രാജ്യത്തെ ആദ്യ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളിലൊന്ന് തിരുവനന്തപുരത്ത് വരുന്നു

രാജ്യത്തെ ആദ്യ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളിലൊന്ന് തിരുവനന്തപുരത്ത് വരുന്നു

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളില്‍ ഒന്ന് തിരുവനന്തപുരത്ത് യാഥാര്‍ഥ്യമാകുന്നു. തിരുവനന്തപുരത്തെ ലോകനിലവാരമുള്ള സാങ്കേതിക-ഗവേഷണ ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപം അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചു.

യൂണിവേഴ്‌സിറ്റിയും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താമസിക്കുന്നതിനുള്ള കേന്ദ്രങ്ങളും അനുബന്ധ ജീവിത സാഹചര്യങ്ങളുമെല്ലാം ഒരു കുടക്കീഴില്‍ ഒത്തുചേരുന്നതാണ് ഈ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ്. 2024 മുതല്‍ തിരുവനന്തപുരത്തെ ഒരു ആഗോള സാങ്കേതിക ഹബ്ബാക്കി മാറ്റാന്‍ താന്‍ നടത്തിവരുന്ന നിരന്തര ശ്രമങ്ങളുടെ ഫലമായാണ് ഈ സ്വപ്ന പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. കേരളത്തിന്‍റെ ഭാവി വികസനത്തിനായി ഈ പദ്ധതിക്ക് അംഗീകാരവും നിക്ഷേപവും നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

തിരുവനന്തപുരം റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ക്ലസ്റ്ററിനൊപ്പം (T-RIC) ഈ പുതിയ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ് കൂടി എത്തുന്നതോടെ മലയാളി യുവാക്കളുടെ ഭാവി തന്നെ മാറ്റിമറിക്കാന്‍ പോകുന്ന വലിയൊരു വികസന-സാങ്കേതിക ശൃംഖലയ്ക്കാണ് തുടക്കമിടുന്നത്. ടി-റിക് പുതിയ ആശയങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും വഴിയൊരുക്കുമ്പോള്‍, യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ് അതിനെ വലിയ തലങ്ങളിലേക്ക് വളര്‍ത്തിയെടുക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കും. നമ്മുടെ സര്‍വ്വകലാശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ സംരംഭങ്ങള്‍, വിഴിഞ്ഞം തുറമുഖം എന്നിവയെല്ലാം കോര്‍ത്തിണക്കിയുള്ള വലിയൊരു വികസന മുന്നേറ്റത്തിനാണ് ഇത് വഴിയൊരുക്കുകയെന്നും അദ്ദേഹം അവകാശപ്പെടുന്നു.ടെക്നോളജി, ബയോടെക്, എഐ, ഡീപ് ടെക്, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഉയര്‍ന്ന ശമ്പളമുള്ള ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ ഇത് കാരണമാകും. ഇതോടെ നമ്മുടെ യുവതലമുറയ്ക്ക് നാടുവിട്ടുപോകാതെ സ്വന്തം നാട്ടില്‍ തന്നെ മികച്ചൊരു ഭാവി കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നും, എല്ലാവര്‍ക്കും വേണ്ടിയുള്ളൊരു വികസിത കേരളം കെട്ടിപ്പടുക്കുന്നതിന്‍റെ തുടക്കം മാത്രമാണിതെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.