നാല് തൊഴിൽ കോഡുകൾ പ്രാബല്യത്തിൽ വരുന്നു: ആർക്കാണ് പ്രയോജനം ലഭിക്കുന്നത്, എന്ത് മാറ്റങ്ങൾ? അറിയാം

ന്യൂഡൽഹി:  രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി  കേന്ദ്ര സർക്കാർ.ഇന്ത്യയുടെ ലേബർ ഗവേണൻസ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാല് ലേബർ കോഡുകൾ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം.ഇതിനെ "ചരിത്രപരമായ തീരുമാനം" എന്ന് വിശേഷിപ്പിച്ച കേന്ദ്ര  സർക്കാർ, നിലവിലുള്ള 29 കേന്ദ്ര തൊഴിൽ നിയമങ്ങൾ യുക്തിസഹമാക്കുകയും, നൂറ്റാണ്ട് പഴക്കമുള്ള ഒരു നിയന്ത്രണ ചട്ടക്കൂടിനെ ലളിതമാക്കുകയും, കോടിക്കണക്കിന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നു . 2025 നവംബർ 21 മുതൽ നിയമം  പ്രാബല്യത്തിൽ വന്നു .

വേതനം സംബന്ധിയായ കോഡ് (കോഡ് ഓൺ വേയ്‌ജസ്, 2019,) വ്യാവസായിക കോഡ് (ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, 2020), സാമൂഹിക സുരക്ഷാ കോഡ് (കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി, 2020) ഒക്യുപ്പേഷണൽ സേഫ്റ്റി, ഹെൽത്ത് & വർക്കിങ് കണ്ടീഷൻസ് കോഡ് (ഒഎസ്എച്ച്ഡബ്ല്യിയുസി, 2020) എന്നിവയാണ് 2025 നവംബർ 21 മുതൽ പ്രാബല്യത്തിൽ വന്നത്.

തൊഴിൽ നിയന്ത്രണങ്ങൾ നവീകരിക്കുക, തൊഴിലാളികളുടെ ക്ഷേമം വർധിപ്പിക്കുക, തൊഴിൽ മേഖലയെ പുറംലോകവുമായി ബന്ധിപ്പിക്കുക, ആത്മനിർഭർ ഭാരത് പ്രാവർത്തികമാക്കുക, പുതിയ വ്യവസായങ്ങൾക്ക് അടിത്തറ പാകുക എന്നിവയാണ് ലേബർ കോഡുകളുടെ ലക്ഷ്യമെന്ന് കേന്ദ്രം പറയുന്നു.

സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തുമാണ് ഇന്ത്യയിലെ പല തൊഴിൽ നിയമങ്ങളും രൂപപ്പെട്ടത്. സമീപ ദശകങ്ങളിൽ ചില തൊഴിൽ മേഖലകൾ പുരോഗതി നേടുകയും നിയമങ്ങൾ ഏകീകരിക്കുകയും ചെയ്‌തിരുന്നു. പക്ഷേ, 29 കേന്ദ്ര തൊഴിൽ നിയമങ്ങളിലായി കാലഹരണപ്പെട്ട ചില തൊഴിൽ വ്യവസ്ഥകൾ ഇന്ത്യയിലുണ്ടായിരുന്നു.മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക യാഥാർത്ഥ്യങ്ങളോടും വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ വ്യവസ്ഥകളോടും പൊരുത്തപ്പെടാൻ ഈ നിയന്ത്രണ ചട്ടക്കൂടുകൾ പാടുപെട്ടു. ഇത് തൊഴിലാളികൾക്കും വ്യവസായത്തിനും അനിശ്ചിതത്വം സൃഷ്‌ടിച്ചു.കൊളോണിയൽ കാലഘട്ടത്തിലെ ഘടനകൾക്കപ്പുറത്തേക്ക് നീങ്ങാനും ആധുനിക പ്രവണതകളുമായി പൊരുത്തപ്പെടാനുമുള്ള ദീർഘകാല ആവശ്യങ്ങളാണ് നാല് തൊഴിൽ കോഡുകളിലായി നടപ്പിലാക്കുന്നത്. തൊഴിലാളികളെയും ചെറുകിട സംരംഭങ്ങളെയും ഇത് ശാക്തീകരിക്കുന്നു.

