ആന്ദ്ര -വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 9 മരണം,നിരവധിപേർക്ക് പരിക്ക്
ആന്ധ്രാപ്രദേശ്: ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ പട്ടണത്തിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഇന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് ഭക്തർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.ഏകാദശി ആഘോഷത്തിനായി ക്ഷേത്രത്തിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയപ്പോഴാണ് തിക്കിലും തിരക്കിലും ഭക്തർ പെട്ടതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് സംഘങ്ങളും അടിയന്തര സേവനങ്ങളും സ്ഥലത്തെത്തി. സംഭവത്തിന് തൊട്ടുപിന്നാലെ സംസ്ഥാന കൃഷി മന്ത്രി കെ. അച്ചൻനായിഡു ക്ഷേത്രത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനുമായി കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് അദ്ദേഹംഅനുശോചനം രേഖപ്പെടുത്തി, പരിക്കേറ്റവർക്ക് ഉടനടി വൈദ്യസഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

