നവംബർ 1 കേരളത്തിൻ്റെ മാത്രം ജന്മദിനമല്ല

മുംബൈ : ഭാഷയുടെ അടിസ്ഥാനത്തില്‍ 'കേരളം 'എന്ന സംസ്ഥാനം രൂപീകരിക്കപ്പെട്ട ദിനമാണ് നവംബർ 1 കേരളത്തോടൊപ്പം രാജ്യത്തെ എട്ട് സംസ്ഥാനങ്ങളും ഇതേ രീതിയിൽ സംസ്ഥാനമായി രൂപാന്തരപ്പെട്ടിട്ടുണ്ട് . അവിടേയും ആഘോഷങ്ങൾ നടക്കുന്നുണ്ട് .പക്ഷെ ഈ സംസ്ഥാനങ്ങൾക്ക് അതിദാരിദ്ര്യത്തിൽ നിന്നും മുക്തിനേടാൻ സാധിച്ചിട്ടില്ലാ എന്നുമാത്രം . കേരളത്തിന്റെ ആഘോഷം വ്യത്യസ്തമാകുന്നത് അതുകൊണ്ടാണ് . ആന്ധ്രാപ്രദേശ്, ഛത്തീസ്‌ഗഢ്, ഹരിയാന, കർണാടക, കേരളം, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും അഞ്ച് കേന്ദ്ര ഭരണപ്രദേശങ്ങളുമാണ് ഇന്ന് സംസ്ഥാന രൂപീകരണ ദിനമായി ആഘോഷിക്കുന്നത് .അവർക്കും ഐക്യത്തിൻ്റേയും പുരോഗതിയുടേയുംഅതോടൊപ്പം സ്‌മരണകളെയും തൊട്ട് ഉണർത്തുന്ന ആഘോഷമാണ് ഇന്ന്.ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ചണ്ഡീഗഢ്, ഡൽഹി, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവയാണ് അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങൾ. 1956-ലെ സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം ഭാഷയുടേയും സാംസ്‌കാരിക സ്വത്വത്തിൻ്റേയും അടിസ്ഥാനത്തിൽ ഈ സംസ്ഥാനങ്ങൾ രൂപം കൊണ്ടു.
ആന്ധ്രാപ്രദേശ്
പോറ്റി ശ്രീരാമലുവിൻ്റെ കാലങ്ങളായുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ 1 ന് ഹൈദരാബാദ് സംസ്ഥാനം വിഭജിക്കപ്പെടുകയും തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങൾ ഒന്നിച്ച് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകരിക്കപ്പെട്ടു. ഇത് വലിയ ഒരു മാറ്റത്തിന് തുടക്കമിട്ടു. ഒരുപാട് സംസ്ഥാനങ്ങൾ പിന്നീട് ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടു.
കർണാടക
മുൻ കാലത്ത് മൈസൂർ എന്നാണ് കർണാടക അറിയപ്പെട്ടിരുന്നത്, പിന്നീട് 1956 നവംബർ 1-ന് കന്നഡ സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും സംയോജിപ്പിച്ച് കർണാടക സംസ്ഥാനമായി മാറി. എല്ലാ വർഷവും ഈ ദിവസം കർണാടക ഉത്സവമായി ആഘോഷിക്കുന്നു. സംസ്ഥാനത്തിൻ്റെ പാരമ്പര്യവും സംസ്‌കാരവും പ്രദർശിപ്പിക്കുന്ന വ്യത്യസ്‌ത പരിപാടികൾ ബെംഗളൂരുവിലും മൈസൂരുവിലും സംഘടിപ്പിക്കുന്നു.
തമിഴ്‌നാട്
മദ്രാസ് എന്നറിയപ്പെട്ടിരുന്ന തമിഴ്‌നാട് 1956 നവംബർ 1 നാണ് രൂപീകൃതമായത്. 1967 ജൂലൈ 18 ന് തമിഴ്‌നാടായി പുനർനാമകരണം ചെയ്‌തു. ശക്തമായ ഭാഷയും സംസ്‌കാരവും നിലനിൽക്കുന്ന സംസ്ഥാനം കൂടിയാണ് തമിഴ്‌നാട്.
മധ്യപ്രദേശ്
മധ്യ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന മധ്യപ്രദേശ് 1956 നവംബർ 1 ന് തന്നെയാണ് രൂപീകൃതമായത്. രാജ്യ പുരോഗതിയ്‌ക്ക് വേണ്ടി ഒരുപാട് സംഭവനകൾ നൽകിയ സംസ്ഥാനം കൂടിയാണ് മധ്യപ്രദേശ്. മധ്യപ്രദേശിൽ നിന്ന് വേർപെടുത്തി 2000 നവംബർ 1 ന് രൂപീകരിച്ച പുതിയ സംസ്ഥാനങ്ങളിൽ ഒന്നാണ് ഛത്തീസ്‌ഗഢ്. ധാതുക്കൾ, വനങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഛത്തീസ്‌ഗഢ്.
പഞ്ചാബ്
1966 നവംബർ 1-ന് പഞ്ചാബും ഹരിയാനയും രൂപീകൃതമായി. പഞ്ചാബി സംസാരിക്കുന്നവർക്ക് സ്വന്തം സംസ്ഥാനം വേണം എന്ന ആവശ്യമുയർന്നതിനാൽ പഞ്ചാബ് രൂപീകരിക്കപ്പെട്ടു, അതേസമയം ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങൾക്കായി ഹരിയാന രൂപീകൃതമായി. കായിക മേഖലയിൽ ഹരിയാന മികച്ച നേട്ടമാണ് കൈവരിക്കുന്നത്.പ്രാദേശിക പൈതൃകത്തെയും വൈവിധ്യത്തെയും പ്രതിനിധീകരിച്ചുകൊണ്ട് ഓരോ കേന്ദ്രഭരണപ്രദേശങ്ങളും ഇന്ന് രൂപീകരണദിനം ആഘോഷിക്കുന്നു. ഓരോ സംസ്ഥാനത്തിൻ്റേയും രൂപീകരണമാണ് ഇന്ത്യയുടെ ഭൂപട രൂപീകരണത്തിന് കാരണമായത്. സാമൂഹിക പ്രസ്ഥാനങ്ങളുടേയും ഭാഷാപരമായ പുനഃക്രമീകരണങ്ങളുടേയും ദിവസം കൂടിയാണ് ഇന്ന്.