സുകുമാരൻ നായരുടെ നിലപാട് സമുദായത്തിന് വലിയ ആത്മബലം നൽകി :വെള്ളാപ്പള്ളി, സ്വാഗതം ചെയ്‌ത് സുകുമാരൻ നായർ

സുകുമാരൻ നായരുടെ നിലപാട് സമുദായത്തിന് വലിയ ആത്മബലം നൽകി :വെള്ളാപ്പള്ളി, സ്വാഗതം ചെയ്‌ത്  സുകുമാരൻ നായർ

ആലപ്പുഴ/കോട്ടയം: ഹിന്ദു ഐക്യമെന്ന ആശയത്തോട് പൂർണമായും യോജിക്കുന്നതായും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാട് സമുദായത്തിന് വലിയ ആത്മബലം നൽകിയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി സുകുമാരൻ നായരും അറിയിച്ചു. ഹിന്ദു സമുദായത്തിലെ പ്രബലമായ രണ്ട് വിഭാഗങ്ങൾ എന്ന നിലയിൽ ഇരു സംഘടനകളും ഒന്നിച്ചുനിൽക്കേണ്ടത് അനിവാര്യമാണെന്നാണ് ഇരുവരും ചൂണ്ടിക്കാട്ടുന്നത്.

എസ്എൻഡിപി യോഗവുമായുള്ള ചർച്ചകൾക്ക് ശേഷം പെരുന്നയിൽ ഡയറക്ടർ ബോർഡ് യോഗം വിളിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് സുകുമാരൻ നായർ അറിയിച്ചു. എസ്എൻഡിപി യോഗവും എൻഎസ്എസും തമ്മിൽ ഇനി ഒരിക്കലും ഭിന്നതയുണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ ഉറപ്പുനൽകി. 1976ലും 2005ലും 2012ലും നടന്ന ഐക്യശ്രമങ്ങൾ പരാജയപ്പെട്ട ചരിത്രമുണ്ടെങ്കിലും പഴയ പിഴവുകൾ തിരുത്തി മുന്നോട്ടുപോകാനാണ് നിലവിലെ തീരുമാനം.ഇരു സംഘടനകളും അവരവരുടെ സ്വത്വം നിലനിർത്തിക്കൊണ്ടുതന്നെ സുപ്രധാന വിഷയങ്ങളിൽ പരസ്പരം ആലോചിച്ച് തീരുമാനമെടുക്കും. പരസ്പരം ആലോചിക്കാതെ ഇനി ഒരു തീരുമാനവും ഉണ്ടാകില്ലെന്ന വെള്ളാപ്പള്ളിയുടെ നിലപാടിനെ സുകുമാരൻ നായരും സ്വാഗതം ചെയ്തു. മുൻകാലങ്ങളിൽ സംവരണ വിഷയത്തിലായിരുന്നു പ്രധാനമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതെന്നും എന്നാൽ ഇപ്പോൾ അതൊരു വിഷയമല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ജാതി സെൻസസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എൻഎസ്എസിൻ്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.തുഷാർ വെള്ളാപ്പള്ളിയെ എൻഡിഎ ഘടകകക്ഷി നേതാവായല്ല, മറിച്ച് വെള്ളാപ്പള്ളിയുടെ മകനായാണ് കാണുന്നതെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. തുടർനടപടികൾ ആലോചിക്കുന്നതിനായി തുഷാർ വെള്ളാപ്പള്ളി സുകുമാരൻ നായരെ നേരിൽ കാണും. എറണാകുളത്ത് വച്ച് താൻ ഈ വിഷയം പരാമർശിച്ചപ്പോൾ സുകുമാരൻ നായർ സ്വാഗതം ചെയ്തതായും മുഖ്യമന്ത്രിയുടെ കാറിൽ കയറിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി പരസ്യമായി പിന്തുണ നൽകിയത് വലിയ ആശ്വാസവും ശക്തിയും നൽകിയെന്നും വെള്ളാപ്പള്ളി സ്മരിച്ചു.ഒരു സമുദായത്തോടും വിരോധമില്ലെന്നും നായാടി മുതൽ നസ്രാണി വരെ നീളുന്ന സമാന ചിന്താഗതിക്കാരായ എല്ലാവരെയും ഉൾക്കൊള്ളിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മുസ്‌ലിം ലീഗ് ഭരണത്തിലിരുന്നപ്പോൾ കാണിച്ച വിവേചനത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും അതിനെ മുസ്‌ലിം വിദ്വേഷമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. താൻ നടത്തിയ പരാമർശങ്ങളെ വളച്ചൊടിച്ച് അത് മുസ്‌ലിം സമുദായത്തോടുള്ള വിദ്വേഷമായി ചിത്രീകരിക്കുന്നതിനോട് ശക്തമായ വിയോജിപ്പുണ്ട്. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാ സമുദായങ്ങളോടും സൗഹാർദത്തോടും സമന്വയത്തോടും കൂടി മുന്നോട്ട് പോകാനാണ് എസ്എൻഡിപി ആഗ്രഹിക്കുന്നത്.

