മൂവാറ്റുപുഴയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

എറണാകുളം: മൂവാറ്റുപുഴയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കടാതി സെൻ്റ് പീറ്റേഴ്‌സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള കതിന നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് കടാതി സ്വദേശി രവി (70) മരിച്ചത്. കൂടെയുണ്ടായിരുന്ന ജെയിംസിന് (55) സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു. 70 ശതമാനത്തോളം പൊള്ളലേറ്റ ജെയിംസ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. പള്ളിയിൽ പെരുന്നാൾ കുർബാന നടന്നുകൊണ്ടിരുന്ന സമയത്താണ് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ സ്ഫോടനമുണ്ടായത്. കുർബാനയ്ക്ക് ശേഷം പൊട്ടിക്കാനായി കതിനയിൽ മരുന്ന് നിറയ്ക്കുന്നതിനിടെ സ്പാർക്ക് ഉണ്ടാവുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റ ജെയിംസ് പറഞ്ഞതായി വാളകം പഞ്ചായത്ത് പ്രസിഡൻ്റ് രജിത സുധാകരൻ പറഞ്ഞു. കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ജെയിംസുമായി നേരിട്ട് സംസാരിച്ചിരുന്നു. കൂടെയുണ്ടായിരുന രവി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. രണ്ടു പേരും ഈ പ്രദേശത്ത് തന്നെയുള്ളവരാണെന്നും രജിത പറഞ്ഞു.സ്ഫോടനത്തിൻ്റെ ആഘാതത്തിൽ കതിന നിറച്ചിരുന്ന കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. വിശ്വാസികളെല്ലാം പള്ളിക്കുള്ളിലായിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.
അപകടത്തെത്തുടർന്ന് ജനുവരി ആറാം തീയതി വരെ നിശ്ചയിച്ചിരുന്ന പെരുന്നാൾ ആഘോഷങ്ങൾ വെട്ടിക്കുറച്ചു. പെരുന്നാൾ സദ്യ ഉൾപ്പെടെയുള്ള പരിപാടികൾ ഒഴിവാക്കിയതായി പള്ളി അധികൃതർ അറിയിച്ചു.സഹായധനം പ്രഖ്യാപിച്ചു.മരിച്ച രവിയുടെ കുടുംബത്തിന് പള്ളി കമ്മിറ്റി ഒരു ലക്ഷം രൂപ ധനസഹായം നൽകും. രവിയുടെ മരണാനന്തര ചടങ്ങുകൾ പള്ളി ഏറ്റെടുക്കും.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജെയിംസിൻ്റെ ചികിത്സാച്ചെലവ് പൂർണമായും പള്ളി വഹിക്കുമെന്ന് വികാരി ഫാ. ബിജു വർക്കി കൊരട്ടിയിൽ അറിയിച്ചു.അതേസമയം സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. സ്ഫോടന വസ്തുക്കൾ കൈ കാര്യം ചെയ്തതിന് സംഘാടകർക്ക് അനുമതിയുണ്ടായിരുന്നോയെന്ന് പൊലീസ് പരിശോധിക്കും.