തൊഴില്‍ നിയമത്തിലെ സുപ്രധാന മാറ്റങ്ങള്‍

1.ഗ്രാറ്റുവിറ്റി

അഞ്ച് വർഷം തുടര്‍ച്ചയായി തൊഴില്‍ എടുക്കുന്നവര്‍ക്കാണ് മുൻപ് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടായിരുന്നത്. ഇപ്പോൾ സ്ഥിരകാല ജീവനക്കാർക്ക് ഒരു വർഷത്തെ തുടർച്ചയായ ജോലിക്ക് ശേഷം ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാകും. പെൻഷൻ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവ കണക്കാക്കുന്നതിൽ സ്ഥിരത ഉറപ്പാക്കും. മൊത്തം പ്രതിഫലത്തിൻ്റെ 50 ശതമാനം വേതനം കണക്കാക്കി നൽകും.

2. ഓവർടൈമിന് ഇരട്ടി വേതനം

ഒരു ദിവസം 8 മുതൽ 12 മണിക്കൂർ വരെ തൊഴിലെടുക്കാം. ആഴ്‌ചയിൽ 48 മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കാൻ പാടില്ല. ഷിഫ്റ്റുകൾ 9 മണിക്കൂറായി പരിമിതപ്പെടുത്തി. തൊഴിലാളിയുടെ സമ്മതത്തോടെ ഓവർടൈം ചെയ്യുകയാണെങ്കിൽ വേതന നിരക്കിൻ്റെ ഇരട്ടി കമ്പനി നൽകണം. കരാർ തൊഴിലാളികൾക്ക് ഇപ്പോൾ അഞ്ച് വർഷത്തേക്ക് ഒരൊറ്റ ലൈസൻസ് ലഭ്യമാകും.

3. പിരിച്ചുവിടലുകൾക്കുള്ള പരിഷ്‌കരിച്ച നിയമങ്ങൾ

ട്രേഡ് യൂണിയനുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ, വ്യാവസായിക സ്ഥാപനങ്ങളിലെ തൊഴിൽ വ്യവസ്ഥകൾ എന്നിവ ലളിതമാക്കുന്ന കോഡ് 2 - ദി ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, 2020 - ൽ ഈ പ്രത്യേക നിയമം പരാമർശിച്ചിരിക്കുന്നു. പിരിച്ചുവിടലിന് പരിധി 100 തൊഴിലാളികളിൽ നിന്ന് 300 ആയി ഉയർത്തി.പുതിയ ലേബർ കോഡുകൾ പ്രകാരം തൊഴിലാളികളുടെ പരിധി 100 ൽ നിന്ന് 300 ആയി ഉയരുന്നതിനാൽ, 299 ജീവനക്കാരുള്ള കമ്പനികൾക്ക് ഇപ്പോൾ സർക്കാർ അനുമതിയില്ലാതെ ജീവനക്കാരെ പിരിച്ചുവിടാൻ കഴിയും എന്നാണ് ഇതിനർത്ഥം. മുൻപ് 100 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്ക് സർക്കാർ അംഗീകരിച്ച തൊഴിൽ വ്യവസ്ഥകൾ ആവശ്യമായിരുന്നു.

4. കരാര്‍ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങൾ

കരാര്‍ തൊഴിലാളികൾക്കുള്ള പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് ലേബർ കോഡ് ഒരു ഫണ്ട് ഉറപ്പാക്കുന്നു. ആരോഗ്യം, വാർധക്യ ആനുകൂല്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.

5. വർക്ക് ഫ്രം ഹോം സൗകര്യം

കൊവിഡ് -19 പാൻഡെമിക് സമയത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സംവിധാനം പോലെ ഇപ്പോൾ പല കമ്പനികളിലും ഉൾപ്പെടുത്തുന്നു.

6. സംഘടിത, അസംഘടിത മേഖലകൾക്ക് മിനിമം വേതനം

പുതിയ ലേബര്‍ നിയമപ്രകാരം സംഘടിത മേഖലയിലെയും അസംഘടിത മേഖലയിലെയും എല്ലാ തൊഴിലാളികൾക്കും സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തിന് അർഹതയുണ്ടായിരിക്കും. മിനിമം ജീവിത നിലവാരത്തെ അടിസ്ഥാനമാക്കി സർക്കാർ ഒരു നിയമപരമായ വേതനം നിശ്ചയിക്കും. കൂടാതെ, പ്രതിമാസ ശമ്പളം പരിഗണിക്കാതെ, സമയബന്ധിതമായി പണം നൽകുന്നതിനും അനധികൃത കിഴിവുകൾ തടയുന്നതിനുമുള്ള വ്യവസ്ഥകൾ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, നിലനിർത്തൽ അലവൻസ് എന്നിവ ഉൾപ്പെടുന്നു.

7. സ്ത്രീ സുരക്ഷാ മുന്നേറ്റം

സുരക്ഷാ നടപടികളോടെ സ്ത്രീകൾക്ക് ഇപ്പോൾ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ കഴിയും. അസംഘടിത മേഖലകളിലെ എല്ലാ സ്ത്രീ തൊഴിലാളികൾക്കും 26 ആഴ്‌ച ശമ്പളത്തോടുകൂടിയ അവധി ഉൾപ്പെടെയുള്ള പ്രസവാനുകൂല്യങ്ങൾ ഈ ലേബര്‍ നിയമം നൽകുന്നു.

8. സാമൂഹിക സുരക്ഷ

2020 ലെ സാമൂഹിക സുരക്ഷാ കോഡ്, അസംഘടിത, കരാര്‍, പ്ലാറ്റ്‌ഫോം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ നൽകുന്നു. ആനുകൂല്യങ്ങൾ ലൈഫ്, ആരോഗ്യം, പ്രസവാവധി, പ്രൊവിഡൻ്റ് ഫണ്ട് ആനുകൂല്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.

9. അതിഥി തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ

അതിഥി തൊഴിലാളികൾ നേരിട്ട് ജോലി ചെയ്യുന്നതോ കോൺട്രാക്‌ടർമാർ വഴി ജോലി ചെയ്യുന്നതോ ആയവര്‍ക്കും ആനുകൂല്യം ലഭിക്കുന്നു. 12 മാസത്തിലൊരിക്കൽ ജന്മനാട്ടിലേക്കുള്ള വാർഷിക യാത്രാ അലവൻസും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ലഭ്യമാകും.

നേട്ടം എങ്ങനെ?

1.സ്ഥിരം തൊഴിലാളികൾക്ക്:

അഞ്ച് വർഷത്തിന് ശേഷം ലഭിക്കുന്ന ഗ്രാറ്റുവിറ്റി ഒരു വർഷത്തിന് ശേഷം ഇനി മുതൽ ലഭ്യമാകും. കൂടെ മറ്റ് ആനുകൂല്യങ്ങളും

2.ഗിഗ് & പ്ലാറ്റ്ഫോം വർക്കേഴ്‌സ് :

നിയമപരമായ അംഗീകാരം ലഭിക്കും. തൊഴിലാളികളുടെ ക്ഷേമനിധിയിലേക്ക് കമ്പി ആകെ ടേണോവറിൻ്റെ 1-2 ശതമാനം വിഹിതം നൽകേണ്ടതാണ്. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ട് നമ്പർ ക്ഷേമ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ സഹായിക്കും. എല്ലാ സംസ്ഥാനങ്ങളിലും ഇത് ലഭ്യമാകും.

