മഹാരാഷ്ട്രയിൽ വൈദ്യുതാഘാതമേറ്റ് ഒരു മരണം കൂടി

മഹാരാഷ്ട്രയിൽ വൈദ്യുതാഘാതമേറ്റ്  ഒരു മരണം കൂടി

സംഭാജിനഗർ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ കുടിവെള്ള വിതരണത്തിനിടെ ടാങ്കറിലേക്ക് വൈദ്യുതി ലൈൻ തട്ടി വയോധികന് ദാരുണാന്ത്യം ടാങ്കറിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന് വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പരിക്കേറ്റു. സംഭാജിനഗറിലെ പൈത്താൻ താലൂക്കിലെ പാച്ചോഡ് ഗ്രാമത്തിൽ ഇന്ന് നടന്ന സംഭവത്തിൽ  പാച്ചോഡ് സ്വദേശിയായ ശിവാജി സാഹേബ്‌റാവു ഭുംറെ (58) ആണ് മരണപ്പെട്ടത്.

പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതിനെ തുടർന്ന് ടാങ്കറിൽ വെള്ളം വിതരണം ചെയ്യുന്നതിനിടെയായിരുന്നു ദുരന്തം. ടാങ്കർ ഘടിപ്പിച്ച ട്രാക്ടർ മുന്നോട്ട് എടുക്കുന്നതിനിടെ, റോഡിന് കുറുകെ താഴ്ന്നു കിടന്നിരുന്ന അതിശക്തമായ ഹൈ-വോൾട്ടേജ് വൈദ്യുതി ലൈനിൽ ടാങ്കറിന്റെ മുകൾഭാഗം തട്ടുകയായിരുന്നു. ഇതോടെ ഇരുമ്പ് ടാങ്കറിലേക്കും ട്രാക്ടറിലേക്കും നിമിഷനേരം കൊണ്ട് ശക്തമായ രീതിയിൽ വൈദ്യുതി പ്രവഹിക്കുകയും വാഹനത്തിലുണ്ടായിരുന്ന ഇരുവർക്കും കടുത്ത ഷോക്കേറ്റ് തെറിച്ചുവീഴുകയുമായിരുന്നു. ശിവാജി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മനോജ് രാംനാഥ് ഭുംറെയ്ക്ക് നാട്ടുകാർ ചേർന്ന് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില വഷളായതിനെ തുടർന്ന് വിദഗ്ധ പരിചരണത്തിനായി ഛത്രപതി സംഭാജിനഗറിലെ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പാച്ചോഡ് പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു.  ഡോംബിവ്‌ലിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 24 വയസ്സുകാരി മരണപ്പെട്ടിരുന്നു. ഇതിനുപുറമെ താനെ ഭീവണ്ടിയിൽ സ്വീറ്റ് സ്റ്റാളിലെ ജീവനക്കാരനായ 26-കാരനും, മുംബ്രയിൽ കനത്ത മഴയ്ക്കിടെ പുറത്തിറങ്ങിയ 17 വയസ്സുകാരിയും സമാനമായ രീതിയിൽ വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞിരുന്നു. സംസ്ഥാനത്ത് മഴക്കാലത്തെ വൈദ്യുതി സുരക്ഷാ വീഴ്ചകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.