ഒടുവിൽ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ! പിടിയിലാകുന്നത് വാഹനപരിശോധനയ്ക്കിടെ

തെങ്കാശി: നവംബർ മൂന്നിന് രാത്രി തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ. തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലായത്. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകൻ. ഇയാൾക്കായി വ്യാപക തിരച്ചിൽ നടത്തി വരികയായിരുന്നു പൊലീസ്.
ബാലമുരുകൻ തെങ്കാശിയിൽ എത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന ഊർജിതമാക്കിയിരുന്നു. ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ച് ബാലമുരുകൻ ഭാര്യയെ കാണാൻ വീട്ടിലും എത്തിയിരുന്നെങ്കിലും പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിൻ മുകളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു ബാലമുരുകൻ. ഇതിനിടെ ബാലമുരുകനെ കാണാത്തതിനെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ഇയാൾ എത്തുമെന്ന കണക്ക് കൂട്ടലിൽ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു.എന്നാൽ അയാൾ ആശുപത്രിയിൽ എത്തിയിരുന്നില്ല. ഇപ്പോൾ അപ്രതീക്ഷിതമായി വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലാവുന്നത് . കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം ബാലമുരുകനെ വിയ്യൂരിലേക്ക് എത്തിക്കും.
ബാലമുരുകനെതിരെ തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കഴിഞ്ഞ മേയിൽ തമിഴ്നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായി രീതിയിൽ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്.