3.കരാർ ജീവനക്കാർ :

കരാർ തൊഴിലാളികൾക്ക് ആരോഗ്യ ആനുകൂല്യങ്ങളും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും പ്രധാന തൊഴിലുടമ നൽകും. സൗജന്യ വാർഷിക ആരോഗ്യ പരിശോധനയും നൽകും.

4. സ്ത്രീ തൊഴിലാളികൾ: തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കി. സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റുകളിലും എല്ലാത്തരം ജോലികളിലും (ഭൂഗർഭ ഖനനം, ഹെവി മെഷിനറി എന്നിവയുൾപ്പെടെ) അനുവാദം നല്‍കി. പരാതി പരിഹാര കമ്മിറ്റികളിൽ സ്ത്രീ പ്രാതിനിധ്യം നിർബന്ധമാക്കി. കുടുംബത്തിൽ ഭാര്യാപിതാക്കളെ ചേർക്കുന്നതിനുള്ള വ്യവസ്ഥ ഉണ്ടാക്കി.

5. യുവ തൊഴിലാളികള്‍: യുവാക്കള്‍ക്ക് ഉള്‍പ്പെടെ എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പാക്കുന്നു. എല്ലാ തൊഴിലാളികൾക്കും നിയമന കത്തുകൾ ലഭിക്കണം. സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നു. തൊഴിലുടമകൾ തൊഴിലാളിയെ ചൂഷണം ചെയ്യുന്നത് നിരോധിച്ചു. അവധിക്കാല വേതനം നിർബന്ധമാക്കി.

6. എംഎസ്എംഇ തൊഴിലാളികൾ: സൂക്ഷ്മ: മൈക്രോ (Micro), ചെറുകിട: സ്മോൾ (Small), ഇടത്തരം: മീഡിയം (Medium) സംരംഭങ്ങൾ: എൻ്റർപ്രൈസസ് (Enterprises) വരുന്ന എല്ലാ എംഎസ്എംഇ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പാക്കി. തൊഴിലാളികൾക്ക് കുടിവെള്ളം, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും. ഓവർടൈം വേതനം, ശമ്പളത്തോടുകൂടിയ അവധി എന്നിവയ്ക്കുള്ള വ്യവസ്ഥകൾ. കൃത്യസമയത്തുള്ള വേതനം ഉറപ്പാക്കൽ. ചെറിയ ഫാക്ടറികളിലെ ജോലിക്കാർ, കൈത്തറി, കരകൗശല മേഖലകളിലെ വിദഗ്ധർ, ചെറുകിട ബേക്കറികളിലെയും ഭക്ഷണശാലകളിലെയും ജീവനക്കാർ എന്നിവരാണ് ഇതിന് കീഴില്‍ വരുന്നത്.

7. ബീഡി, സിഗാർ തെറുപ്പ് തൊഴിലാളികൾ: എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കി. ജോലി സമയം പ്രതിദിനം 8-12 മണിക്കൂറും, ആഴ്‌ചയിൽ 48 മണിക്കൂറാക്കുകയും ചെയ്‌തു. തൊഴിലാളിയുടെ സമ്മതത്തോടെയായിരിക്കണം ഓവർടൈം ജോലി ചെയ്യുന്നത്. വേതനത്തിൻ്റെ ഇരട്ടി നൽകണം. ഒരു വർഷത്തിൽ 30 ദിവസം ജോലി പൂർത്തിയാക്കിയാൽ ബോണസിന് അർഹതയുണ്ടാകും.

8. തോട്ടം തൊഴിലാളികൾ: ഒഎസ്എച്ച്ഡബ്ല്യൂസി കോഡിൻ്റെയും സാമൂഹിക സുരക്ഷാ കോഡിൻ്റെയും കീഴിൽ കൊണ്ടുവന്നു. പത്തിൽ കൂടുതൽ തൊഴിലാളികളോ അഞ്ചോ അതിലധികമോ ഹെക്‌ടറുകളുള്ള തോട്ടങ്ങൾക്കാണ് ലേബർ കോഡുകൾ ബാധകമാകുന്നത്. രാസവസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും ഉപയോഗിക്കുന്നതിലും നിർബന്ധിത സുരക്ഷാ പരിശീലനം.

