ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി അന്തരിച്ചു

എറണാകുളം: കേരളത്തിന്‍റെ ആരോഗ്യമേഖലയ്ക്കും എറണാകുളം ജനറൽ ആശുപത്രിയുടെ ചരിത്രത്തിനും വലിയ പ്രതീക്ഷകൾ നൽകിയ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി (21) അന്തരിച്ചു. രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. 680 മണിക്കൂർ നീണ്ട എക്‌മോ (ECMO) പിന്തുണയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണെന്നുമുള്ള വാർത്തകൾക്കിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.രാജ്യത്തെ ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ നടന്ന ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്ന നിലയിൽ ദുർഗയുടെ ചികിത്സാ ഘട്ടങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. ഹൈപ്പർട്രോഫിക് കാർഡിയോ മയോപ്പതി എന്ന ഗുരുതരമായ ഹൃദ്രോഗം ബാധിച്ചിരുന്ന ദുർഗയ്ക്ക്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്‍റെ ഹൃദയമാണ് വെച്ചുപിടിപ്പിച്ചത്. അമ്മയും സഹോദരിയും ഇതേ രോഗം ബാധിച്ചു മരിച്ചതിനാൽ അനാഥാലയ അധികൃതരാണ് ദുർഗയെ കേരളത്തിലെത്തിച്ചത്. വിദേശ വനിതയായതിനാൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെടാൻ നിയമതടസ്സങ്ങൾ ഉണ്ടായെങ്കിലും ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ശസ്ത്രക്രിയ നടന്നത്.തിരുവനന്തപുരത്തുനിന്ന് സംസ്ഥാന സർക്കാരിന്‍റെ ഹെലികോപ്റ്ററിൽ എത്തിച്ച ഹൃദയം സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ദുർഗയ്ക്ക് നൽകുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ 24 മണിക്കൂർ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ എക്‌മോ പിന്തുണയിൽനിന്ന് മാറ്റുകയും ആഹാരം കഴിച്ചുതുടങ്ങുകയും ചെയ്തിരുന്നു. മസിലുകളുടെ ശേഷി വീണ്ടെടുക്കാൻ ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു. എന്നാൽ രാത്രിയോടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു.മസ്തിഷ്ക മരണം സംഭവിച്ച ഷിബുവിന്‍റെ കുടുംബം നൽകിയ പുതുജീവനിലൂടെ ദുർഗ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് നാടൊന്നാകെ ആശംസിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണ ജോർജും ആശുപത്രി അധികൃതരുടെ മികവിനെ അഭിനന്ദിച്ചിരുന്നു. ആ പോരാട്ടങ്ങൾക്കും പ്രാർത്ഥനകൾക്കും ഒടുവിലാണ് ദുർഗ യാത്രയായത്.