പത്താമൂഴം : ബിഹാർ മുഖ്യമന്ത്രിപദത്തിൽ വീണ്ടും നിതീഷ് കുമാർ,സത്യപ്രതിഞ്ജ നാളെ

പട്‌ന: പത്താം തവണയും ബിഹാർ മുഖ്യമന്ത്രി പദം അലങ്കരിക്കാൻ നിതീഷ് കുമാർ. ഇന്ന് ചേർന്ന ജെഡിയു നിയമസഭാ യോഗത്തിൽ നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. നാളെ രാവിലെ 11:30 ന് ഗാന്ധി മൈതാനിയിൽ വച്ച് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എൻഡിഎയിലെ ഉന്നത നേതാക്കൾ, മറ്റ് പ്രമുഖർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിച്ച നിതീഷ് കുമാർ പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയും ചെയ്‌തു. 202 എൻഡിഎ എംഎൽഎമാരുടെ പട്ടികയും സമർപ്പിച്ചു. നിതീഷിൻ്റെ രാജി സ്വീകരിച്ച ഗവർണർ പുതിയ സർക്കാർ രൂപീകരിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. അതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് നിയമസഭയുടെ സെൻട്രൽ ഹാളിൽ വച്ച് എൻഡിഎ പാർട്ടി യോഗം ചേർന്നത്. യോഗത്തിൽ അഞ്ച് പാർട്ടികളിലേയും എംഎൽഎമാർ ഏകകണ്‌ഠമായി നിതീഷ് കുമാറിനെ നേതാവായി തെരഞ്ഞെടുക്കുക ആയിരുന്നു. ജെഡിയുവും ബിജെപിയും വെവ്വേറെ നിയമസഭാ പാർട്ടി യോഗങ്ങൾ നടത്തി.
ബിജെപി ഓഫിസിലെ അടൽ ഓഡിറ്റോറിയത്തിൽ ബിജെപി നിയമസഭാ പാർട്ടി യോഗം നടത്തി. സാമ്രാട്ട് ചൗധരിയെ നേതാവായും വിജയ് കുമാർ സിൻഹയെ ഉപനേതാവായും തെരഞ്ഞെടുത്തു. ബിഹാറിലെ എൻഡിഎ ഘടകകക്ഷികളിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി, ജെഡിയു, ആർഎൽഎം എന്നിവയുടെ എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തു.കേന്ദ്രമന്ത്രിയും ബിഹാർ തെരഞ്ഞെടുപ്പ് ചുമതലയും ബിജെപി ഇൻ-ചാർജുമായ ധർമ്മേന്ദ്ര പ്രധാൻ, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി കേന്ദ്ര നിരീക്ഷകനുമായ കേശവ് പ്രസാദ് മൗര്യ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ബിജെപി നേതാവ് സാമ്രാട്ട് ചൗധരി എൻഡിഎ നിയമസഭാ കക്ഷി നേതാവായി നിതീഷിൻ്റെ പേര് നിർദേശിച്ചപ്പോൾ മറ്റ് പാർട്ടികളിലെ നേതാക്കൾ അതിനെ പിന്താങ്ങുകയായിരുന്നു.
മന്ത്രിപദത്തിലേക്ക് സാധ്യത ആർക്കൊക്കെ?
സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും ഉപമുഖ്യമന്ത്രിമാരായി തുടരും. എല്ലാ ഘടകകക്ഷികൾക്കും അവരുടെ സംഖ്യാബലത്തിനനുസരിച്ച് സ്ഥാനങ്ങൾ നൽകും. ജെഡിയു വൃത്തങ്ങൾ പറയുന്നതനുസരിച്ച്, നിതീഷ് കുമാറിൻ്റെ അടുത്ത അനുയായികളായ വിജയ് ചൗധരി, അശോക് ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവർ മന്ത്രിമാരാകുമെന്ന് ഉറപ്പാണ്.നളന്ദയിൽ നിന്ന് വിജയിച്ച ശ്രാവൺ കുമാറും മന്ത്രിയായേക്കാം. ലെഷി സിങ്, മദൻ സാഹ്നി എന്നിവർ ഉൾപ്പെടെയുള്ളവരുടെ പേരുകളും ചർച്ച ചെയ്യുന്നുണ്ട്. ഇത്തവണ എൻഡിഎയിൽ ജെഡിയു സ്ഥാനാർഥിയായി മത്സരിച്ച ഏക മുസ്ലിം എംഎൽഎ ജമാ ഖാൻ ആണ്. അതിനാൽ, ന്യൂനപക്ഷ മന്ത്രിയായി ജമാ ഖാൻ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. മന്ത്രിസഭ രൂപീകരിക്കുമ്പോൾ അഞ്ച് എൻഡിഎ ഘടകങ്ങളും ജാതി, സാമൂഹിക സമവാക്യങ്ങൾ കണക്കിൽ എടുക്കുമെന്നാണ് പറയുന്നത്. "എല്ലാ ജാതിയിലും മതത്തിലുമുള്ള ആളുകൾ എൻഡിഎയ്ക്ക് വോട്ട് ചെയ്‌തു. എൻഡിഎയെ തെരഞ്ഞെടുത്തതിലൂടെ സ്ത്രീകൾ സുരക്ഷിതമായ ഒരു ഭാവി തെരഞ്ഞെടുത്തു, സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലെ 9% വർധനവ് നമ്മുടെ നേതാവായ മുഖ്യമന്ത്രി നിതീഷ് കുമാർ ചെയ്‌ത പ്രവർത്തനങ്ങൾ വിലമതിക്കപ്പെട്ടതിൻ്റെ വ്യക്തമായ സൂചനയാണ്. നിതീഷ് കുമാർ മുമ്പ് മുഖ്യമന്ത്രിയായിരുന്നു, ഇപ്പോഴും മുഖ്യമന്ത്രിയാണ്, ഭാവിയിലും അങ്ങനെ തന്നെ തുടരും" ജെഡിയു എംഎൽഎ കോമൾ സിങ് പറഞ്ഞു.
ഓരോ ആറ് എംഎൽഎമാർക്കും ഒരു മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് കരുതുന്നത്. അതനുസരിച്ച്, ബിജെപിക്ക് 15, ജെഡിയുവിന് 14, എൽജെപിക്ക് 3 കാബിനറ്റ് ബെർത്തുകൾ ലഭിക്കും. എച്ച്‌എഎമ്മിനും ആർഎൽഎമ്മിനും ഓരോ മന്ത്രി സ്ഥാനം വീതം ലഭിക്കും. ബിഹാറിൽ പരമാവധി 36 മന്ത്രിമാരെ വരെ നിയമിക്കാം.