അപകടങ്ങളും രാസവസ്‌തുക്കളുമായുള്ള സമ്പർക്കവും തടയുന്നതിന് സംരക്ഷണ ഉപകരണങ്ങൾ നിർബന്ധം . തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും പൂർണ ഇഎസ്ഐ മെഡിക്കൽ സൗകര്യങ്ങൾ, കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു.

9. ഓഡിയോ-വിഷ്വൽ & ഡിജിറ്റൽ മീഡിയ വർക്കർമാർ: ഇലക്ട്രോണിക് മാധ്യമപ്രവർത്തകർ, ഡബ്ബിങ് ആർട്ടിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള ഡിജിറ്റൽ, ഓഡിയോ-വിഷ്വൽ തൊഴിലാളികൾക്ക് ഇപ്പോൾ പൂർണ ആനുകൂല്യങ്ങൾ ലഭിക്കും. എല്ലാ തൊഴിലാളികൾക്കും അവരുടെ പദവി, വേതനം, സാമൂഹിക സുരക്ഷാ അവകാശങ്ങൾ എന്നിവ വ്യക്തമായി പ്രദർശിപ്പിച്ചുകൊണ്ട് നിർബന്ധിത നിയമന ഉത്തരവ് കൈമാറാണം. കൃത്യസമയത്ത് വേതനം നല്‍കണം.

10. ഖനിത്തൊഴിലാളികൾ: ചില തൊഴിലുകള്‍ അപകടം നിറഞ്ഞതായി സാമൂഹിക സുരക്ഷാ കോഡ് കണക്കാക്കുന്നു. ഖനിത്തൊഴിലാളികള്‍ അപകടത്തില്‍പെടാൻ കൂടുതല്‍ സാധ്യതയുള്ളതിനാല്‍ തൊഴിൽ സുരക്ഷയും ആരോഗ്യ സാഹചര്യങ്ങളും ഏകീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. എല്ലാ തൊഴിലാളികൾക്കും സൗജന്യ വാർഷിക പരിശോധന ആരോഗ്യവും തൊഴിൽ-ജീവിത സന്തുലിതാവസ്ഥയും ഉറപ്പാക്കാൻ ജോലി സമയം പ്രതിദിനം 8 മുതൽ 12 മണിക്കൂർ വരെയും ആഴ്‌ചയിൽ 48 മണിക്കൂർ വരെയും ആയി പരിമിതപ്പെടുത്തും.

11. വസ്ത്ര വ്യാപാരികൾ: എല്ലാ തൊഴിലാളികൾക്കും തുല്യ വേതനം, ക്ഷേമ ആനുകൂല്യങ്ങൾ , പിഡിഎസ് പോർട്ടബിലിറ്റി ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. കുടിശിക തീർപ്പാക്കുന്നതിനായി തൊഴിലാളികൾക്ക് മൂന്ന് വർഷം വരെ ക്ലെയിമുകൾ ഉന്നയിക്കാം.

12. ഐടി & ഐടിഇഎസ് തൊഴിലാളികൾ: എല്ലാ മാസവും 7-ാം തീയതിക്കകം ശമ്പളം വിതരണം ചെയ്യും. ജോലിയിലെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നു. തുല്യ ജോലിക്ക് തുല്യ വേതനം നിർബന്ധമാക്കി. സ്ത്രീ പങ്കാളിത്തം ശക്തിപ്പെടുത്തി. പീഡനം, വിവേചനം, വേതന സംബന്ധമായ തർക്കങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണുന്നു. നിശ്ചിതകാല തൊഴിൽ, നിർബന്ധിത നിയമന കത്തുകൾ എന്നിവയിലൂടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പ് വരുത്തുക.

