ്റപ്പെടുത്തി. കോച്ചിങ് സെൻ്ററുകൾക്ക് വിദ്യാർഥികൾ നൽകുന്ന തുക രാജ്യത്തിൻ്റെ വിദ്യാഭ്യാസ ബജറ്റിനേക്കാൾ കൂടുതലാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം അദ്ദേഹം ഓർമിപ്പിച്ചു. ചോദ്യപേപ്പർ ചോർത്തിയവർക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ടെലിഗ്രാമിന് വിലക്ക്; എഐ മാർഗരേഖ ഉടൻ

നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ ടെലിഗ്രാം ആപ്പിന് താത്കാലിക വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ഡൽഹി ഹൈക്കോടതി ശരിവച്ചു. പരീക്ഷാ പേപ്പറുകൾ ചോർത്തുന്നതിനും ഉത്തരങ്ങൾ കൈമാറുന്നതിനും ടെലിഗ്രാം ഗ്രൂപ്പുകൾ വ്യാപകമായി ഉപയോഗിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ആപ്പിന് വിലക്കേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. നിയമവിരുദ്ധമായ കാര്യങ്ങൾ വേഗത്തിൽ പ്രചരിപ്പിക്കാൻ ആപ്പ് വഴിയൊരുക്കുന്നുവെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. കോടതി ഉത്തരവായതിനാൽ ടെലിഗ്രാം വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം (മെയ്റ്റി) സെക്രട്ടറി എസ് കൃഷ്ണൻ വ്യക്തമാക്കി.ഇന്ത്യയിലെ ഇൻ്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം കണക്കിലെടുത്ത് രാജ്യത്ത് സ്വന്തമായി റൂട്ട് സെർവർ സ്ഥാപിക്കാൻ ഐകാനോട് (ICANN) ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഇൻ്റർനെറ്റ് സംവിധാനത്തെ കൂടുതൽ സുരക്ഷിതമാക്കും. നിർമിത ബുദ്ധിയുമായി (എഐ) ബന്ധപ്പെട്ട കരട് മാർഗരേഖയിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും, എഐ ഗവേണൻസ് ഗ്രൂപ്പിൻ്റെ യോഗത്തിന് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.