വനിത കമ്മിഷൻ അധ്യക്ഷയ്ക്കും 'അശ്ലീലസന്ദേശം'; പ്രതി ഒടുവിൽ കുടുങ്ങി

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് വാട്‌സാപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച കേസിൽ പ്രതി അറസ്റ്റിൽ. തളിപ്പറമ്പ് മുയ്യം സ്വദേശി പുത്തൻവീട്ടിൽ ജഗദീഷ് (37) നെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്‌തത്. വനിതാ കമ്മിഷൻ അധ്യക്ഷയുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.രണ്ട് മാസമായി പ്രതി നിരന്തരം അശ്ലീല ഫോട്ടോകളും വീഡിയോകളും അയയ്ക്കുകയായിരുന്നുവെന്നും രണ്ടാഴ്ച മുൻപാണ് താൻ പോലീസിൽ പരാതി നൽകിയതെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി ഇടിവി ഭാരതിനോട് പറഞ്ഞു. പരിചയക്കാരിൽ നിന്നാണ് പ്രതി അധ്യക്ഷയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചതെന്ന് സിറ്റി സൈബർ ക്രൈം പോലീസ് എസിപി ഷാജി പറഞ്ഞു.പ്രതിക്ക് വനിതാ കമ്മിഷൻ അധ്യക്ഷയുമായി മുൻപരിചയമോ മറ്റ് പ്രശ്‌നങ്ങളോ ഇല്ല. എന്തിനാണ് ഇത്തരത്തിൽ സന്ദേശങ്ങൾ അയച്ചതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ലെങ്കിലും പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് നിരവധി സ്ത്രീകൾക്ക് സമാനമായ ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സമീപവാസികളായ സ്ത്രീകൾക്കും ഇയാൾ ശല്യമുണ്ടാക്കിയിരുന്നു.