പിഎം ശ്രീ പദ്ധതി: "ഇനി കേരളത്തിലും ഹെഡ്ഗേവാറിനെയും സവര്‍ക്കറിനെയും കുറിച്ചും പഠിപ്പിക്കേണ്ടി വരും": കെ. സുരേന്ദ്രൻ.

 പിഎം ശ്രീ പദ്ധതി: "ഇനി കേരളത്തിലും ഹെഡ്ഗേവാറിനെയും സവര്‍ക്കറിനെയും കുറിച്ചും പഠിപ്പിക്കേണ്ടി വരും": കെ. സുരേന്ദ്രൻ.

 തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഐയെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സിപിഐ കുരയ്ക്കും കടിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ നിലപാടില്ലാത്ത രാഷ്ട്രീയ പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നടക്കുന്നത് രാജ ഭരണമാണ്. കരാർ ഒപ്പിട്ടത് മന്ത്രിമാർ അറിയാത്തതിന് ബിജെപി അല്ല കുറ്റക്കാരെന്നും കരാർ ഒപ്പിട്ടത് എൽഡിഎഫ് കൺവീനർ പോയിട്ടാണെന്നും എം എ ബേബി പോലും അറിഞ്ഞിട്ടില്ലയെന്നും സുരേന്ദ്രൻ പറഞ്ഞു.പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതോടെ ഇനി കേരളത്തിലും ഹെഡ്ഗേവാറിനെയും സവര്‍ക്കറിനെയും കുറിച്ചും പഠിപ്പിക്കേണ്ടി വരുമെന്നും  കെ. സുരേന്ദ്രൻ. ദേശീയ വിദ്യാഭ്യാസ നയം (NEP) ഇനി പൂർണ്ണമായ അർത്ഥത്തിൽ സംസ്ഥാനത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഠിക്കാൻ ഇഷ്ടമില്ലാത്തവർ പോലും അത് പഠിക്കേണ്ടിവരുമെന്നും സുരേന്ദ്രൻ പരാമർശിച്ചു.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് ഇപ്പോൾ മനസ്സിലായെന്നും അതുപോലെ തന്നെ മുഖ്യമന്ത്രി പിണറായിക്കും അത് മനസ്സിലാകുമെന്ന് കരുതുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. 

ശാഖയിൽ പഠിപ്പിക്കേണ്ടത് സുരേന്ദ്രനും സംഘവും ശാഖയിൽ പഠിപ്പിച്ചാൽ മതി: എ ഐ എസ് എഫ്.

തിരുവനന്തപുരം :കേരളത്തിലെ പാഠ പുസ്തകങ്ങളിൽ ഹെഡ്ഗേവാറിനെയും സവർക്കറിനെയും കുറിച്ച് പഠിപ്പിക്കുമെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവന പുരോഗമന കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.കേരളത്തിലെ വിദ്യാലയങ്ങളിൽ പഠിപ്പിക്കേണ്ട സിലബസിനെ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കൃത്യമായ ധാരണയുണ്ടെന്നും ശാഖയിൽ പഠിപ്പിക്കേണ്ടത് സുരേന്ദ്രനും സംഘവും ശാഖയിൽ പഠിപ്പിച്ചാൽ മതിയെന്നും എ ഐ എസ് എഫ്.വിദ്യാർത്ഥി മനസ്സുകളിൽ ചരിത്രബോധം വികലമാക്കുക എന്ന  ലക്ഷ്യം മുൻ നിർത്തിചരിത്രപാഠപുസ്തകങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ തിരുകിക്കയറ്റി വിദ്യാര്‍ത്ഥി മനസ്സുകളില്‍ വര്‍ഗീയത പടര്‍ത്തുവാനുള്ള ആർ എസ് എസ് അജണ്ട കേരളത്തിൽ നടപ്പാക്കാമെന്ന് സുരേന്ദ്രനും ബിജെപിയും വ്യാമോഹിക്കേണ്ടെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ ബിബിൻ എബ്രഹാം, സെക്രട്ടറി എ അധിൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.