"ED സമന്‍സ് തനിക്കോ മകനോ ലഭിച്ചിട്ടില്ല, ദുഷ്‌പേരുമുണ്ടാക്കുന്ന രീതിയില്‍ എന്‍റെ മക്കളാരും പ്രവര്‍ത്തിച്ചിട്ടില്ല" : പിണറായി വിജയന്‍

"ED സമന്‍സ് തനിക്കോ മകനോ ലഭിച്ചിട്ടില്ല, ദുഷ്‌പേരുമുണ്ടാക്കുന്ന രീതിയില്‍ എന്‍റെ മക്കളാരും പ്രവര്‍ത്തിച്ചിട്ടില്ല" : പിണറായി വിജയന്‍

തിരുവനന്തപുരം: മകന്‍ വിവേക് കിരണിന് 2023ല്‍ ഇഡി സമന്‍സ് ലഭിച്ചെന്ന് മാധ്യമറിപ്പോര്‍ട്ടുകളോട് പ്രതികരിച്ച്  കേരള മുഖ്യമന്ത്രി . രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ചില ഏജന്‍സികളെ ആരെങ്കിലും കൊണ്ടു വന്നതായിരിക്കാമെന്നും ഇ ഡി സമന്‍സ് തനിക്കോ മകനോ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എന്‍റെ പൊതുജീവിതം കളങ്ക രഹിതമായി നിലനിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും തന്‍റെ കുടുംബം അതിന് ഒപ്പം നിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍റെ മകനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്ന് പോലും അവനറിയില്ല. ഒരു ദുഷ്‌പേരുമുണ്ടാക്കുന്ന രീതിയില്‍ എന്‍റെ മക്കളാരും പ്രവര്‍ത്തിച്ചിട്ടില്ല. മര്യാദയ്ക്ക് ഒരു ജോലി ചെയ്ത് കഴിയുന്ന ഒരാളെ ''പിണറായി വിജയന് ഒരു മകനുണ്ട്, അറിയാമോ ?'' എന്ന രീതിയില്‍ അവതരിപ്പിച്ചാല്‍ എന്നെയോ എന്‍റെ മകനെയോ ബാധിക്കുമോയെന്നും പിണറായി വിജയന്‍ പറഞ്ഞു. ജോലി-വീട് എന്നതാണ് അയാളുടെ രീതി. ഒരു പൊതുരംഗത്തും അയാളില്ല.മക്കള്‍ എനിക്ക് ഒരു ദുഷ്‌പേരും എനിക്കുണ്ടാക്കിയിട്ടില്ല. ഞാനതില്‍ അഭിമാനിക്കുന്നു. മക്കളാരും എന്‍റെ രാഷ്ട്രീയപ്രവര്‍ത്തനത്തിനും ശീലത്തിനും നിരക്കാത്ത ഒരു കാര്യവും ചെയ്തിട്ടില്ല. ഇതൊക്കെ ഉയര്‍ത്തി എന്നെ പ്രയാസപ്പെടുത്തി കളയാമെന്ന് ആരും കരുതണ്ട. ഈ ഏജന്‍സിയുടെ സമന്‍സ് ആര്‍ക്കാണ് കൊടുത്തതെന്നും എവിടെയാണ് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.ആരുടെയും കൈയില്‍ ആ റിപ്പോര്‍ട്ട് കിട്ടിയില്ല. പലരുടെയും മക്കളെ നിങ്ങള്‍ അധികാരത്തിന്‍റെ ഇടനാഴികളില്‍ കണ്ടിട്ടുണ്ടാവും. സമൂഹത്തിന്‍റെ മുന്നില്‍ എന്നെ കളങ്കിതനാക്കി ചിത്രീകരിക്കാന്‍ നോക്കിയാല്‍ കളങ്കിതനാകുമോ ? എന്തെല്ലാം കണ്ടതാണ് ഞാന്‍. മാധ്യമങ്ങളുടെ ഏതെല്ലാം തരത്തിലുള്ള സ്‌നേഹ വാത്സല്യങ്ങള്‍ അനുഭവിച്ചയാളാണ് ഞാന്‍. അതു കൊണ്ടു തളരുന്ന ആളാണോ ഞാന്‍. അതു കൊണ്ടു തന്നെയാണ് ഞാന്‍ ചിരിച്ചു തള്ളുന്നത്. ഇതൊക്കെ ശരിയായ രീതിയില്‍ നേരിടാന്‍ ഞങ്ങള്‍ക്കറിയാം. ഒരഴിമതിയും എന്‍റെ ജീവിതത്തിലുണ്ടാവില്ല. എന്‍റെ ഭാഗത്ത് നിന്നുമുണ്ടാകില്ല, അത് ഉറപ്പിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.സമന്‍സ് ഞങ്ങളാരും കണ്ടിട്ടില്ല. ഇങ്ങനൊരു സാധനം കിട്ടിയതായിട്ട് മകനും എന്നോട് പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് വരുന്നുണ്ട്. ഇതൊരു നനഞ്ഞ പടക്കമായി പോയി. വലിയ ബോംബ് വരുന്നുണ്ടെന്ന് ഒരാള്‍ പറഞ്ഞു. വരട്ടെ നോക്കാമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ലക്ഷ്യമിട്ടാണ് അടുത്തിടെ അമിത് ഷായുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയെന്ന പ്രതിപക്ഷ ആരോപണത്തെ കുറിച്ചു ചോദിച്ചപ്പോള്‍ നീണ്ടു നില്‍ക്കുന്ന പൊട്ടിച്ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കത്തയക്കേണ്ടതിന് പകരം നേരിട്ടു പോയത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ കാര്യങ്ങളെ പറ്റി വിവരമില്ലാത്ത ഏതോ ഒരു മഹാവിദ്വാനാണ് ഇതു പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാര്‍ എവിടെയിരുന്നാലും അതു ഔദ്യോഗിക കേന്ദ്രമാണ്, അതു ഓഫീസായാലും വീടായാലും അങ്ങനെയാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള യാതൊരു പ്രസ്താവനയ്ക്കും ഇപ്പോള്‍ മുതിരുന്നില്ല 

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള യാതൊരു പ്രസ്താവനയ്ക്കും ഇപ്പോള്‍ മുതിരുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.അത് നടക്കട്ടെ. ഹൈക്കോടതിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതു കൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ല. അന്വേഷണത്തിന് മുന്‍പ് വിധിയെഴുതാന്‍ പോകേണ്ടതില്ല. വിഷയത്തില്‍ സര്‍ക്കാരല്ല വിലയിരുത്തല്‍ പറയേണ്ടത്. വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞു.