കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികളുൾപ്പെടെ ഒരേ കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു.

 കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികളുൾപ്പെടെ ഒരേ കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികളുൾപ്പെടെ ഒരേ കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. സ്‌കൂൾ വാർഷികാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച എർട്ടിഗ കാർ നിയന്ത്രണം വിട്ട് റോഡരികിലെ വയലിലുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.സുനിൽ ദത്തു ദർഗുഡെ (32), ഭാര്യ രേഷ്മ, ആശ അനിൽ ദർഗുഡെ (32) എന്നിവർക്ക് പുറമെ ഏഴ് മുതൽ 14 വയസ്സ് വരെ പ്രായമുള്ള അഞ്ച് പെൺകുട്ടികളും 11 വയസ്സുള്ള ഒരു ആൺകുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. രാഖി സുനിൽ ദർഗുഡെ, ശ്രുഷ്‌തി അനിൽ ദർഗുഡെ, ശ്രേയഷ് ദർഗുഡെ, മാധുരി ദർഗുഡെ, സമൃദ്ധി ദർഗുഡെ, ശ്രാവണി ദർഗുഡെ തുടങ്ങിയവരാണ് മരിച്ച മറ്റുള്ളവർ. ഒരു കുടുംബത്തിലെ ഒമ്പത് പേർ ഒന്നിച്ച് മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി.

ദുരന്തം വാർഷികാഘോഷം കഴിഞ്ഞ് മടങ്ങവെ

മാർച്ച് മൂന്നിന് രാത്രിയാണ് നാടിനെ നടുക്കിയ ദാരുണ അപകടം നടന്നത്. കുട്ടികളുടെ സ്‌കൂൾ വാർഷിക പരിപാടിയിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട കാർ നേരെ വയലിലെ വലിയ കിണറ്റിലേക്ക് തലകീഴായി മറിയുകയായിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ കുട്ടികൾ ധരിച്ച വസ്ത്രങ്ങളോടെയാണ് മൃതദേഹങ്ങൾ കിണറ്റിൽനിന്ന് പുറത്തെടുത്തത്. ഇത് കണ്ടുനിന്നവരിൽ വലിയ നൊമ്പരമുണ്ടാക്കി.

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം

വൻ ശബ്‌ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് അപകടവിവരം ആദ്യം പൊലീസിനെ അറിയിച്ചത്. തുടർന്ന് ഫയർ ഫോഴ്‌സും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ തടസം സൃഷ്ടിച്ചു. സ്ഥലത്ത് വെളിച്ചക്കുറവുണ്ടായിരുന്നതും പ്രതിസന്ധിയായി. അതിനാൽ മണിക്കൂറുകളോളം പരിശ്രമിച്ചാണ് കാർ പുറത്തെടുക്കാൻ സാധിച്ചത്. വാഹനത്തെ ഉയർത്തുന്നതിനായി വലിയ ക്രെയിനുകൾ ഉൾപ്പെടെ സ്ഥലത്തെത്തിച്ചിരുന്നു. രാത്രി വൈകിയാണ് കാർ പൂർണമായും കിണറ്റിൽനിന്ന് കരയ്‌ക്കെത്തിച്ചത്.

പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനം, അഗ്നിശമന സേന, ദുരന്ത നിവാരണ സേന എന്നിവർക്ക് പുറമെ ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. കാറിലുണ്ടായിരുന്ന ഒമ്പത് പേരുടെയും മൃതദേഹങ്ങൾ ഡിൻഡോറിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണോ അതോ വാഹനത്തിന് എന്തെങ്കിലും സാങ്കേതിക തകരാറുകൾ സംഭവിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.