ഏറ്റെടുക്കാൻ ആരുംവന്നില്ല , മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് ചിതയൊരുക്കി ലീഗ് വനിത നേതാവ്

കാസര്‍കോട്: രോഗബാധിതനായി മരിച്ചപ്പോള്‍ സ്വന്തം കുടുംബം കൈവിട്ട നാരായണന് മകളുടെ സ്ഥാനത്തുനിന്നു ചിതയൊരുക്കി ജില്ലാപഞ്ചായത്തംഗമായ വനിതാ ലീഗ് നേതാവ്. മീഞ്ച പഞ്ചായത്തിലെ ചികുറുപാതയിലാണ് സംഭവം. കാന്‍സര്‍ ബാധിതനായി തെരുവില്‍ കണ്ടെത്തിയ, മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നാരായണന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബവും ബന്ധുക്കളും വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് അംഗവും വനിതാ ലീഗ് നേതാവുമായ ഇര്‍ഫാന ഇഖ്ബാല്‍ മകളുടെ സ്ഥാനത്തുനിന്ന് ഹിന്ദു ആചാരപ്രകാരം ചിതയ്ക്ക് തീ കൊളുത്തി സംസ്‌കാര ചടങ്ങുകള്‍ നടത്തി.കാന്‍സര്‍ ബാധിതനായി തെരുവില്‍ ദുരിതമനുഭവിച്ചിരുന്ന നാരായണന്റെ അവസ്ഥ പഞ്ചായത്തംഗം ഷരീഫ് ചിനാലയാണ് ഇര്‍ഫാന ഇഖ്ബാലിനെ അറിയിക്കുന്നത്. ഉടന്‍ സ്ഥലത്തെത്തിയ ഇര്‍ഫാന കലക്ടറെയും ജില്ലാമെഡിക്കല്‍ ഓഫീസറെയും സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഇതിനിടെ പ്രാദേശിക ഷെയ്ഖ് സയ്യിദ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കുളിപ്പിച്ചു വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നാലാംഘട്ട കാന്‍സര്‍ ബാധിതനായിരുന്ന നാരായണന്‍ ഒരു മാസത്തെ ചികിത്സയ്ക്ക്‌ശേഷം വ്യാഴാഴ്ച മരിച്ചു.
മഞ്ചേശ്വരം പൊലീസ് വിവരമറിയിച്ചെങ്കിലും രണ്ടു ഭാര്യമാരും മക്കളും സഹോദരിമാരുമുള്ള കുടുംബം നാരായണന്റെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ആവശ്യപ്പെട്ടതു പ്രകാരം ബന്ധുക്കള്‍ സംസ്‌കാരം നടത്തുന്നതിനായി ജില്ലാപഞ്ചായത്തംഗം ഇര്‍ഫാനയ്ക്ക് സമ്മതപത്രം നല്‍കുകയായിരുന്നു. മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടെ മെഡിക്കല്‍ കോളജില്‍ നിന്ന് ഉപ്പളയില്‍ എത്തിച്ച മൃതദേഹം ചെരുഗോളി പൊതുശ്മശാനത്തില്‍ ഹിന്ദു ആചാരപ്രകാരം സംസ്‌കരിച്ചു. സാമൂഹിക പ്രവര്‍ത്തകരായ റിയാസ് പിലാത്തറ, മുഹമ്മദ് കൈകംബ തുടങ്ങിയവരും ചടങ്ങുകളില്‍ ഒപ്പം നിന്നു