വിഡി സതീശൻ പുകഞ്ഞ കൊള്ളി. അദ്ദേഹത്തെ പുറത്തിട്ടുകഴിഞ്ഞെന്നും വെള്ളാപ്പള്ളി

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഇരു നേതാക്കളും രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സതീശൻ പുകഞ്ഞ കൊള്ളിയാണെന്നും അദ്ദേഹത്തെ പുറത്തിട്ടുകഴിഞ്ഞെന്നും അതിനാൽ തങ്ങളുടെ മുന്നിൽ അദ്ദേഹം ഒരു ചർച്ചാവിഷയമേ അല്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എകെ ആൻ്റണി, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ തുടങ്ങിയവരെപ്പോലെ സമുദായങ്ങളെക്കുറിച്ച് സതീശന് ധാരണയില്ല. വിഡി സതീശന് അനുകൂലമായി വന്ന സർവേ ഫലങ്ങൾ ശരിയാകാറില്ലെന്നും തെരഞ്ഞെടുപ്പിനെക്കുറിച്ച് വിലയിരുത്താൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിനെ സഹായിക്കാനാണ് ഈ നീക്കമെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.സതീശൻ അത്ര വലിയ സംഭവമൊന്നുമല്ലെന്നും അദ്ദേഹത്തെ അമിതമായി ഉയർത്തിക്കാട്ടേണ്ട കാര്യമില്ലെന്നും സുകുമാരൻ നായരും പ്രതികരിച്ചു. കെപിസിസി പ്രസിഡൻ്റിനെ പോലുള്ളവരെ ഉയർത്തിക്കാട്ടുന്നതിന് പകരം സതീശന് എന്തിനാണ് ഇത്ര പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു. കെഎം ഷാജിയെപ്പോലുള്ളവരുടെ പരാമർശങ്ങൾ ആരും വിമർശിക്കുന്നില്ലെന്നും എന്നാൽ വെള്ളാപ്പള്ളിയെപ്പോലുള്ളവർക്കെതിരെ വർഗീയത ആരോപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 മന്ത്രി സജി ചെറിയാന്  പിന്തുണ 

മന്ത്രി സജി ചെറിയാൻ ഭരണഘടനാ വിഷയത്തിൽ നടത്തിയ പ്രസ്താവന ഹൃദയത്തിൽ തട്ടിയ സത്യമാണെന്നും അതിൽ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. വോട്ട് ലക്ഷ്യമിടുന്ന രാഷ്ട്രീയക്കാരനായതുകൊണ്ടാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. താനായിരുന്നെങ്കിൽ ഒരിക്കലും അതിൽ ഖേദം പ്രകടിപ്പിക്കില്ലായിരുന്നുവെന്നും സത്യം പറഞ്ഞതിൻ്റെ പേരിൽ ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സന്ധ്യാസമയത്ത് ചാനൽ ചർച്ചകളിൽ വന്നിരുന്ന് പൗഡറുമിട്ട് തോന്നിയതൊക്കെ വിളിച്ചുപറയുന്നവർക്ക് മറുപടി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.

എൻഎസ്എസ് - എസ്എൻഡിപി ഭായ്   ഭായ് 

രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കാലത്ത് വർഗീയ ആരോപണങ്ങൾ ഉയരുന്നതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അത് മാറുമെന്നും എന്നാൽ എസ്എൻഡിപിയുമായുള്ള ഐക്യം തുടരുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി. എസ്എൻഡിപിക്ക് അവരുടെ രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോകാമെന്നും എൻഎസ്എസ് സമദൂര സിദ്ധാന്തത്തിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊടിക്കുന്നിൽ സുരേഷ് എംപി തന്നെ വന്ന് കണ്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വന്നതും പോയതുമൊക്കെ ചാനലിലൂടെ അറിഞ്ഞെന്നും നേരിട്ട് വിളിച്ചു സംസാരിച്ചപ്പോൾ മറുപടി നൽകിയെന്നും സുകുമാരൻ നായർ വ്യക്തമാക്കി. മുസ്‌ലിം ലീഗിന് എത്ര മന്ത്രിസ്ഥാനം നൽകുന്നതിലും തങ്ങൾക്ക് എതിർപ്പില്ലെന്നും എൻഎസ്എസിന് മന്ത്രിസ്ഥാനങ്ങളൊന്നും ആവശ്യമില്ലെന്നും സുകുമാരൻ നായർ അറിയിച്ചു. മാറി മാറി വരുന്ന സർക്കാരുകളിൽ നിന്ന് നിയമപരമായി ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ മാത്രമേ ചോദിക്കാറുള്ളൂവെന്നും അനാവശ്യമായ ആവശ്യങ്ങൾ ഉന്നയിച്ചോ ആനുകൂല്യങ്ങൾ ചോദിച്ചോ ഒരു സർക്കാരിൻ്റെയും പടിക്കൽ പോയി യാചിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.