13. കയറ്റുമതി മേഖലയിലെ തൊഴിലാളികൾ: കയറ്റുമതി മേഖലയിലെ സ്ഥിരം തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി, പ്രോവിഡൻ്റ് ഫണ്ട് (പിഎഫ്), മറ്റ് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. എല്ലാ തൊഴിലാളിക്കും ഒരു വർഷത്തിൽ 180 ദിവസത്തെ ജോലിക്ക് ശേഷം വാർഷിക അവധി ലഭിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും . ഓരോ തൊഴിലാളിക്കും കൃത്യസമയത്ത് വേതനം ലഭിക്കാനുള്ള അവകാശം. വേതന പരിധി നിയന്ത്രണങ്ങൾ ഉണ്ടാകരുത്.

ഒരു തൊഴിലാളിക്കും ശരാശരി ജീവിത നിലവാരത്തിന് താഴെയുള്ള വേതനം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് കേന്ദ്രം വാദിക്കുന്നു. ലിംഗഭേദമില്ലാത്ത വേതനവും തൊഴിലവസരങ്ങളും, ട്രാൻസ്‌ജെൻഡറുകൾ ഉൾപ്പെടെയുള്ളവർക്ക് നേരെയുള്ള വിവേചനം നിരോധിച്ചു. തർക്ക പരിഹാരം വേഗത്തില്‍ സാധ്യമാകുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട ഒറ്റ രജിസ്ട്രേഷൻ, ഒറ്റ ലൈസൻസ് എന്നിവ നടപ്പിലാകുന്നു

വിവിധ മേഖലകളിൽ സുരക്ഷയും ആരോഗ്യ ഇൻഷുറൻസും സ്ഥാപിക്കാൻ ദേശീയ ഒഎസ്എച്ച് ബോർഡ്. 500 ലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ നിർബന്ധിത സുരക്ഷാ സമിതികൾ ഏർപ്പെടുത്തി. ചെറുകിട വ്യവസായ യൂണിറ്റുകൾക്കുള്ള നിയന്ത്രണം കുറയ്ക്കൽ, തൊഴിലാളികൾക്ക് പൂർണമായ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കൽ.തൊഴിൽ നിയമങ്ങളുടെ കരട് തയാറാക്കുന്ന വേളയിൽ വിപുലമായ കൂടിയാലോചനകൾ സർക്കാർ നടത്തിയിരുന്നു. കോഡുകൾക്ക് കീഴിലുള്ള അനുബന്ധ നിയമങ്ങൾ, ചട്ടങ്ങൾ, പദ്ധതികൾ മുതലായവ രൂപപ്പെടുത്തുന്നതിൽ പൊതുജനങ്ങളെയും പങ്കാളികളെയും സർക്കാർ ഉൾപ്പെടുത്തും. നിലവിലുള്ള തൊഴിൽ നിയമങ്ങളിലെ പ്രസക്തമായ വ്യവസ്ഥകളും അവയുടെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും വിജ്ഞാപനങ്ങളും മാനദണ്ഡങ്ങളും പദ്ധതികളും മുതലായവ പ്രാബല്യത്തിൽ തുടരും.കഴിഞ്ഞ ദശകത്തിലാണ് സാമൂഹിക സുരക്ഷാ കവറേജ് സർക്കാർ വികസിപ്പിച്ചത്. രാജ്യത്തുടനീളമുള്ള തൊഴിലാളികളിലേക്ക് സംരക്ഷണം ഉറപ്പാക്കി. തൊഴിൽ കോഡുകളുടെ നടപ്പാക്കൽ പ്രധാന ചുവടുവയ്പ്പായി അടയാളപ്പെടുത്തുന്നു. സാമൂഹിക സുരക്ഷ വിശാലമാക്കുന്നുവെന്നും കേന്ദ്രം അഭിപ്രായപ്പെടുന്നു.

