വനിതകൾക്കുള്ള സാമ്പത്തിക സഹായം വർദ്ദിപ്പിച്ച് നിതീഷ്‌കുമാർ സർക്കാർ

പട്‌ന: ബിഹാറിലെ സ്‌ത്രീകൾക്ക് വീണ്ടും ധനസഹായവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. മുഖ്യമന്ത്രി മഹിളാ റോസ്‌ഗർ എന്ന പദ്ധതിയിലേക്കാണ് സംസ്ഥാന സർക്കാർ സ്‌ത്രീകൾക്ക് അധിക ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.മഹിളാ റോസ്‌ഗർ യോജന നിയമസഭാ വോട്ടെടുപ്പിനിടെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എൻഡിഎ വോട്ട് വാങ്ങാൻ വേണ്ടി പണം ചെലവഴിക്കുന്നു എന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്.മഹിളാ റോസ്‌ഗർ പദ്ധതിയിലൂടെ സ്‌ത്രീകൾക്ക് പുതിയ സംരംഭം ആരംഭിക്കുന്നതിന് ആദ്യ ഗഡുവായിട്ടായിരുന്നു 10,000 രൂപ നൽകിയിരുന്നത്. ഏകദേശം 75 ലക്ഷം സ്‌ത്രീകളുടെ അക്കൗണ്ടുകളിലക്ക് നേരിട്ട് 10,000 രൂപ നൽകുമെന്നമായിരുന്നു മുഖ്യമന്ത്രി വാഗ്‌ദാനം ചെയ്‌തത്."മുഖ്യമന്ത്രി മഹിളാ റോസ്‌ഗർ യോജന പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് രണ്ട് ലക്ഷം രൂപ വരെ അധിക സാമ്പത്തിക സഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.മുൻ തുക തൊഴിൽ ആവശ്യങ്ങൾക്കായി ശരിയായി വിനിയോഗിച്ചിട്ടുണ്ടെങ്കിൽ, ഈ തുക അവർക്ക് ഘട്ടം ഘട്ടമായി നൽകും. സംരംഭം നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ മുഴുവൻ തുകയും ഒറ്റയടിക്ക് നൽകാം," നിതീഷ് കുമാർ എക്‌സിൽ കുറിച്ചു.
എംഎംആർവൈ ഗുണഭോക്താക്കളുടെ ഉൽപ്പന്നങ്ങളുടെ വിപണനത്തിന് ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ഗ്രാമവികസന വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.തൊഴിൽ സംരംഭങ്ങൾ ആരംഭിച്ച തീയതി മുതൽ ആറ് മാസം വരെ വിലയിരുത്തിയ ശേഷം രണ്ട് ലക്ഷം രൂപ വരെ അധിക സാമ്പത്തിക സഹായം നൽകുന്നതിനുള്ള വ്യവസ്ഥകൾ എംഎംആർവൈലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കൂടാതെ ഗ്രാമപ്രദേശങ്ങളിൽ നിന്നും നഗരപ്രദേശങ്ങളിൽ നിന്നുമുള്ള ബാക്കിയുള്ള അപേക്ഷകരെയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഉടൻ തന്നെ 10,000 രൂപ ക്രെഡിറ്റ് ചെയ്യുമെന്നും നിതീഷ് പറഞ്ഞു.
ഈ പദ്ധതി സ്‌ത്രീകളെ ശാക്തീകരിക്കാൻ മാത്രമല്ല. സംസ്ഥാനത്തിനുള്ളിൽ തന്നെ അവർക്ക് മികച്ച തൊഴിൽ അവസരങ്ങൾ നൽകാനും ജനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി പോകാന്‍ നിര്‍ബന്ധിതരാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം എംഎംആർവൈ പ്രകാരം സ്ത്രീകൾക്ക് കൂടുതൽ സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ അവരെ പിന്തുണച്ച് തെരുവിലിറങ്ങുമെന്ന് ആർജെഡി നേതാവായ തേജസ്വി പ്രസാദ് യാദവ് പറഞ്ഞിരുന്നു. സർക്കാരിന് അവരുടെ വാഗ്‌ദാനങ്ങൾ നിറവേറ്റാൻ 100 ദിവസത്തെ സമയവും തേജസ്വി യാദവ് നൽകിയിരുന്നു.
സ്ത്രീകൾക്ക് ഈ പദ്ധതി പ്രകാരം കൂടുതൽ പണം ലഭിച്ചില്ലെങ്കിൽ താഴെത്തട്ടിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് വിദഗ്ദ്ധനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോറും പറഞ്ഞിരുന്നു.