ഇന്ധനക്ഷാമം ഭയക്കേണ്ടതില്ല; വിതരണം തടസ്സമില്ലാതെ തുടരുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ ഊർജ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. അസംസ്കൃത എണ്ണയുടെയും എൽപിജിയുടെയും വിതരണം തടസ്സമില്ലാതെ തുടരുമെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഡൽഹി നാഷണൽ മീഡിയ സെൻ്ററിൽ വിവിധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഇന്ത്യയുടെ ദൈനംദിന അസംസ്കൃത എണ്ണ ഉപഭോഗം ഏകദേശം 55 ലക്ഷം ബാരലാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള വിതരണം സാധാരണ നിലയേക്കാൾ ശക്തമായി തുടരുന്നുണ്ടെന്നും 40-ഓളം രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ വിതരണത്തിൽ യാതൊരു തടസ്സവുമുണ്ടാകില്ലെന്നും പെട്രോളിയം മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി സുജാത ശർമ അറിയിച്ചു.വിപണിയിൽ അനാവശ്യമായ പരിഭ്രാന്തിയും പാനിക് ബുക്കിങ്ങും ഒഴിവാക്കാൻ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എൽപിജി സിലിണ്ടർ റീബുക്കിങ് സമയം നിലവിലുള്ള 21 ദിവസത്തിൽ നിന്ന് 25 ദിവസമായി ഉയർത്തി. ഗാർഹിക ആവശ്യങ്ങൾക്കൊപ്പം ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അവശ്യ മേഖലകൾക്ക് എൽപിജി വിതരണത്തിൽ മുൻഗണന നൽകും. വാണിജ്യ എൽപിജി ആവശ്യകത വിലയിരുത്താനും വിതരണത്തിൽ സുതാര്യത ഉറപ്പാക്കാനും മൂന്ന് ഒഎംസി ഇഡികളുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു.
പ്രകൃതിവാതകത്തിൽ ദൈനംദിന ഉപഭോഗം 189 ദശലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യുബിറ്റ് മീറ്ററാണ്. രാജ്യത്തിൻ്റെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് ലഭിക്കുന്നത്. സൗദി എൽപിജി ബെഞ്ച്മാർക്കിൽ 33 ശതമാനം വരെ വർധനവ് ഉണ്ടായ സാഹചര്യത്തിൽ, ആഭ്യന്തര ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. റിഫൈനറികൾ നിലവിൽ അവയുടെ പരമാവധി ശേഷിയിലാണ് പ്രവർത്തിക്കുന്നത്.ഊർജ സുരക്ഷയ്ക്ക് പുറമെ മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, വ്യാപാര റൂട്ടുകളിലെ തടസ്സങ്ങൾ തുടങ്ങിയ വിഷയങ്ങളിലും കേന്ദ്ര സർക്കാർ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. അസ്ഥിരമായ ആഗോള സാഹചര്യത്തിൽ ഇന്ത്യയുടെ സാമ്പത്തിക, തന്ത്രപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. അനാവശ്യമായി ഗ്യാസ് ബുക്ക് ചെയ്യുന്നത് ഒഴിവാക്കി, ലഭ്യമായ ഗ്യാസ് മിതമായി ഉപയോഗിക്കാൻ ജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.