വിമർശനങ്ങൾ :

29 തൊഴിൽ നിയമങ്ങൾ നാല് കോഡുകളാക്കി മാറ്റുമ്പോൾ ഇന്നോളം ഉണ്ടായിരുന്ന അവകാശങ്ങൾ എടുത്തുമാറ്റുകയാണെന്നും കേന്ദ്ര സർക്കാരിൻ്റെ മുതലാളിത്ത ചങ്ങാത്തത്തിൻ്റെ ഉപ ഉത്പ്പന്നമാണ് ഈ ലേബർ കോഡ് എന്നതിൽ യാതൊരു സംശയവുമില്ലെന്നും സിഐടിയു നേതാവ് വിവി പ്രസന്നകുമാരി പറഞ്ഞു.തൊഴിലാളികളെ ചൂഷണം ചെയ്യാനും സാധ്യതയേറുന്നു എന്നതുകൊണ്ടാണ് ഇതിന് എതിർപ്പെന്നും ആയതിനാലാണ് ഇതിനെതിരെ നിരന്തരമായ സമരം സംഘടിപ്പിക്കുന്നതെന്നു അവര്‍ പ്രതികരിച്ചു. 2025 ജൂലൈ 9 ന് നടത്തിയ ദേശീയ പണിമുടക്കിലും ഉയർത്തിയ മുദ്രാവാക്യം ലേബർ കോഡുകൾ പിൻവലിക്കുക എന്നതാണ്. ഇതിനെതരെ തൊഴിലാളി സംഘടന 26-ാം തീയതി സമരത്തിന് ആഹ്വാനം ചെയ്‌തിരിക്കുകയാണെന്നും സെൻ്റർ ഫോർ ഇന്ത്യൻ ട്രേഡ് യൂണിയൻ(സിഐടിയു) നേതാവ് വി. പ്രസന്നകുമാരി പറഞ്ഞു.

"ദേശീയമായും അന്തർദേശീയമായും അംഗീകരിക്കപ്പെട്ട തൊഴിലാളികളുടെ അവകാശം ഇല്ലാതാകുകയും അതൊരു ധർമമായി മാറുകയും ചെയ്യുന്നു. ദേശീയ നയത്തിൽ തന്നെ വിശദീകരിക്കുന്നുണ്ട്. വേലയ്ക്ക് കൂലി എന്നതിന് പകരം മുതലാളിയുടെ ധർമം അനുസരിച്ച് കൂലി നൽകുന്ന സ്ഥിതിയിലേയ്ക്ക് എത്തും.നിയമത്തിൻ്റെ അടിസ്ഥാനത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ എന്നതിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ തൊഴിലെടുക്കുന്നവർ എന്ന സ്ഥിതിയിലേയ്ക്ക് എത്തുന്നു. വ്യവസായ സ്ഥാപനങ്ങളിൽ നിർമിത ബുദ്ധി പോലുള്ളവയെ ഉപയോഗിക്കുന്നത് വർധിപ്പിക്കാനും ഇത്തരം നയങ്ങൾ കാരണമാകുന്നു.ഇന്ത്യയിൽ 800 ദശ ലക്ഷം തൊഴിലാളികളുണ്ട്. അമർത്യാസെൻ പറഞ്ഞതുപോലെ അകൽച്ച ഉണ്ടാകുന്ന സമൂഹത്തെയാണ് ഇത്തരം നിയമങ്ങൾ വാർത്തെടുക്കുന്നത്. സമൂഹത്തെ രണ്ടായി വേർതിരിക്കുന്ന വർഗ പോരാട്ടങ്ങൾക്ക് വഴി വയ്ക്കുന്നതായി മാറാൻ സാധ്യതയുണ്ട്. അതാണ് തൊഴിൽ നയത്തിൻ്റെ നീക്കം," : മുൻ എംപിയും ട്രേഡ് യൂണിയൻ നേതാവും  അഭിഭാഷനുമായ അഡ്വ തമ്പാൻ തോമസ് പ്രതികരിച്ചു