പഞ്ചായത്ത് പ്രസിഡന്റ് മുതൽ ദേവസ്വം ബോർഡ് പ്രസിഡന്റ് വരെ...എൻ വാസു ഇനി ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ വാസു റിമാൻഡിൽ. ഗുരുതര കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും ഇതുവഴി ബോർഡിന് നഷ്ടമുണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.കട്ടിളപ്പാളിയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് മൂന്നാം പ്രതിയായ എൻ വാസുവിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോടതിയാണ് എൻ വാസുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വാസുവിവനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളും ആദ്യ ഉന്നതനുമാണ് എൻ വാസു.
സ്വർണം പൊതിഞ്ഞ പാളികൾ എന്നത് രേഖയിൽനിന്ന് ഒഴിവാക്കി ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തിയാണ് നവീകരണത്തിന് ശുപാർശ നൽകിയതെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ എൻ വാസു ഇടപെടൽ നടത്തിയെന്നും എസ്ഐടി കോടതിയിൽ അറിയിച്ചു. ഇനി എസ്ഐടി പറയുന്നു.ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപ്പട്ടികയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് ഇന്ന് അറസ്റ്റിലായ എൻ വാസു. രണ്ട് തവണ ദേവസ്വം കമ്മീഷണറും രണ്ടുവർഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ വാസുവിന്റെ അറസ്റ്റോടെ കേസിന് പുതിയ മാനം കൈവന്നിരിക്കുകയാണ്. അറസ്റ്റിലേക്ക് നയിച്ചത് മുരാരി ബാബുവിന്റെയും സുധീഷ് കുമാറിന്റയും മൊഴികളാണ്.
പഞ്ചായത്ത് പ്രസിഡന്റ് മുതൽ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വംകമ്മീഷണർ പദവിയിലുമെത്തിയ സേവന തൽപ്പരത
കൊല്ലം കുളക്കട സ്വദേശിയും അഭിഭാഷകനുമാണ് വാസു .1979ൽ തദ്ദേശ തിരഞ്ഞെടുപ്പില്‍ കന്നി മത്സരത്തിനിറങ്ങി.കൊല്ലം ജില്ലയിലെ കുളക്കട പഞ്ചായത്തിലെ പൂവറ്റൂർ കിഴക്ക് വാർഡിൽ നിന്ന് സിപിഎം ടിക്കറ്റിൽ ജയം.27-ാമത്തെ വയസിൽ കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദത്തിൽ. 1988ൽ വീണ്ടും ഇവിടെ പഞ്ചായത്ത് പ്രസിഡന്റായി.2006-11 കാലത്ത് എക്സൈസ് മന്ത്രി പി കെ ഗുരുദാസന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി.അതിനുശേഷം 2010 നവംബർ 10 ന് ദേവസ്വം കമ്മീഷണറായി. 2018 ഫെബ്രുവരി 2ന് വീണ്ടും ദേവസ്വം കമ്മീഷണറായി.രണ്ട് തവണ ദേവസ്വം കമ്മീഷണർ സ്ഥാനത്തെത്തുന്ന ആദ്യത്തെയാൾ. 2019 നവംബറിൽ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. കമ്മീഷണർ സ്ഥാനത്ത് നിന്നിറങ്ങി 7 മാസത്തിനുശേഷമായിരുന്നു ഇത്.ദേവസ്വം കമ്മീഷണർ സ്ഥാനത്ത് നിന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പദത്തിലേക്കെത്തുന്ന ആദ്യത്തെയാളും വാസുവാണ്.2019 ഡിസംബർ 9ന് ഉണ്ണികൃഷ്ണൻ വിവാദ ഇ-മെയിൽ അയച്ചപ്പോൾ ദേവസ്വം പ്രസിഡന്റായിരുന്നു വാസു.സ്വര്‍ണപ്പാളികൾ ചെമ്പുപാളികളെന്നാക്കിയ കേസിലെ മൂന്നാം പ്രതി. ഒടുവിൽ ശബരിമല സ്വർണമോഷണ കേസിൽ അഞ്ചാമനായി 2025 നവംബർ 11 ന് അറസ്റ്റ് ചെയ്യപ്പെടുന്നു.ഇനി ജയിലിലേയ്ക്ക്