പിക്കപ്പ് വാനിന് മുകളിൽ ഗർഡറുകൾ വീണ് ഒരു മരണം

ആലപ്പുഴ: അരൂർ-തുറവൂർ ഉയരപാത നിർമാണ മേഖലയിൽ പിക്കപ്പ് വാനിന് മുകളിൽ ഗർഡറുകൾ വീണ് ഒരു മരണം. ഡ്രൈവറായ പത്തനംതിട്ട സ്വദേശി രാജേഷാണ് മരിച്ചത്. ഇന്ന് (നവംബര്‍ 13) പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
ഓടിക്കൊണ്ടിരുന്ന വാനിന് മുകളിലേക്കായിരുന്നു ഗർഡർ വീണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രാജേഷിൻ്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.തമിഴ്‌നാട്ടിൽ നിന്നും മുട്ട കയറ്റി വരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്ത് നിന്നും ലോഡ് ഇറക്കി ആലപ്പുഴയിലേക്ക് തിരികെ മടങ്ങുമ്പോഴാണ് അപകടം. സ്ഥിരമായി ഓടിക്കുന്ന ഡ്രൈവർ ഇല്ലാത്തതിനാൽ പകരം വണ്ടി ഓടിക്കാനെത്തിയ ഡ്രൈവറായിരുന്നു രാജേഷ്.ഗർഡർ മാറ്റാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഇതേ തുടർന്ന് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. രാജേഷിന് ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. കരാർ കമ്പനിയുടെ അനാസ്ഥ മൂലമാണ് ഇത്തരം ഒരു അപകടം ഉണ്ടായതെന്ന് വാഹനയുടമ പറഞ്ഞു.കരാർ കമ്പനിക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ വന്നിരിക്കയാണ്.