നിതിൻ നബിൻ ബിജെപിയുടെ ദേശീയ വർക്കിങ് പ്രസിഡൻ്റായി ചുമതലയേറ്റു

നിതിൻ നബിൻ ബിജെപിയുടെ ദേശീയ വർക്കിങ് പ്രസിഡൻ്റായി ചുമതലയേറ്റു

ന്യൂഡല്‍ഹി: ബിഹാർ കാബിനറ്റ് മന്ത്രി നിതിൻ നബിൻ ബിജെപിയുടെ ദേശീയ വർക്കിങ് പ്രസിഡൻ്റായി ചുമതലയേറ്റു. ഔപചാരികമായ ചടങ്ങിനായി പട്‌നയിൽ നിന്ന് രാവിലെ അദ്ദേഹം ഡൽഹിയില്‍ എത്തിയിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബിജെപി നബിന് ഊഷ്‌മളമായ സ്വീകരണം നല്‍കി.ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത, സംസ്ഥാന ബിജെപി പ്രസിഡൻ്റ് വീരേന്ദ്ര സച്ച്ദേവ എന്നിവരുൾപ്പെടെ മുതിർന്ന ബിജെപി നേതാക്കൾ സ്വീകരണത്തില്‍ പങ്കെടുത്തു. വിമാനത്താവളത്തിൽ നിന്ന് നബിൻ നേരെ പാർട്ടിയുടെ ദേശീയ ഓഫിസിലേക്കാണ് എത്തിയത്. ഏപ്രിലിൽ നടക്കാനിരിക്കുന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ നിതിൻ നബിൻ്റെ നിയമനം അംഗീകരിക്കപ്പെടും.

പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും അതിനുമുമ്പ് പൂർത്തിയാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ജനുവരി 14 ന് ശേഷം ദേശീയ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഒരു ഔപചാരിക തെരഞ്ഞെടുപ്പ് നടക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.

ബിജെപിയുടെ വർക്കിങ് പ്രസിഡൻ്റായി നബിനെ തെരഞ്ഞെടുത്തതിന് പിന്നാലെ നേതൃത്വത്തിൻ്റെ വിശ്വാസം താൻ ഉയർത്തിപ്പിടിക്കുമെന്ന് നബിൻ പറഞ്ഞിരുന്നു. 45 വയസുള്ള നബിൻ നിലവിലെ ഏറ്റവും പ്രായം കുറഞ്ഞ ബിജെപി വർക്കിങ് പ്രസിഡൻ്റാണ്. പ്രായം കുറഞ്ഞവരെ ഉത്തരവാദിത്ത സ്ഥാനങ്ങളിലേക്ക് ഉയർത്താനുള്ള പാർട്ടിയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് നിതിന്‍റെ നിയമനം. വലിയ നേതൃത്വ സ്ഥാനങ്ങളിലേക്ക് പ്രായം കുറഞ്ഞവരെ തെരഞ്ഞെുക്കന്നതിനുള്ള ഒരുചുവടു വയ്‌പ്പായി ഇതിനെ കണക്കാക്കുന്നതായി പാർട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ബിഹാർ രാഷ്ട്രീയത്തിലെ അഗ്രഗണ്യന്‍

ബിഹാർ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന വ്യക്തിയാണ് ബിഹാർ കാബിനറ്റ് മന്ത്രി നിതിൻ നബിൻ. പട്‌നയിലാണ് ഇദ്ദേഹം ജനിച്ചത്. നിലവിൽ ബിഹാറിലെ റോഡ് നിർമാണ വിഭാഗം മന്ത്രിയാണ്. ഇദ്ദേഹത്തിൻ്റെ പിതാവ് നബിൻ കിഷോർ സിൻഹ മുതിർന്ന ബിജെപി നേതാവായിരുന്നു. പിതാവിൻ്റെ മരണശേഷമാണ് നബിൻ രാഷ്ട്രീയത്തിൽ സജീവമായി പ്രവര്‍ത്തിച്ച് തുടങ്ങിയത്. അഞ്ച് തവണ ബിഹാറില്‍ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അടുത്തിടെ നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പട്‌നയിലെ ബങ്കിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ഇദ്ദേഹം മത്സരിച്ചത്. 98,299 വോട്ടുകൾ നേടി വന്‍ ഭൂരിക്ഷത്തില്‍ ജയിച്ചു. ആർജെഡിയുടെ സ്ഥാനാർഥി രേഖ കുമാരിയെ 51,936 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. നബിൻ്റെ രാഷ്‌ട്രീയ ചരിത്രത്തിലെ നാഴിക കല്ല് 2006 ലെ ഉപതെരഞ്ഞെടുപ്പായിരുന്നു. പട്‌ന വെസ്റ്റിൽ നിന്നാണ് നബിൻ ആദ്യമായി വിജയിച്ചത്. ഛത്തീസ്‌ഗഡിലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ചുമതലയും പാര്‍ട്ടി അദ്ദേഹത്തെ ഏൽപ്പിച്ചു.