നെന്മാറ സജിത കൊലക്കേസ് : പ്രതി ചെന്താമരയുടെ വിധി ഇന്നറിയാം

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ കൊലപാതകക്കേസിൽ ഇന്ന് ശിക്ഷാവിധി. പ്രതി ചെന്താമര കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി എന്ത് ശിക്ഷ വിധിക്കും എന്നാണ് ഇനി അറിയേണ്ടത്. (എന്നാൽ ഇന്ന് ശിക്ഷാവിധി സംബന്ധിച്ച വാദം മാത്രമേ നടക്കൂ ശിക്ഷ വിധിക്കാനുള്ള സാധ്യതയില്ല എന്ന വാർത്തയും വരുന്നുണ്ട് ).പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി ഇന്ന് നെന്മാറ പോത്തുണ്ടി സജിത കൊലപാതകക്കേസില്‍ വിധി പറയും. സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്‌മിയേയും കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ നടക്കുകയാണ്. 2019 ഓഗസ്റ്റ് 31-നായിരുന്നു പോത്തുണ്ടിയിലെ സജിത കൊലപാതകം നടന്നത്.
നെന്മാറ പോത്തുണ്ടി സജിത കൊലപാതകക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ചെന്താമരക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞുവെന്നും കോടതി വിലയിരുത്തി. ഇതോടെയാണ് കേസിൽ ഇന്ന് വിധി പറയാൻ മാറ്റിയത്. മാസങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് ജില്ലാ അഡീഷണൽ കോടതി കേസിൽ വിധി പറയുന്നത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്‌മിയേയും കൊലപ്പെടുത്തിയത്.അഞ്ച് പേരെ കൊല്ലാൻ ലക്ഷ്യമിട്ടാണ് ജാമ്യത്തിലിറങ്ങിയതെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞത്. സുധാകരനും ലക്ഷ്‌മിക്കും പുറമേ സ്വന്തം ഭാര്യ, മകള്‍, മകളുടെ ഭർത്താവായ പൊലീസുകാരൻ മരുമകൻ, ഭാര്യാ സഹോദരൻ, നാട്ടുകാരായ മറ്റ് മൂന്ന് സ്‌ത്രീകള്‍ എന്നിവർ ഇയാളുടെ ഹിറ്റ് ലിസ്റ്റിൽ ഉള്ളതായാണ് പൊലീസ് നേരത്തെ പറഞ്ഞിരുന്നത്.അതിനാൽ തന്നെ പ്രതി പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും നേരത്തെ മക്കളായ അതുല്യയും അഖിലയും മാധ്യമങ്ങള്‍ക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു.താനും ഭാര്യയും പിരിയാൻ കാരണം ഭാര്യയുടെ അടുത്ത സുഹൃത്തായ സജിതയാണെന്ന് കരുതിയ ചെന്താമര സജിതയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.