സംസ്ഥാനത്തെ PFI കേന്ദ്രങ്ങളിൽ NIA റെയ്ഡ്

സംസ്ഥാനത്തെ PFI  കേന്ദ്രങ്ങളിൽ NIA റെയ്ഡ്

എറണാകുളം: സംസ്ഥാനത്തെ പോപ്പുലർ ഫ്രെൻഡ്  കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്. ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത കേസുകളിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താനായിരുന്നു മിന്നൽ പരിശോധന നടത്തിയത്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലായിരുന്നു റെയ്ഡ്.ഇരുപതോളം പി എഫ് ഐ കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തിയതായാണ് വിവരം ലഭിക്കുന്നത്. പ്രധാനമായും ഒളിവിൽ കഴിയുന്ന പ്രതികളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ കേസിലും, ഇതിനോടൊപ്പം അന്വേഷിക്കുന്ന ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലപാതക കേസിലും പിടികിട്ടാപ്പുള്ളികളായ ആറ് പി എഫ് ഐ പ്രവർത്തകരെ പിടികൂടാനുള്ള ശ്രമം ദേശീയ അന്വേഷണ ഏജൻസി ഊർജിതമാക്കുകയാണ്.പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷികങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എൻ ഐ എ ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. ആലുവ സ്വദേശി അബ്ദുൽ വഹാബിനെ (38) കുറിച്ച് വിവരം നൽകുന്നവർക്ക് 7,00,000 രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചത്. പാലക്കാട് പട്ടാമ്പി സ്വദേശിയായ അബ്ദുൽ റഷീദിനെ (35) കണ്ടെത്താൻ സഹായിക്കുന്നവർക്കും 7,00,000 രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂറിനെ (43) കുറിച്ച് വിവരം നൽകുന്നവർക്ക് 3,00,000 രൂപയാണ് പാരിതോഷികം. എറണാകുളം എടവനക്കാട് സ്വദേശി അയൂബ് ടി.എ (52) എന്നയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 7,00,000 രൂപയും പ്രഖ്യാപിച്ചു. മുഹമ്മദ് യാസർ അറഫാത്ത് (എറണാകുളം ആലങ്ങാട് സ്വദേശി), മൊയ്തീൻകുട്ടി പി. (മലപ്പുറം വളാഞ്ചേരി) എന്നിവരെ കണ്ടെത്താനും എൻ ഐ എ സഹായം അഭ്യർത്ഥിച്ചിരുന്നു. പ്രതികളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കുമെന്നും എൻ ഐ എ വ്യക്തമാക്കിയിട്ടുണ്ട്.പരിശോധനയിൽ ചില ഡിജിറ്റൽ തെളിവുകൾ (മൊബൈൽ ഫോണുകൾ, സിം കാർഡുകൾ), ബാങ്ക് പാസ്ബുക്കുകൾ എന്നിവ പിടിച്ചെടുത്തതായാണ് വിവരം.

വിദേശത്തുനിന്ന് ഹവാല വഴി പണം എത്തിയതുമായി ബന്ധപ്പെട്ട ചില ഡയറിക്കുറിപ്പുകളും അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്.ഒളിവിൽ കഴിയുന്ന പ്രതികൾക്ക് താമസസൗകര്യവും സാമ്പത്തിക സഹായവും നൽകുന്ന 'സ്ലീപ്പർ സെല്ലുകളെ' കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ഇപ്പോൾ എൻ.ഐ.എ ശ്രമിക്കുന്നത്. പിടികിട്ടാപ്പുള്ളികളായ പ്രതികൾ കേരളത്തിന് പുറത്തേക്ക് കടന്നോ അതോ അയൽസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയാണോ എന്നും പരിശോധിക്കുന്നുണ്ട്