പുതുവർഷ ആഘോഷം കളറാക്കാൻ ഹെറോയിൻ എത്തിച്ച ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മുംബൈ:പുതുവത്സരാഘോഷത്തിന് മുന്നോടിയായി മുംബൈയിൽ ഹെറോയിൻ വിതരണം ചെയ്തിരുന്ന ലഹരി മാഫിയാസംഘത്തിലെ 9പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ മൂന്നുപേർ സ്ത്രീകളാണ്. സംഘത്തലവനുവേണ്ടി പോലീസ് നിലവിൽ തിരച്ചിൽ നടത്തുകയാണ്.
ഡിസംബർ 16 ന് പൈഡോണി പോലീസ് മസ്ജിദ് ബന്ദറിൽ നിന്ന് ഏകദേശം 1.30 കോടി രൂപ വിലമതിക്കുന്ന 326.22 ഗ്രാം ഹെറോയിൻ കൈവശം വച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്‌തിരുന്നു.തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കള്ളക്കടത്തിന്റെ ഉറവിടത്തെക്കുറിച്ച് രണ്ട് പ്രതികളെയും ചോദ്യം ചെയ്യുകയും ചെയ്തു. അറസ്റ്റിലായവർ റുബീന ഖാൻ (30) എന്ന സ്ത്രീയിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് പോലീസിനോട് പറഞ്ഞു. തുടർന്ന് അവരെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്‌തപ്പോൾ ഷബ്നം ഷെയ്ഖ് ആണ് തനിക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയതെന്ന് പറയുകയും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, രാജസ്ഥാനിലെ അജ്മീറിൽ വെച്ച് ഷബ്നത്തെ പോലീസ് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് നടത്തിയ ചോദ്യചെയ്യലിൽ 19 വയസ്സുള്ള മുസ്കൻ ഷെയ്ഖ് എന്ന പെൺകുട്ടി റുബീനയ്ക്ക് ഹെറോയിൻ കൈമാറിയതായും തുടർന്ന് മുംബൈ മസ്ജിദ് ബന്ദറിന്റെ പരിസരത്ത് നിന്ന് അവളെയും അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.മെഹർബാൻ അലി എന്നയാളാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതെന്നും, തുടർന്ന് സൗത്ത് മുംബൈയിലെ മറ്റുള്ളവർക്ക് താൻ ഇത് എത്തിച്ചു കൊടുക്കുമായിരുന്നുവെന്നും മുസ്‌കാൻ പറഞ്ഞു. ഡിസംബർ 24 ന് മയക്കുമരുന്ന് എത്തിക്കാൻ വരുമെന്ന് അവർ പോലീസിനോട് പറഞ്ഞതിനെ തുടർന്ന്, പോലീസ് ഒരു കെണിയൊരുക്കി ഒരാളെ അറസ്റ്റ് ചെയ്തു. അലിയുടെ നിർദ്ദേശപ്രകാരമാണ് താൻ വന്നതെന്ന് പോലീസിനോട് പറഞ്ഞ അബ്ദുൾ ഖാദിർ ഷേഖിന്റെ പക്കൽ നിന്ന് പോലീസ് 1.38 കോടി രൂപയുടെ ഹെറോയിൻ കണ്ടെടുത്തു.തുടർന്ന് അബ്ദുൾ പോലീസിനെ മെഹർബാൻ അലിയുടെ ഓഷിവാര വിലാസത്തിലേക്ക് നയിച്ചു. പോലീസ് അവിടെ റെയ്ഡ് നടത്തിയപ്പോൾ അലിയെ കണ്ടെത്താനായില്ല, എന്നാൽ മുറിയിൽ നഗരത്തിലുടനീളം വിൽക്കാൻ ചെറിയ ഹെറോയിൻ പാക്കറ്റുകൾ ഉണ്ടാക്കുകയായിരുന്ന മറ്റ് മൂന്ന് പേരെ കണ്ടെത്തി, അവരിൽനിന്ന് അന്താരാഷ്ട്ര വിപണിയിൽ 33 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പോലീസ് പിടിച്ചെടുത്തു. മുഴുവൻ ഓപ്പറേഷന്റെയും സൂത്രധാരനാണെന്ന് സംശയിക്കുന്ന അലിയെ തിരഞ്ഞുവരികയാണെന്ന് അന്യേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.