'ഒരു സ്ത്രീയോടും ഇങ്ങനെ പെരുമാറരുത്'; നിയമ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ യു. പ്രതിഭ

'ഒരു സ്ത്രീയോടും ഇങ്ങനെ പെരുമാറരുത്'; നിയമ നടപടി സ്വീകരിക്കുമെന്ന്  എംഎല്‍എ യു. പ്രതിഭ

ആലപ്പുഴ: യുഡിഎഫ് കണ്‍വെന്‍ഷനില്‍ വ്യക്തിപരമായി അധിക്ഷേപിച്ച മുസ്ലീം ലീഗ് നേതാവിന്റെ പരാമര്‍ശത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കായംകുളം എംഎല്‍എ യു പ്രതിഭ. പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് മുസ്ലീംലീഗ് നേതാവും കായംകുളത്തെ യുഡിഎഫ് കണ്‍വീനറുമായ എ ഇര്‍ഷാദ് നടത്തിയ ഖേദ പ്രകടനം അംഗീകരിക്കാന്‍ കഴിയില്ല. പൊതു പ്രവര്‍ത്തന രംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നതിനെ സ്ത്രീവിരുദ്ധ നിലപാടുകളിലൂടെ തടയാന്‍ കഴിയില്ല. തനിക്കെതിരായ പരാമര്‍ശങ്ങളില്‍ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കുമെന്നും യു പ്രതിഭ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.ആക്ഷേപങ്ങള്‍, മാനസികമായി വേദനിപ്പിച്ചു. വ്യക്തിപരമായും കുടുംബത്തെയും ആക്ഷേപിക്കുന് നടപടികള്‍ രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കുന്നതല്ല. നിരവധി സ്ത്രീകള്‍ പൊതുരംഗത്തേക്ക് കടുന്നു വരുന്ന സമയമാണ്. ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ത്തി സ്ത്രീ മുന്നേറ്റത്തെ തടയാന്‍ സാധിക്കില്ലെന്നും പ്രതിഭ പറഞ്ഞു. കാമറകള്‍ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ടായിരുന്നു യു പ്രതിഭയുടെ പ്രതികരണം. കായംകുളത്തെ ജനങ്ങളുടെ ഹൃദയത്തിലാണ് ഞങ്ങളുടെ സ്ഥാനം. ഇടതുപക്ഷത്തിന്റ വികസന പ്രവര്‍ത്തനങ്ങളില്‍ നിരാശപൂണ്ടാണ് ഇത്തരം പ്രതികരങ്ങള്‍ ഉണ്ടാകുന്നതെന്നും പ്രതിഭ ആരോപിച്ചു. നിരവധി മുതിർന്ന നേതാക്കളും സ്ത്രീകളും ഉണ്ടായിരുന്ന വേദിയില്‍ ആരും  ലീഗ് നേതാവിനെ തിരുത്താൻ മുതിരാതിരുന്നത് ഞെട്ടിട്ടിക്കുന്നതാണെന്നും പ്രതിഭ പറഞ്ഞു


"ഇത്  പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ത്രീകളോടുമുള്ള അധിക്ഷേപം ": മുഖ്യമന്ത്രി 

കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്‌ക്കെതിരെ മുസ്ലീം ലീഗ് നേതാവ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുപ്രവര്‍ത്തകയായതിനാല്‍ ഒരു വനിതയെ ഹീനമായ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകര്‍ച്ചയാണെന്നും മുഖ്യമന്ത്രിയുടെ പ്രതികരിച്ചു. 

"യു പ്രതിഭ എംഎല്‍എ പ്രതിഭ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാലാണ് വലതുപക്ഷം വ്യക്തിഹത്യയിലേക്ക് നീങ്ങുന്നത്. ''അവള്‍ക്കൊപ്പം'' എന്ന് ആവര്‍ത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേര്‍വിപരീത സമീപനം അവരുടെ കാപട്യമാണ്. ഇത് തുറന്നുകാട്ടപ്പെടണം. ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണമല്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായി കാണാതെ അവരെ അവഹേളിക്കുന്ന ജീര്‍ണ്ണമായ രാഷ്ട്രീയ മനോഭാവമാണ് ലീഗ് നേതാവിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്." മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു