കേന്ദ്ര ബജറ്റ് :മോദി പറഞ്ഞ 'വികസിത കേരളം' തട്ടിപ്പ് ,കേരളത്തിന് ആശ്വാസകരമായ ഒരു പദ്ധതിയും ബജറ്റിൽ ഇല്ല: വി.ഡി.സതീശൻ

കോട്ടയം: കേന്ദ്രം എത്ര അവഗണനയോടെയാണ് കേരളത്തെ കാണുന്നതെന്നുള്ള മുന്നറിയിപ്പാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . മനഃപൂർവം കേരളത്തെ ഉപേക്ഷിക്കുന്ന സമീപനമാണ് കേന്ദ്രത്തിൻ്റേത്. കേരളം ഉണ്ടെന്ന് കാണിക്കാനാണ് കടലാമ പരിശോധന പദ്ധതിയെന്നും അദ്ദേഹം വിമർശിച്ചു. എയിംസ് എങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
"എയിംസുമില്ല ഇല്ല അതിവേഗ റെയിൽപാതയുമില്ല കേരളത്തിന് ആശ്വാസകരമായ ഒരു പദ്ധതിയും ബജറ്റിൽ ഇല്ല" എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളും തെരഞ്ഞെടുപ്പിന് ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോദിയും പറഞ്ഞത് 'വികസിത കേരളം' എന്നാണ്. എന്നാൽ അതിനായുള്ള ഒരു പ്രവർത്തിയും ഉണ്ടായിട്ടില്ല. മനഃപൂർവം കേരളത്തിനെ ഉപേക്ഷിച്ചതാണെന്ന് ഈ ബജറ്റ് പ്രഖ്യാപനം കാണിച്ചുതരുന്നു. ഇതിൽ പ്രതിഷേധം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. "വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലെന്നാണ് ബജറ്റിലൂടെ വ്യക്തമായിരിക്കുന്നത്. സംസ്ഥാന സർക്കാർ 10 വർഷം കൊണ്ട് റബ്ബറിൻ്റെ താങ്ങുവില 50 രൂപ മാത്രമാണ് ഉയർത്തിയത്. കേന്ദ്രവും സംസ്ഥാനവും കർഷകരെ സഹായിക്കുന്നില്ല. ധാതു ഇടനാഴി പ്രഖ്യാപനം കേരളത്തിലെ ധാതു സമ്പത്ത് കോർപറേറ്റുകൾക്ക് കൊടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് " അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാനവുമായി കൂടിയാലോചിച്ചു വേണം ഇക്കാര്യത്തിൽ നയരൂപീകരണം നടത്താൻ.കേരളത്തിലെ ധാതു സമ്പത്തിൽ പലരും കണ്ണ് വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.