സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാരുടെ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: സ്വകാര്യ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് നഴ്‌സുമാരുടെ പണിമുടക്ക് ആരംഭിച്ചു. മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സമരം നടത്തുന്നത്. ഇതിൻ്റെ ഭാഗമായി നഴ്‌സുമാർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.വേതന വർധന ഉറപ്പാക്കുമെന്ന സർക്കാരിൻ്റെ വാഗ്ദാനം അടിയന്തരമായി നടപ്പാക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണെന്ന് യുഎൻഎ നേതൃത്വം വ്യക്തമാക്കി. സംസ്ഥാനത്തെ 490 ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് ഡ്യൂട്ടി പൂർണമായും ബഹിഷ്കരിക്കുന്നത്. ചെറിയ ക്ലിനിക്കുകൾ മുതൽ വൻകിട മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനത്തെ പണിമുടക്ക് ബാധിക്കും.
സമരം പൂർണമാണെങ്കിലും രോഗികളുടെ ജീവന് ഭീഷണിയാകുന്ന നടപടികൾ ഉണ്ടാകില്ലെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കാഷ്വാലിറ്റി, തീവ്രപരിചരണ വിഭാഗം (ഐസിയു), വെൻ്റിലേറ്റർ യൂണിറ്റുകൾ, ഡയാലിസിസ് സെൻ്ററുകൾ, ലേബർ റൂം, അത്യാവശ്യ ജീവൻരക്ഷാ ശസ്ത്രക്രിയകൾ എന്നിവയെ സമരത്തിൽനിന്ന് പൂർണമായും ഒഴിവാക്കി.അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് നഴ്‌സുമാരെ ഈ വിഭാഗങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഒപി വിഭാഗം, വാർഡുകൾ എന്നിവയുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലാണ്. പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനും വലിയ നിയന്ത്രണങ്ങളുണ്ട്. യൂണിഫോം അണിഞ്ഞ് ഡ്യൂട്ടി ബഹിഷ്കരിച്ച നഴ്‌സുമാർ ആശുപത്രികൾക്ക് മുന്നിൽ പ്ലക്കാർഡുകളേന്തി പ്രതിഷേധിക്കും. മുൻകൂട്ടി നിശ്ചയിച്ച സാധാരണ ശസ്ത്രക്രിയകൾ മാറ്റിവച്ചതും ഒപി വിഭാഗം പ്രവർത്തിക്കാത്തതും ദൂരസ്ഥലങ്ങളിൽനിന്നെത്തുന്ന രോഗികളെ ബാധിക്കും. ഗ്രാമപ്രദേശങ്ങളിലെ ക്ലിനിക്കുകളെയും നഗരങ്ങളിലെ വൻകിട ആശുപത്രികളെയും സമരം ഒരുപോലെ ബാധിച്ചേക്കും.നഴ്‌സുമാരുടെ ആവശ്യങ്ങൾ ഒറ്റയടിക്ക് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെൻ്റുകൾ. വേതനം കുത്തനെ വർധിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഇത് മറികടക്കാൻ കിടക്കവാടക ഉൾപ്പെടെയുള്ള ചികിത്സ ചെലവുകൾ ജനങ്ങളിൽനിന്ന് അധികമായി ഈടാക്കേണ്ടിവരുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.