രാജ്യത്ത് കുട്ടികളെ കാണാതാവുന്ന കേസുകളിൽ വൻ വർധനവെന്ന് എൻആർസിബി റിപ്പോർട്ട്

രാജ്യത്ത് കുട്ടികളെ കാണാതാവുന്ന കേസുകളിൽ വൻ വർധനവെന്ന് എൻആർസിബി റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് കുട്ടികളെ കാണാതാവുന്ന കേസുകളിൽ വൻ വർധനവെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻ‌സി‌ആർ‌ബി) പുതിയ റിപ്പോർട്ട്. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അതേസമയം കാണാതായ കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ  കേരളത്തിനാണ് ഒന്നാംസ്ഥാനം .2023ൽ 18 വയസിന് താഴെയുള്ള കുട്ടികളെ ഏറ്റവും കൂടുതൽ കാണാതായ സംസ്ഥാനം പശ്ചിമ ബംഗാൾ ആണ്. മധ്യപ്രദേശും തമിഴ്‌നാടും തൊട്ടുപിന്നിലുണ്ട്. 2023 ൽ പശ്ചിമ ബംഗാളിൽ 14,667 കുട്ടികളെയും മധ്യപ്രദേശിൽ 12091 കുട്ടികളെയും തമിഴ്‌നാട്ടിൽ 7826 കുട്ടികളെയും കാണാതായതായി എൻ‌സി‌ആർ‌ബി ഡാറ്റ വെളിപ്പെടുത്തുന്നു. ഇത്തരം കേസുകളിൽ രാജ്യത്ത് 9.5 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി  റിപ്പോർട്ടിൽ പറയുന്നു. 2022-ൽ കാണാതായ 83,350 കുട്ടികളുടെ കണക്കിൽ നിന്നാണ് ഈ വർധനവ്.അതേസമയം കാണാതായ കുട്ടികളുടെ ദേശീയതലത്തിലുള്ള വീണ്ടെടുക്കൽ നിരക്ക് 65.9 ശതമാനമാണ്. ദേശീയ ശരാശരിയിൽ നിന്നും വളരെ ഉയർന്ന വീണ്ടെടുക്കൽ നിരക്കുമായി കേരളം ഒന്നാമതുണ്ട്. കേരളത്തിൽ കാണാതായ കേസുകളിൽ 95.9 ശതമാനവും വീണ്ടെടുത്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആന്ധ്രാപ്രദേശ് 85.7 ശതമാനം, തമിഴ്‌നാട് 80.3 ശതമാനം, മധ്യപ്രദേശ് 69.8 ശതമാനം എന്നിങ്ങനെയാണ് പുറകെയുള്ള കണക്കുകള്‍.

2023-ൽ കേരളത്തിൽ കാണാതായ 2352 കുട്ടികളിൽ 2369 പേരെയും കണ്ടെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. കേസ് രജിസ്റ്റർ ചെയ്യാത്ത കാണാതായ കുട്ടികളിലും നിരവധി പേരെ കണ്ടെത്തിയിട്ടുണ്ട്. മുമ്പത്തെ വർഷങ്ങളിൽ കാണാതായ കുട്ടികളുടെ വീണ്ടെടുക്കലും ഡാറ്റയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023ൽ കാണാതായ 4433 പേരിൽ 4331 പേരെ ആന്ധ്രാ പ്രദേശിലും 8233 കുട്ടികളിൽ 7826 പേരെ തമിഴ്‌നാട്ടിലും കണ്ടെത്തി.2022-ൽ 2,250 മനുഷ്യക്കടത്ത് കേസുകള്‍ രജിസ്റ്റർ ചെയ്‌ത സ്ഥാനത്ത് 2023ൽ 2,183 കേസുകള്‍ മാത്രമാണ് രജിസ്‌റ്റർ ചെയ്‌തത്. ഇത് 3.0 ശതമാനം കുറവാണ് കാണിക്കുന്നത്. ഈ കേസുകളിലായി 2023-ൽ ആകെ 6,288 ഇരകളെ മനുഷ്യക്കടത്തിന് വിധേയമാക്കിയതായി റിപ്പോർട്ട് ചെയ്‌തു. ഇതിൽ 2,687 കുട്ടികളും 3,601 മുതിർന്നവരും ഉള്‍പ്പെടുന്നു.